രാജ്യത്ത് കൊവിഡ് മരണം കുതിച്ചുയരുകയാണ്. കൊവിഡ് ബാധിതർ ഏഴര ലക്ഷത്തിലേക്കും. ലോകത്ത് കൊവിഡ് കേസുകൾ ദീർഘകാലം തുടരുമെന്നും വാക്സിനും മറ്റ് ചികിത്സാരീതികളും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയില്ലെങ്കിൽ ഇന്ത്യയിലെ സ്ഥിതി   രൂക്ഷമാകുമെന്നുമാണ് പുതിയൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 

2021-ഓടെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകൾ 2.87 ലക്ഷമാവാൻ സാധ്യതയുണ്ടെന്നാണ് ഈ റിപ്പോർട്ടില്‍ പറയുന്നത്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) ഗവേഷകരാണ് പഠനം നടത്തിയത്.  

84 രാജ്യങ്ങളിലെ കൊവിഡ് കേസുകളുടെ അടിസ്ഥാനത്തിലാണ് എംഐടി പഠനം നടത്തിയത്. 2021ഓടെ കൊവിഡ് ബാധ ഏറ്റവും രൂക്ഷമാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യത്തെ സ്ഥാനം പോലും ഇന്ത്യയാകാനുള്ള സാധ്യതയുണ്ടെന്നും പഠനം പറയുന്നു. 

അമേരിക്ക, ദക്ഷിണാഫ്രിക്ക, ഇറാൻ, ഇന്തോനേഷ്യ, യുകെ, നൈജീരിയ, തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളാവും കൊവിഡ് കേസുകളുടെ എണ്ണത്തിൽ അടുത്ത സ്ഥാനങ്ങളിൽ ഉണ്ടാവുക. കൊവിഡ് പരിശോധന കൂട്ടുകയും  ചികിത്സാരീതി മെച്ചപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ സ്ഥിതി രൂക്ഷമാവുമെന്നും പഠനം സൂചിപ്പിക്കുന്നു. 

അതേസമയം,  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി സ്ഥിരീകരിച്ചത് 22,752 കൊവിഡ് 19 കേസുകളാണ്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 7,42,417 ആയി.

Also : ഉറവിടമില്ലാത്ത കൊവിഡ് കേസുകളില്‍ 14 എണ്ണം പരിശോധനാപിഴവ്: ഗുരുതര കണ്ടെത്തലുകളുമായി അന്വേഷണ റിപ്പോര്‍ട്ട്...