ലണ്ടൻ: പെട്ടെന്നൊരു ദിവസം മണക്കാനും രുചിക്കാനും കഴിയുന്നില്ല. ഇതിന് മുമ്പ് ഇങ്ങനെ ഉണ്ടായിട്ടില്ല. കഠിനമായ തലവേദനയും അനുഭവപ്പെട്ടു. എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് ഡോക്ടറോട് ചോദിച്ചപ്പോൾ ഇത് കൊറോണയുടെ ലക്ഷണങ്ങളാണെന്നാണ് ഡോക്ടർ നൽകിയ മറുപടി. ബ്രിട്ടനിലെ പ്രമുഖ എഴുത്തുകാരി ലോൺഡോണർ ഹോളി ബോണിന്റെ അനുഭവമാണിത്.

പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. ലണ്ടനിൽ സുഹൃത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഒരു ദിവസം അടുക്കളയിൽ നിന്ന് പ്ലാസ്റ്റിക്ക് ഉരുകുന്ന മണം വന്നു. എന്നാൽ തനിക്കത് അനുഭവപ്പെട്ടില്ല. പ്ലാസ്റ്റിക്ക് ഉരുകുന്ന മണം വരുന്നുണ്ടെന്ന് സുഹൃത്താണ് തന്നോട് പറഞ്ഞത്. സാൻവിച്ച് ഉണ്ടാക്കിയപ്പോഴും അതിന്റെ മണവും അനുഭവപ്പെട്ടില്ലെന്ന് ഹോളി പറയുന്നു.രണ്ട് ദിവസമായി തലവേദന ഉണ്ടായിരുന്നു. പിന്നീടാണ് ഡോക്ടറോട് ഈ പ്രശ്നങ്ങൾ സംസാരിച്ചത്.

തനിക്ക് കൊവിഡ് ആണെന്ന് അറിഞ്ഞപ്പോൾ മറ്റുള്ളവരുടെ അറിവിലേക്കായി ഹോളി ഇത് ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു. തുടർന്ന് ബ്രിട്ടനിലെ ആരോ​ഗ്യരം​ഗം ഇത് ഏറ്റെടുക്കുകയും ചെയ്തു. രുചിക്കാനും മണക്കാനുമുള്ള കഴിവ് നഷ്ടപ്പെടുന്നത് വെെറസ് ബാധയുടെ ലക്ഷണമായി ഡോക്ടർമാരും പറയുന്നു. എന്നാൽ എത്ര നാൾ വരെ ഇത് ഉണ്ടാകും എന്നത് വ്യക്തതയില്ല.

രണ്ടാഴ്ച്ചയായി ഹോളിക്ക് വെെറസ് ബാധ സ്ഥിരീകരിച്ചിട്ട്. മണക്കാനുള്ള കഴിവ് 70 ശതമാനവും തിരിച്ച് കിട്ടി. മണക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതിന് പിന്നാലെ കൂടുതലറിയാൻ ​ഗൂ​ഗിളിലും ഹോളി തിരഞ്ഞു. തന്റെ അവസ്ഥ ട്വിറ്ററിലും പങ്കുവച്ചു. ഇതേ അനുഭവമുള്ള നിരവധി പേർ മറുപടി നൽകുകയും ചെയ്തു. വെെറസ് ബാധയ്ക്ക് ചികിത്സ തേടി മൂന്ന് നാല് ആഴ്ച കഴി‍ഞ്ഞിട്ടും മണക്കാൻ കഴിയുന്നില്ലെന്നാണ് ചിലർ പറയുന്നത്.

സ്ഥിരമായി ഈ കഴിവ് നഷ്ടപ്പെടുമോ എന്ന ചോദ്യവും ഹോളി ഉന്നയിച്ചു. അതിനെ പറ്റി ക്യത്യമായി അറിയില്ലെന്നാണ് ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ സ്മെൽ ആൻഡ് ടേസ്റ്റ് ഡയറക്ടർ പ്രൊ. സ്റ്റീവൻ മുൻഗെർ പറഞ്ഞു. ശ്വസനനാളിയിൽ വെെറസ് ബാധ ഉണ്ടാകുമ്പോഴാണ് മണക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നത്. ചിലരിൽ ഇത് താൽക്കാലികമാണ്. എന്നാൽ ചിലർക്ക് ഇത് സ്ഥിരമായി നഷ്ടപ്പെടാമെന്നും പ്രൊ. സ്റ്റീവൻ പറഞ്ഞു. 
 
മണക്കാനും കഴിവ് വീണ്ടുകിട്ടാൻ  ദിവസങ്ങളോളം ചിലപ്പോൾ മാസങ്ങളോളം എടുത്തേക്കാം. എന്ത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നതെന്ന്  വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. മണക്കാനും രുചിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ട പലർക്കും വെെറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡിന്റെ ലക്ഷണമായി തന്നെയാണ് ആരോ​ഗ്യരം​ഗം ഇതിനെ നോക്കി കാണുന്നതെന്നും പ്രൊ. സ്റ്റീവൻ പറയുന്നു.