ഹെര്‍ണിയ ചികിത്സയില്‍ ഏറ്റവും പുതിയ മുന്നേറ്റമാണ് റോബോട്ടിക് സര്‍ജറി. ലാപ്രോസ്‌കോപ്പിക് രീതിയുടെ തന്നെ ഒരു വികസിത രൂപമാണിത്, എന്നാല്‍ കൂടുതല്‍ കൃത്യതയും നിയന്ത്രണവും നല്‍കുന്ന രീതിയാണ് റോബോട്ടിക് സര്‍ജറി.

ശരീരത്തിലെ ഒരു ഭാഗത്ത് അസാധാരണമായ മുഴ (bulge) രൂപപ്പെടുകയും, അതിനോടൊപ്പം വേദന അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഹെർണിയ. സാധാരണയായി വയറിന്റെ ഭാഗത്താണ് കൂടുതലായി കാണപ്പെടുന്നത്, എന്നാൽ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും ഇത് സംഭവിക്കാം.

വയറിന്റെ ഭിത്തി (abdominal wall) നമ്മുടെ കുടലിനെയും മറ്റു അവയവങ്ങളെയും സംരക്ഷിച്ച് നിർത്തുന്നു. ഈ ഭിത്തിയിൽ ദുർബലത (weakness) ഉണ്ടാകുമ്പോൾ, കുടലിന്റെ ഭാഗമോ മറ്റേതെങ്കിലും അവയവഭാഗമോ പുറത്തേക്ക് തള്ളിപ്പോകാൻ ശ്രമിക്കുന്ന അവസ്ഥയാണ് ഹെർണിയ.

പ്രധാന ലക്ഷണങ്ങൾ

-ശരീരത്തിന്റെ ഒരു ഭാഗത്ത് മുഴ രൂപപ്പെടുക

കിടക്കുമ്പോൾ മുഴ അകത്തേക്ക് പോകുന്നത് പോലെ തോന്നുക

അമർത്തിയാൽ മുഴ ഇല്ലാതാകുന്നത് പോലെ അനുഭവപ്പെടുക

ചുമയ്ക്കുമ്പോൾ, ഭാരമെടുക്കുമ്പോൾ, അല്ലെങ്കിൽ നേരെ നിൽക്കുമ്പോൾ വേദന വർധിക്കുക

രോഗം ഗുരുതരമായ സാഹചര്യങ്ങളിൽ കുടലിന് തടസ്സം (intestinal obstruction) ഉണ്ടാകാം. ഇതോടെ ഛർദ്ദി, വയർ സ്തംഭനം, രക്തസഞ്ചാര തടസ്സം, അണുബാധ, കുടൽ പൊട്ടൽ പോലുള്ള ജീവനു ഭീഷണി വരെയാകുന്ന അവസ്ഥകൾ സംഭവിക്കാം.

ഹെർണിയയ്ക്ക് കാരണമായ ഘടകങ്ങൾ

- ശരീരഘടനയിലെ ദുർബലതകൾ

- സ്ഥിരമായ ചുമ, മലബന്ധം, മൂത്ര തടസ്സം

- അധിക ഭാരമെടുക്കുക

- അമിതവണ്ണം, ഗർഭധാരണം, ശസ്ത്രക്രിയാനന്തര മുറിവുകൾ

ഹെർണിയ ഏതൊക്കെ വിധം 

- ഇൻഗ്വയ്നൽ ഹെർണിയ: കീഴ്‌നാഭിക്ക് സമീപം, പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്നു.

- അംബിളിക്കൽ ഹെർണിയ: പൊക്കിളിനടുത്ത്, കുട്ടികളിൽ സാധാരണമാണ്; മുതിർന്നവരിൽ അമിതവണ്ണം, ഗർഭം മുതലായവ കാരണം സംഭവിക്കാം.

- ഇൻസിഷനൽ ഹെർണിയ: ശസ്ത്രക്രിയാനന്തര മുറിവുകൾ വഴി രൂപപ്പെടുന്നു.

- വെൻട്രൽ ഹെർണിയ: ഉദരഭിത്തിയുടെ മുൻവശത്തോ വശത്തോ ഉണ്ടാകുന്ന ഹെർണിയകൾ, ഇതിൽ എപ്പിഗാസ്ട്രിക്, സ്‌പൈജിലിയൻ ഹെർണിയകൾ ഉൾപ്പെടുന്നു.

ചികിത്സാ മാർഗങ്ങൾ

ഹെർണിയയ്ക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ ശസ്ത്രക്രിയയാണ്.

1. ഹെർണിയോട്ടമി (കുഞ്ഞുങ്ങൾക്ക്): ചെറിയ ദ്വാരം അടയ്ക്കുന്ന ശസ്ത്രക്രിയ.

2. ഹെർണിയോപ്ലാസ്റ്റി (മുതിർന്നവർക്ക്): ദുർബലമായ ഭാഗം മെഷ് (synthetic mesh) ഉപയോഗിച്ച് ബലപ്പെടുത്തുന്നു.

