ശരീരഭാരം കുറയ്ക്കാന്‍ പലവഴികള്‍ പരീക്ഷിച്ച് മടുത്തിരിക്കുകയാണോ? എങ്കില്‍ മഞ്ഞള്‍ വെള്ളം കൂടി പരീക്ഷിച്ചു നോക്കൂ. വിഷസംഹാരിയായും ഔഷധമായുമെല്ലാം മഞ്ഞൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ശരീരഭാരം കുറയ്ക്കാനും മഞ്ഞൾ വളരെ മികവുറ്റതാണെന്ന കാര്യം എത്ര പേർക്കറിയാം. 

ഒരു നല്ല ആന്റി ഓക്സിഡന്റാണ് മഞ്ഞള്‍. മഞ്ഞള്‍ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിന‌് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിന്റെ ഭാരം കുറയ്‌ക്കാനുള്ള നിരവധി ഗുണങ്ങള്‍ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പു കോശങ്ങള്‍ ഉണ്ടാകുന്നത്‌ കുറയ്‌ക്കാന്‍ മഞ്ഞളിന്‌ കഴിയുകയും അതുവഴി ശരീരത്തിലെ മൊത്തം കൊഴുപ്പ്‌ കുറയുകയും ഭാരം കൂടുന്നത്‌ തടയുകയും ചെയ്യുന്നു.

 പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് മഞ്ഞൾ വെള്ളം. പ്രത്യേകിച്ച് ജലദോഷം പതിവായി വരുന്നവർ ദിവസവും ഒരു ​ഗ്ലാസ് മഞ്ഞൾ വെള്ളം കുടിക്കാവുന്നതാണ്. മറവിരോ​ഗം തടയാൻ ഏറ്റവും മികച്ചതാണ് മഞ്ഞൾ വെള്ളം. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിനാണ് അൽഷിമേഴ്‌സിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കുന്നത്. 

മഞ്ഞൾ വെള്ളം കുടിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ ദഹനത്തെ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ മഞ്ഞള്‍ നീക്കം ചെയ്ത് മെറ്റബോളിസം വര്‍ധിപ്പിക്കുന്നു. മഞ്ഞൾ രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഇത് രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. 

ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ അതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ സംരക്ഷിക്കുന്നു. ഇത് ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുകയും ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യുന്നു. ശരീരത്തിൽ അടിഞ്ഞ് കൂടിയ കൊഴുപ്പ് അകറ്റാനും ദിവസവും മഞ്ഞൾ ​വെള്ളം കുടിക്കാവുന്നതാണ്. ‌