സമൂഹമാധ്യമത്തിലെ കൊറോണ വൈറസ് ചലഞ്ച് ഏറ്റെടുത്ത ടിക് ടോക് താരത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു . ക്ലോസറ്റിൽ നക്കി കൊറോണവൈറസ് ചലഞ്ച് ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ച് ദിവസങ്ങൾക്കകമാണ് ടിക് ടോക് താരമായ ലാർസിന് (21) കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 

ആശുപത്രി കിടക്കയിൽ നിന്നും ലാർസ് തന്നെയാണ് രോഗവിവരം വെളിപ്പെടുത്തിയത്. ചലഞ്ച് നടത്തിയതാണോ രോഗകാരണം എന്നു വ്യക്തമല്ല. മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ ചലഞ്ചുകള്‍ ഏറ്റെടുക്കുകയും വീഡിയോകള്‍ തയാറാക്കുകയും ചെയ്തു കയ്യടി നേടുന്നത് ലാര്‍സിന്റെ സ്ഥിരം പരിപാടിയാണ്. 

സോഷ്യൽ മീഡിയയിൽ ഗേഷോൻമെൻഡിസ് എന്ന പേരിലറിയപ്പെടുന്ന ലാർസ്, രണ്ടു ദിവസം മുമ്പാണ് കൊറോണചലഞ്ച് വീഡിയോ പങ്കുവച്ചത്. ഒരു പൊതുശുചിമുറിയിലെ ക്ലോസറ്റ് നക്കുന്ന വീഡിയോ ആണ് ചലഞ്ചിന്റെ ഭാഗമായി ഇയാൾ പോസ്റ്റ് ചെയ്തത്. ഏറെ വിമർശിക്കപ്പെടുമ്പോഴും ഒട്ടേറെപ്പേർ ഏറ്റെടുത്ത സമൂഹമാധ്യമ ചലഞ്ചാണിത്. 

വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക് ടോക്കിലാണു ചലഞ്ച് ഏറ്റവും കൂടുതൽ തരംഗമായത്. മിയാമി സ്വദേശിയായ 22കാരി, കോവിഡ് പടർന്നുപിടിക്കുന്ന ദിവസങ്ങളിൽ ‘സാഹസിക തമാശ’ മട്ടിൽ വിമാനത്തിലെ ക്ലോസറ്റിൽ നക്കുന്ന വീഡിയോ ആണ് ഇത്തരത്തിൽ ആദ്യം വൈറലായിരുന്നു.

വിമാനത്തിലെ ശുചിമുറികൾ വൃത്തിയുള്ളതാണ് എന്ന മുഖവുരയോടെയാണ് ‘കൊറോണവൈറസ് ചലഞ്ച്’ വീഡിയോ ഇവർ പോസ്റ്റ് ചെയ്തത്. ഇത് കൂടാതെ കൊറോണ പിടിക്കാൻ സാധ്യതയുള്ള സൂപ്പർമാർക്കറ്റുകളിലെ പ്രതലങ്ങളിൽ ഉൾപ്പെടെ നക്കുന്ന വീഡിയോകളും വെെറലായി.