പ്രധാന ശസ്ത്രക്രിയാ രീതികൾ

- ഓപ്പൺ സർജറി: വലിയ മുറിവ് ഉണ്ടാക്കി കുടൽ തിരികെ വച്ച് മെഷ് സ്ഥാപിക്കുന്നു.

- ലാപ്രോസ്‌കോപിക് (കീഹോൾ) സർജറി: ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കി ക്യാമറയും ഉപകരണങ്ങളും ഉപയോഗിച്ച് കുടൽ തിരികെ വച്ച് മെഷ് സ്ഥാപിക്കുന്നു.

ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയ്ക്ക്:

- വേദന കുറവ്

- ചെറിയ മുറിവുകൾ

- വേഗത്തിലുള്ള സുഖപ്രാപ്തി

- സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് തിരിച്ചുവരൽ

റോബോട്ടിക് സർജറി

ഹെർണിയ ചികിത്സയിൽ ഏറ്റവും പുതിയ മുന്നേറ്റമാണ് റോബോട്ടിക് സർജറി. ലാപ്രോസ്‌കോപ്പിക് രീതിയുടെ തന്നെ ഒരു വികസിത രൂപമാണിത്, എന്നാൽ കൂടുതൽ കൃത്യതയും നിയന്ത്രണവും നൽകുന്ന രീതിയാണ് റോബോട്ടിക് സർജറി. സർജൻ നേരിട്ട് രോഗിയുടെ ശരീരത്തിൽ പ്രവർത്തിക്കുന്നതിനു പകരം, പ്രത്യേക കൺസോൾ വഴി റോബോട്ടിക് കൈകൾ ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്.

ഹെർണിയ ശസ്ത്രക്രിയയിൽ റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നതോടെ:

- കൃത്യത: ഹെർണിയയുടെ ദ്വാരം അടയ്ക്കുന്നതിനും മെഷ് സ്ഥാപിക്കുന്നതിനും സൂക്ഷ്മമായ ചലനങ്ങൾ നിർവഹിക്കാൻ കഴിയും.

- 3D ഹൈ-ഡെഫിനിഷൻ ദൃശ്യങ്ങൾ: കുടലിന്റെയും വയറിന്റെ ഭിത്തിയുടെയും ഘടനകൾ വ്യക്തമായി കാണാൻ സഹായിക്കുന്നു.

- ചെറിയ മുറിവുകൾ: രോഗിക്ക് വേദന കുറവായിരിക്കും, രക്തസ്രാവം കുറയും.

- വേഗത്തിൽ സുഖം പ്രാപിക്കാനും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും കഴിയും.

- കുറഞ്ഞ സങ്കീർണതകൾ: മുറിവ് സംബന്ധമായ അണുബാധകൾ കുറവാണ്.

ഹെർണിയയ്ക്ക് റോബോട്ടിക് സർജറി തിരഞ്ഞെടുക്കുന്നത്, പ്രത്യേകിച്ച് സങ്കീർണമായ ഇൻസിഷനൽ ഹെർണിയകൾ, ആവർത്തിച്ച് വരുന്ന ഹെർണിയകൾ, വലിയ മെഷ് ആവശ്യമായ സാഹചര്യങ്ങൾ എന്നിവയിൽ ഏറെ പ്രയോജനകരമാണ്. രോഗിയുടെ ആരോഗ്യസ്ഥിതി, ഹെർണിയയുടെ തരം, ശസ്ത്രക്രിയാവിദഗ്ധന്റെ വൈദഗ്ധ്യം എന്നിവയെ ആശ്രയിച്ചാണ് റോബോട്ടിക് മാർഗം തിരഞ്ഞെടുക്കുന്നത്.

ശസ്ത്രക്രിയാനന്തര പരിചരണം

സാധാരണ ശസ്ത്രക്രിയകൾക്കു ശേഷം 4 മുതൽ 6 ആഴ്ചകൾ വരെ ഭാരമേറിയ ജോലികൾ ഒഴിവാക്കുക

മുറിവ് ശുചിയായി സൂക്ഷിക്കുക

ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുക

അണുബാധ, രക്തസ്രാവം, വീണ്ടും മുഴ രൂപപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക. ഹെർണിയ സാധാരണയായി അപകടകരമല്ലാത്ത രോഗാവസ്ഥയാണെങ്കിലും, സമയോചിതമായി ചികിത്സ തേടാത്ത പക്ഷം ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് മാറാം. 

ശസ്ത്രക്രിയയാണ് ഏക ഫലപ്രദമായ ചികിത്സ, അത് രോഗിയുടെ ആരോഗ്യസ്ഥിതി, പ്രായം, ഹെർണിയയുടെ തരം എന്നിവയെ ആശ്രയിച്ചാണ് തിരഞ്ഞെടുക്കുന്നത്.

ലേഖനം തയ്യാറാക്കിയത്:

ഡോ. ദേവരാജ് ടി വി

ജനറൽ, ലാപ്രോസ്‌കോപിക് & റോബോട്ടിക് സർജൻ

തലശ്ശേരി മിഷൻ ഹോസ്പിറ്റൽ, തലശ്ശേരി