ജെഎൻ 1 ശ്വാസകോശത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ടെന്ന് മനസിലാക്കിയ വിദഗ്ധര്‍ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് ന്യുമോണിയ ആണ് ജെഎൻ 1 ഉണ്ടാക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് കണ്ടെത്തിയത്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് 19 സജീവമായിരിക്കുന്ന സമയമാണിത്. കൊവിഡ് 9 വൈറസില്‍ ഒമിക്രോണ്‍ എന്ന വകഭേദത്തില്‍ ഉള്‍പ്പെടുന്ന ജെഎൻ 1 ആണിപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ആര്‍ജ്ജിത പ്രതിരോധശേഷിയെ മറികടന്ന് മനുഷ്യരിലേക്ക് എളുപ്പത്തില്‍ കയറിക്കൂടാൻ ശേഷിയുള്ള വകഭേദമാണ് ജെഎൻ 1. മാത്രമല്ല ഇതിന് ഉയര്‍ന്ന വ്യാപനശേഷിയുമുണ്ട്. അതായത് ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് ഈ വൈറസ് എത്താൻ ചുരുങ്ങിയ സമയം മതിയെന്ന്.

ഇപ്പോള്‍ കേരളത്തിലും ജെഎൻ 1 സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. അവധിക്കാലം, ആഘോഷങ്ങളുടെ സമയം എല്ലാമായതിനാല്‍ ജെഎൻ 1 കൂടുതല്‍ കൊവിഡ് കേസുകളിലേക്ക് നയിക്കുമോ എന്നാണ് ഏവരുടെയും ആശങ്ക. രാജ്യത്ത് പലയിടങ്ങളിലും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യം തന്നെയാണ് കാണുന്നത്. കേരളത്തിലാണെങ്കില്‍ സാഹചര്യം താരതമ്യേന തീവ്രമാണെന്ന് പറയാം. 

ഇതിനിടെ പുതിയ കൊവിഡ് വൈറസ് വകഭേദമായ ജെഎൻ 1 ന്യുമോണിയയിലേക്കും നയിക്കുമെന്ന സ്ഥിരീകരണവും ആശങ്ക ഇരട്ടിപ്പിക്കുകയാണ്. കൊവിഡ് ബാധിച്ച് മാത്രമല്ല ഇതിന്‍റെ അനുബന്ധമായി ന്യുമോണിയ ബാധിച്ചും ആരോഗ്യനില ഗുരുതരമാകുന്ന അവസ്ഥ ഇതോടെ ഉണ്ടാകാമല്ലോ. 

ജെഎൻ 1 ശ്വാസകോശത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ടെന്ന് മനസിലാക്കിയ വിദഗ്ധര്‍ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് ന്യുമോണിയ ആണ് ജെഎൻ 1 ഉണ്ടാക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് കണ്ടെത്തിയത്. പലരിലും ഇങ്ങനെ വന്നിട്ടുള്ള ന്യുമോണിയ ജീവന് പോലും ഭീഷണിയാകും വിധം തീവ്രതയേറിയതായിരുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. 

കൊവിഡ് വൈറസ് വകഭേദത്തില്‍ വന്നിട്ടുള്ള പല മാറ്റങ്ങളുമാണ് ന്യുമോണിയയിലേക്ക് നയിക്കുന്നതിന് ഇതിനെ പ്രാപ്തമാക്കുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും കൊവിഡ് ബാധിച്ചവര്‍ ചില ലക്ഷണങ്ങളെ ചൊല്ലി പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നതാണ് ഉചിതം. 

പനി, വിട്ടുമാറാത്ത ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ജെഎൻ 1 ന്യുമോണിയയിലേക്ക് നയിച്ചാല്‍ കാണാവുന്ന ലക്ഷണങ്ങളാണിവ. വാക്സിനേഷൻ തന്നെയാണ് ഇപ്പോഴും കൊവിഡിനെതിരായിട്ടുള്ള ഫലവത്തായ പ്രതിരോധം. എന്നാല്‍ ജെഎൻ 1നെതിരെ എങ്ങനെയെല്ലാം വാക്സിനേഷൻ സ്വീകരിക്കാമെന്നതിനെ കുറിച്ച് ഇതുവരെയും കൃത്യമായ വിവരങ്ങള്‍ വന്നിട്ടുമില്ല. 

Also Read:-അപൂര്‍വമായ പക്ഷിപ്പനി ബാധിച്ച് യുവതി മരിച്ചു; ഉയരുന്ന കേസുകള്‍ ചൈനയില്‍ ആശങ്കയാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo