Asianet News MalayalamAsianet News Malayalam

ഒരാഴ്‌ചക്കിടെ രോഗം സ്ഥിരീകരിച്ചത് 42 പേർക്ക്; കോഴിക്കോട് ജില്ലയിലെ കൊമ്മേരിയിൽ 3 പേർക്ക് കൂടി മഞ്ഞപ്പിത്തം

പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപറേഷൻ അധികൃതർ അറിയിച്ചു

jaundice spread in Kozhikode 42 test positive in 7 days 3 more cases confirmed
Author
First Published Sep 8, 2024, 7:30 AM IST | Last Updated Sep 9, 2024, 4:49 PM IST

കോഴിക്കോട്: കൊമ്മേരിയിൽ മൂന്നുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ  ഇവിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇവരിൽ 10 പേർ ആശുപത്രി വിട്ടു. 32 പേർ ചികിത്സയിൽ തുടരുകയാണ്. കൊമ്മേരിയിൽ ഇന്നലെ നടത്തിയ മെഡിക്കൽ ക്യാമ്പിൽ 122 പേർ പങ്കെടുത്തു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപറേഷൻ അധികൃതർ അറിയിച്ചു.

മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും. 

മഞ്ഞപ്പിത്ത ലക്ഷണങ്ങൾ 

  • ചര്‍മത്തിനും കണ്ണുകള്‍ക്കും മഞ്ഞനിറം
  • ഇരുണ്ട നിറമുള്ള മൂത്രം
  • ഇളം അല്ലെങ്കിൽ കളിമൺ നിറമുള്ള മലം
  • ഛർദ്ദിയും ഓക്കാനവും
  • വിശപ്പില്ലായ്മ
  • വയറുവേദന
  • ഭാരം കുറയുക
  • പേശികളില്‍ വേദന
  • കടുത്ത പനി
  • ചൊറിച്ചിൽ 

മ‍ഞ്ഞപ്പിത്തം പടരുന്നതില്‍ കൊമ്മേരി ജനകീയ സമിതിയെ പഴിചാരി കോര്‍പറേഷന്‍. മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന പ്രാദേശിക കുടിവെളള പദ്ധതിയുടെ ചുമതല ജനകീയ സമിതിക്കാണെന്നാണ് കോര്‍പറേഷന്‍റെ നിലപാട്. ജല സ്രോതസ് ശുചീകരിക്കാനാവശ്യമായ സഹായം നല്‍കിയിട്ടും ഇതില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. 

പ്രദേശത്തെ 4 കിണറുകളില്‍ നിന്നുളള വെള്ളം ടാങ്കിലേക്ക് എത്തിച്ച് 265 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുളള പദ്ധതിയുടെ നടത്തിപ്പ് വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെയുളള ജനകീയ സമിതിക്കായിരുന്നു. പദ്ധതിയുടെ ഭാഗമായ രണ്ടു കിണറുകളും ടാങ്കും വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായി. ഈ സാഹചര്യത്തിലാണ് നേരിട്ട് ഉത്തരവാദിത്വം ഏറ്റെടുക്കാതെയുള്ള കോര്‍പറേഷന്‍റെ വിമർശനം.

മഴക്കാല പൂര്‍വ ശുചീകരണത്തിന്‍റെ ഭാഗമായി കുടിവെള്ള സ്രോതസുകള്‍ ശുദ്ധീകരിക്കാന്‍ കോര്‍പറേഷന്‍ ജനകീയ സമിതിക്ക് സാധന സാമഗ്രികള്‍ നല്‍കിയിരുന്നു. ശുചീകരിച്ചുവെന്ന റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും ഇക്കാര്യത്തില്‍ പരിശോധനയൊന്നും ഉണ്ടായില്ല. എന്തായാലും ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പ്രദേശത്ത് മെഡിക്കല്‍ ക്യാന്പ് ഉള്‍പ്പെടെയുളള നടപടികളുമായി മുന്നോട്ട് പോകാനാണ് കോര്‍പറേഷന്‍റെ തീരുമാനം. 

Latest Videos
Follow Us:
Download App:
  • android
  • ios