മോഡലിംഗിലും സിനിമയിലും തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ജോണ്‍ ഏബ്രഹാം. പുരുഷന്റെ ശരീര സൗന്ദര്യം സ്ത്രീകളുടേതിന് ഒപ്പം തന്നെ ആസ്വാദനവും ശ്രദ്ധയും അര്‍ഹിക്കുന്നതാണെന്ന് യുവത്വത്തോട് സംവേദിച്ചൊരു നടന്‍ കൂടിയാണ് ജോണ്‍. 

ഇപ്പോള്‍ തന്റെ നാല്‍പത്തിയേഴാം വയസിലും 'ഫിറ്റ്‌നസ്'ന് വേണ്ടി ജോണ്‍ അവധിയില്ലാതെ അധ്വാനിക്കുന്നു. സിനിമകളില്‍ അത്രമാത്രം സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ താരത്തിന്റെ വിശേഷമെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. 

സിനിമ കഴിഞ്ഞാല്‍ പിന്നെ, പ്രധാനമായും വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും തന്നെയാണ് ജോണിന് പങ്കുവയ്ക്കാനുള്ളത്. അടുത്തിടെയായി ജോണ്‍ തന്റെ വര്‍ക്കൗട്ട് സെഷന്‍ അല്‍പം കൂടി നീട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

 

 

ഇതിന് തെളിവാണ് ഇന്ന് ഇന്‍സ്റ്റയില്‍ താരം പങ്കുവച്ചൊരു 'പോസ്റ്റ് വര്‍ക്കൗട്ട്' ചിത്രം. ഇതില്‍ വര്‍ക്കൗട്ടിന് ശേഷമുള്ള ക്ഷീണത്തിലാണ് താരം. എന്നാല്‍ 'സ്‌മൈലിംഗ്' എന്നാണ് അടിക്കുറിപ്പില്‍ എഴുതിയിട്ടുള്ളത്. ചിരിപ്പടമായിട്ട് ചിരിയെവിടെ എന്നായി ആരാധകര്‍. ഇതിനുത്തരമായി ജോണ്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഒരിക്കല്‍ കൂടി വായിക്കണം. 

 

 

'സ്‌മൈലിംഗ് ഇന്‍സൈഡ്' അഥവാ ചിരി അകത്താണെന്ന്. 'ഗുഡ് പെയിന്‍' എന്ന ഹാഷ്ടാഗും ചിത്രത്തോടൊപ്പമുണ്ട്. വേദനയില്ലാതെ നേട്ടമില്ലെന്ന് പ്രശസ്തമായ വാക്യത്തെയാണ് ജോണിന്റെ അടിക്കുറിപ്പ് ഓര്‍മ്മിപ്പിക്കുന്നത്. ഇത്തരത്തില്‍ കഷ്ടപ്പെട്ട് നേട്ടങ്ങളുണ്ടാക്കുമ്പോള്‍ അത് മനസിനുള്ളില്‍ സന്തോഷം തന്നെയാണ് വിരിയിക്കുകയെന്നും ജോണ്‍ തന്റെ ചിത്രത്തിലൂടെ പറയുന്നു. 

വരാനിരിക്കുന്ന 'സത്യമേവ ജയതേ 2'ന് വേണ്ടിയാണ് ജോണിന്റെ 'എക്‌സ്ട്രാ' വര്‍ക്കൗട്ടെന്നാണ് ആരാധകരുടെ ഊഹം. എന്തായാലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതില്‍ ജോണ്‍ പ്രത്യേകം അഭിനന്ദനം തന്നെ അര്‍ഹിക്കുന്നു എന്ന് വേണം പറയാന്‍.

Also Read:- 'ക്ലീന്‍, സെറ്റ്'; കിടിലന്‍ ഫിറ്റ്‌നസ് ഫോട്ടോയുമായി യുവനടി...