തിരുവനന്തപുരം: സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. കേന്ദ്ര ബഹുമതി ലഭിക്കുന്ന ആശുപത്രികളുടെ എണ്ണം 55 ആയി. 

നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ച ആശുപത്രികളുടെ പട്ടികയിൽ ആദ്യ 12 സ്ഥാനവും സംസ്ഥാനത്ത് നിന്നുള്ള സർക്കാർ ആശുപത്രികൾക്കാണ്. വയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം (97%), കോഴിക്കോട് താമരശേരി ഗവ. താലൂക്ക് ആശുപത്രി (93.6%), കണ്ണൂര്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം (93%), കണ്ണൂര്‍ കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രം (93%), എറണാകുളം പായിപ്പറ കുടുംബാരോഗ്യ കേന്ദ്രം (92%), കോട്ടയം വെള്ളിയാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92%), കോഴിക്കോട് കല്ലുനിറ യു.പി.എച്ച്.സി. (90.6%), എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം (90%), കാസര്‍ക്കോട് മുള്ളയേരിയ കുടുംബാരോഗ്യ കേന്ദ്രം (90%), കണ്ണൂര്‍ കൂവോട് യു.പി.എച്ച്.സി. (88.9%), കോഴിക്കോട് ഇടച്ചേരി കുടുംബാരോഗ്യ കേന്ദ്രം (88%) കോട്ടയം കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം (85%) മലപ്പുറം പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം (84%) എന്നിവയാണ് പുതിയതായി ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി ലഭിച്ചത്.‌ 

തിരുവനന്തപുരം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രമാണ് 99% പോയിന്റോടെ ഒന്നാം സ്ഥാനത്തുള്ളത്. ജില്ലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 12 എണ്ണത്തിന് ദേശീയ അംഗീകാരം നേടിയെടുത്ത കണ്ണൂരാണ് ഒന്നാം സ്ഥാനത്തില്‍. 

ഈ വര്‍ഷം അവസാനത്തോടെ 140 സര്‍ക്കാര്‍ ആശുപത്രികളെങ്കിലും എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ആരോഗ്യ വകുപ്പ് പ്രവർത്തനം. എട്ട് വിഭാഗങ്ങളിലായി 6500 ഓളം ഘടകങ്ങള്‍ വിലയിരുത്തിയാണ് എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്.