മുടികൊഴിച്ചില്‍ മിക്കവാറും എല്ലാവരിലും വലിയ രീതിയിലുള്ള ആത്മവിശ്വാസപ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. പല കാരണങ്ങള്‍ കൊണ്ടാകാം മുടികൊഴിച്ചിലുണ്ടാകുന്നത്. ഇതില്‍ പ്രധാനമാണ് ഡയറ്റും ജീവിതരീതികളും. എന്നാല്‍ ഇതില്‍ത്തന്നെ സൂക്ഷ്മമായ ചില ഘടകങ്ങള്‍ കൂടി നമ്മളറിഞ്ഞിരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. 

അത്തരത്തില്‍ ഡയറ്റുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന, മുടികൊഴിച്ചിലുണ്ടാകാനുള്ള ഒരു കാരണത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. രക്തത്തില്‍ അയേണിന്റെ അളവ് ഗണ്യമായി കുറയുന്നതാണ് ഇത്. വിളര്‍ച്ച അല്ലെങ്കില്‍ അനീമിയ എന്നൊരവസ്ഥയിലേക്കാണ് ഇത് ക്രമേണ നമ്മളെയെത്തിക്കുന്നത്. ഒരുപിടി ആരോഗ്യപ്രശ്‌നങ്ങളാണ് ഇതുണ്ടാക്കുക.

എപ്പോഴും ക്ഷീണം, രോഗപ്രതിരോധശേഷി കുറയുന്നതിനാല്‍ പലതരം അസുഖങ്ങള്‍, തലവേദന, ശ്വാസതടസം- എന്നിങ്ങനെ വിവിധ പ്രശ്‌നങ്ങള്‍ വിളര്‍ച്ച മൂലമുണ്ടാകാം. ഇക്കൂട്ടത്തിലുള്‍പ്പെടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചിലും. 

മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണ് അയേണ്‍. അയേണ്‍ ആവശ്യത്തിന് ലഭിക്കാതാകുമ്പോള്‍ രോമകൂപങ്ങളില്‍ ആവശ്യത്തിന് ഓക്‌സിജനെത്താതെ പോകുന്നു. ഇതാണ് പിന്നീട് മുടി കൊഴിയാനും മുടി 'ഡ്രൈ' ആകാനും ഇടയാക്കുന്നത്. മുടിയോടൊപ്പം തന്നെ ചര്‍മ്മത്തിന്റെ തിളക്കവും ആരോഗ്യവും നഷ്ടപ്പെടാനും ഇത് കാരണമാകും.

അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റിലുള്‍പ്പെടുത്തുകയെന്നതാണ് ഇതിനെ ചെറുക്കാനുള്ള ഒരേയൊരു മാര്‍ഗം. വിളര്‍ച്ചയുണ്ടെന്ന് മനസിലാക്കിയാല്‍ ഒരു ഡോക്ടറെ കണ്ട് ആവശ്യമായ ഉപദേശങ്ങള്‍ തേടാം. ക്രമാതീതമായ തോതില്‍ അയേണ്‍ കുറവുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ടോണിക്കോ ഗുളികകളോ ഇതിനായി കഴിക്കാം. ഒപ്പം തന്നെ ഡയറ്റാണ് ഏറ്റവും സുപ്രധാനമായ മരുന്ന് എന്നുകൂടി മനസിലാക്കുക. 

നെല്ലിക്ക, ഷെല്‍ ഫിഷ്, പയറുവര്‍ഗങ്ങള്‍, റെഡ് മീറ്റ്, കരള്‍, മത്തന്‍കുരു, ബ്രക്കോളി, ഡാര്‍ക്ക് ചോക്ലേറ്റ്- എന്നിവയെല്ലാം അയേണ്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ക്ക് ഉദാഹരണമാണ്. ആകെ ആരോഗ്യാവസ്ഥ, അസുഖങ്ങള്‍ എന്നിവയ്ക്കനുസരിച്ച് ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതോടെ തീര്‍ച്ചയായും അയേണ്‍ കുറവ് മൂലമുണ്ടാകുന്ന മുടികൊഴിച്ചിലാണെങ്കില്‍ അത് പരിഹരിക്കപ്പെടും.