തലച്ചോറിലെ വിവിധ നാഡീവ്യൂഹങ്ങൾ തമ്മിലുള്ള ആശയവിനിമയത്തെ ആശ്രയിച്ചാണ് നമ്മുടെ ഓർമ്മശക്തി പ്രവർത്തിക്കുന്നത്.
ഭൂരിഭാഗം ആളുകളും ജീവിതത്തിൽ എപ്പോഴെങ്കിലും സാധാരണ രീതിയിലുള്ള ഓർമ്മക്കുറവ് അനുഭവിച്ചിട്ടുണ്ടാകും. എന്നാൽ ഇത് ഇടയ്ക്കിടെ ആവർത്തിക്കുകയാണെങ്കിൽ, അത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നത്തിന്റെ ലക്ഷണമാകാം. തലച്ചോറിലെ വിവിധ നാഡീവ്യൂഹങ്ങൾ തമ്മിലുള്ള ആശയവിനിമയത്തെ ആശ്രയിച്ചാണ് നമ്മുടെ ഓർമ്മശക്തി പ്രവർത്തിക്കുന്നത്. മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, ഒരേസമയം ഒന്നിലധികം ജോലികൾ ചെയ്യൽ, പ്രായമാകൽ തുടങ്ങിയ കാരണങ്ങളാൽ ഓർമ്മക്കുറവ് ഉണ്ടാകാം. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിൽ ഈ പ്രശ്നം മാറുകയും പെരുമാറ്റത്തിൽ മാറ്റങ്ങൾ പ്രകടമാവുകയും ചെയ്യുമ്പോൾ വൈദ്യസഹായം അനിവാര്യമാണ്.
എന്താണ് സാധാരണ ഓർമ്മക്കുറവ്?
ദൈനംദിന ഉപയോഗത്തിലുള്ള വസ്തുക്കൾ വച്ച സ്ഥലം മറന്നുപോകുക, പരിചയക്കാരുടെ പേരുകൾ പെട്ടെന്ന് ഓർമ്മവരാതെ വരികയും പിന്നീട് ഓർത്തെടുക്കുകയും ചെയ്യുക, അല്ലെങ്കിൽ ഒരു മുറിയിലേക്ക് കയറിയ ശേഷം എന്തിനാണ് വന്നതെന്ന് മറന്നുപോകുക എന്നിവയൊക്കെ സാധാരണ ഓർമ്മക്കുറവിന്റെ ഭാഗമാണ്. പ്രായമാകുമ്പോൾ വിവരങ്ങൾ ശേഖരിക്കാനും ഓർത്തെടുക്കാനുമുള്ള തലച്ചോറിന്റെ വേഗത കുറയുന്നതാണ് ഇതിന് കാരണം. ഇത് താൽക്കാലികം മാത്രമാണ്.
ദൈനംദിന ഓർമ്മക്കുറവിനുള്ള അഞ്ച് പ്രധാന കാരണങ്ങൾ
1. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും
ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് കൂടുന്നത് ഓർമ്മക്കുറവിന് കാരണമാകുന്നു. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും തലച്ചോർ വിവരങ്ങൾ പ്രൊസസ്സ് ചെയ്യുന്നതിനെയും ഓർത്തെടുക്കുന്നതിനെയും നേരിട്ട് ബാധിക്കുന്നു.
2. കൃത്യമല്ലാത്ത ഉറക്കം
ഉറക്കത്തിനിടയിലാണ് തലച്ചോർ ഓർമ്മകളെ കൂട്ടിച്ചേർക്കുകയും ഉറപ്പിക്കുകയും ചെയ്യുന്നത്. കൃത്യമായ ഉറക്കം ലഭിക്കാതെ വരുമ്പോൾ ഓർമ്മക്കുറവ് ഉണ്ടാകുന്നു. ഉറക്കക്കുറവ് മൂലം ഒക്സിഡേറ്റീവ് സ്ട്രെസ്സും നാഡീവീക്കവും ഉണ്ടാകുന്നത് മസ്തിഷ്ക പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കും.
3. വിറ്റാമിനുകളുടെ കുറവ്
ശരീരത്തിൽ വിറ്റാമിൻ B12, വിറ്റാമിൻ D എന്നിവയുടെ കുറവ് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. അവശ്യ വിറ്റാമിനുകളുടെ അഭാവം നാഡീവ്യൂഹങ്ങളുടെ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തും.
4. ചില മരുന്നുകളുടെ ഉപയോഗം
അലർജിക്ക് ഉപയോഗിക്കുന്ന ആന്റിഹിസ്റ്റമൈനുകൾ, ഉറക്കമരുന്നുകൾ, വിഷാദരോഗത്തിനുള്ള മരുന്നുകൾ എന്നിവ ഉപയോഗിക്കുന്നവരിൽ മറവി കണ്ടേക്കാം. ഇത്തരം മരുന്നുകൾ മൂലം ഉണ്ടാകുന്ന പാർശ്വഫലങ്ങൾ കുറയ്ക്കാൻ ഒരു ന്യൂറോളജിസ്റ്റിന്റെ ഉപദേശം തേടാവുന്നതാണ്.
5. ഹോർമോൺ മാറ്റങ്ങളും ആർത്തവവിരാമവും
ഹോർമോണുകളിലുണ്ടാകുന്ന വ്യതിയാനങ്ങളും ആർത്തവവിരാമ സമയത്തുണ്ടാകുന്ന മാറ്റങ്ങളും ഏകാഗ്രതക്കുറവിനും ഓർമ്മക്കുറവിനും കാരണമാകും.
എപ്പോഴാണ് ഓർമ്മക്കുറവ് ഗുരുതരമായ ലക്ഷണമാകുന്നത്?
- ഒരേ ചോദ്യങ്ങൾ തന്നെ വീണ്ടും വീണ്ടും ചോദിക്കുക.
2. അടുത്തിടെ മനസ്സിലാക്കിയ കാര്യങ്ങളും വിവരങ്ങളും പൂർണ്ണമായി മറന്നുപോകുക.
3. സ്ഥിരമായി പോകുന്നതും പരിചയമുള്ളതുമായ വഴികളിലും സ്ഥലങ്ങളിലും വഴിതെറ്റുക.
4. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനോ കൃത്യസമയത്ത് മരുന്നുകൾ കഴിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക.
5. മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും സംഭാഷണങ്ങൾ പിന്തുടരുമ്പോഴും തടസ്സം നേരിടുക.
6. സമയത്തെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ വ്യക്തതയില്ലാതെ വരികയും ആശയക്കുഴപ്പത്തിലാവുകയും ചെയ്യുക. തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കരുത്.


