ലോകത്തെയൊട്ടാകെ പിടിച്ചുകുലുക്കിക്കൊണ്ട് വ്യാപകമാകുന്ന കൊറോണ വൈറസ് എന്ന രോഗകാരിക്കെതിരെ വാക്‌സിന്‍ കണ്ടെത്താന്‍ ഇനിയും ഏറെ സമയമെടുക്കും എന്ന സാഹചര്യത്തില്‍ ബദല്‍ സാധ്യതകളന്വേഷിക്കുകയാണ് ഓരോ രാജ്യവും. ഇന്ത്യയിലും ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ മുന്നേറുക തന്നെയാണ്. 

മലേരിയയ്‌ക്കെതിരെ നല്‍കിവന്നിരുന്ന മരുന്നാണ് നിലവില്‍ ആഗോളതലത്തില്‍ തന്നെ കൊവിഡ് 19 ലക്ഷണങ്ങളെ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ ഉപയോഗിക്കപ്പെടുന്നത്. ഇതിന് പിന്നാലെ ഇപ്പോഴിതാ കുഷ്ഠരോഗത്തിന് നല്‍കിവരുന്ന വാക്‌സിനില്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ് 'കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്' (സിഎസ്‌ഐആര്‍)ല്‍ നിന്നുള്ള ഗവേഷകര്‍. 

Also Read:- കൊവിഡ് 19; രണ്ട് വാക്സിൻ കൂടി മനുഷ്യരിൽ പരീക്ഷിക്കാൻ ചൈന...

പ്രതിരോധശക്തി വര്‍ധിപ്പിച്ച് കൊറോണയ്‌ക്കെതിരെ പോരാടാന്‍ ശരീരത്തെ സജ്ജമാക്കാനാണത്രേ പുതുതായി കണ്ടെത്തുന്ന വാക്‌സിന്‍ പ്രധാനമായും പ്രയോജനപ്പെടുക. കുഷ്ഠരോഗത്തിനുള്‍പ്പെടെ ചില അസുഖങ്ങള്‍ക്ക് കൂടി നല്‍കിവരുന്ന വാക്‌സിനായത് കൊണ്ട് തന്നെ ഇതിനെ 'മള്‍ട്ടി പര്‍പ്പസ് വാക്‌സിന്‍' എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്. 

'ഡിസിജിഐയുടെ (ഡ്രഗ് കണ്‍ട്രോളര്‍ ജെനറല്‍ ഓഫ് ഇന്ത്യ) അനുമതിയോടെ ഞങ്ങള്‍ ഈ വാക്‌സിനില്‍ പരീക്ഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കുഷ്ഠരോഗത്തിനെതിരെ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട വാക്‌സിനാണിത്. അല്‍പം സമയമെടുക്കുന്ന ജോലിയാണെന്ന് പറയാം. എങ്കില്‍ക്കൂടി രണ്ട് കേന്ദ്രങ്ങളില്‍ നിന്നുള്ള അനുമതി കൂടി ലഭിച്ചുകഴിഞ്ഞാല്‍ വൈകാതെ തന്നെ ഇത് ആളുകളില്‍ പരീക്ഷിച്ചുതുടങ്ങാമെന്നാണ് കരുതുന്നത്. വരുന്ന ആറാഴ്ചയ്ക്കകം ഇതില്‍ മുഴുവന്‍ വ്യക്തതയും വരും.'- സിഎസ്‌ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ശേഖര്‍ മാണ്ഡേ പറയുന്നു.

Also Read:- കൊവിഡ് 19; വാക്‌സിന്‍ പരീക്ഷണം വിജയിച്ചെന്ന് റഷ്യ, ഇനി കുത്തിവയ്ക്കുന്നത് മനുഷ്യരിൽ...

നോവല്‍ കൊറോണ വൈറസിനെ പ്രത്യേകമായിത്തന്നെ ചെറുക്കാനാവശ്യമായ വാക്‌സിന്‍ ഉത്പാദിപ്പിച്ചെടുക്കാന്‍ ഏതാണ്ട് 12 മാസങ്ങള്‍ വേണ്ടിവരുമെന്നാണ് ലോകാരോഗ്യ സംഘടന നേരത്തേ അറിയിച്ചിരുന്നത്. ഇത്രയും സമയം കാത്തുനില്‍ക്കാനാവില്ല എന്നതിനാല്‍, ചൈനയും യുഎസും ഉള്‍പ്പെടെ പല രാജ്യങ്ങളും സ്വന്തം നിലയ്ക്ക് രോഗലക്ഷണങ്ങളെ പിടിച്ചുകെട്ടാന്‍ കെല്‍പുള്ള വാക്‌സിനുകള്‍ക്കായുള്ള ഗവേഷണങ്ങള്‍ തുടങ്ങിയിരുന്നു.