നടുവേദന, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ശാരീരിക രോഗങ്ങൾ തടയാനും നിയന്ത്രിക്കാനും യോ​ഗയ്‌ക്ക് സാധിക്കും. യോഗ ആസനങ്ങൾ ചെയ്യുന്നത് മൊത്തത്തിലുള്ള ക്ഷേമത്തിന് ഗുണം ചെയ്യും.

എല്ലാ വർഷവും ജൂൺ 21 അന്താരാഷ്ട്ര യോ​ഗ ദിനമായി ആചരിക്കുന്നു. മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ്യം.

ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ എന്നതാണ് ഈ വർഷത്തെ യോ​ഗ ദിന പ്രമേയം എന്നത്. 2014 സെപ്റ്റംബർ 27 ന് ഐക്യരാഷ്ട്രസഭയുടെ 69-ാമത് പൊതുസഭയുടെ ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം മുന്നോട്ടുവച്ചത്.

"നമ്മുടെ പുരാതന പാരമ്പര്യത്തിൽ നിന്നുള്ള വിലമതിക്കാനാവാത്ത ഒരു സമ്മാനമാണ് യോഗ. മനസ്സിന്റെയും ശരീരത്തിന്റെയും ചിന്തയുടെയും പ്രവൃത്തിയുടെയും ഐക്യത്തെ യോഗ ഉൾക്കൊള്ളുന്നു. നമ്മുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വിലപ്പെട്ട ഒരു സമഗ്രമായ സമീപനമാണിത്. യോഗ വെറും വ്യായാമമല്ല. നിങ്ങളുമായി, ലോകവുമായി, പ്രകൃതിയുമായി ഐക്യബോധം കണ്ടെത്താനുള്ള ഒരു മാർഗമാണിതെന്ന് പ്രധാനമന്ത്രി മോദി അന്ന് തന്റെ പ്രസംഗത്തിൽ പറഞ്ഞു.

യോഗയുടെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഇത് യോ​ഗ ഓരോരുത്തരുടെയും ദിനചര്യയിൽ ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കും. നടുവേദന, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ശാരീരിക രോഗങ്ങൾ തടയാനും നിയന്ത്രിക്കാനും യോ​ഗയ്‌ക്ക് സാധിക്കും. യോഗ ആസനങ്ങൾ ചെയ്യുന്നത് മൊത്തത്തിലുള്ള ക്ഷേമത്തിന് ഗുണം ചെയ്യും.

വിഷാദവും ഉത്കണ്ഠയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യോഗ ചെയ്യേണ്ടത് അനിവാര്യമാണ്. രോഗപ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാൻ യോ​ഗ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. യോഗ ശ്വസനരീതിയെ നിയന്ത്രിക്കുന്നു. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പഠനങ്ങൾ അനുസരിച്ച്, വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ യോഗ സഹായിക്കും.