Asianet News MalayalamAsianet News Malayalam

World AIDS Day : 2025 ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുക ലക്ഷ്യം; മന്ത്രി വീണാ ജോര്‍ജ്

ഡിസംബര്‍ 1- ലോക എയ്ഡ്‌സ് ദിനം. ലോക എയ്ഡ്‌സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും. 

Kerala Health minister veena george about world AIDS day
Author
Thiruvananthapuram, First Published Nov 30, 2021, 3:24 PM IST

2025 വര്‍ഷത്തോട് കൂടി പുതിയ എച്ച്ഐവി (HIV) അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George). 2030 ഓടു കൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന് അത് നേരത്തെ കൈവരിക്കാനാകും. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സംസ്ഥാനത്ത് ലോക എയ്ഡ്‌സ് ദിനത്തില്‍ തുടക്കം കുറിക്കുകയാണ്. എച്ച്ഐവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയും ഇതിനകം എച്ച്ഐവി അണുബാധിതരായ എല്ലാവരേയും പരിശോധനയിലൂടെ കണ്ടെത്തി അവര്‍ക്ക് മതിയായ ചികിത്സയും പരിചരണവും നല്‍കുന്നതിലൂടെയും ഈയൊരു ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

ലോക എയ്ഡ്‌സ് ദിനത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പും എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും താലൂക്ക് തലത്തിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. എയ്ഡ്‌സിനെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും എച്ച്ഐവി അണുബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്ഐവി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. 'അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം' എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം.

വര്‍ണ, വര്‍ഗ, ലിംഗ അസമത്വങ്ങള്‍ ഇല്ലാതാക്കികൊണ്ടും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും നിയമപരവുമായ സമത്വം ഉറപ്പാക്കികൊണ്ടും മാത്രമേ എയ്ഡ്‌സിനെയും കോവിഡ് പോലെയുള്ള മഹാമാരികളെയും ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളു എന്ന് ഈ സന്ദേശം ഓര്‍മ്മപ്പെടുത്തുന്നു. കോവിഡ് മഹാമാരി വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ സമഗ്രമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ പുതിയ എച്ച്ഐവി അണുബാധ കേരളത്തില്‍ ഇല്ലാതാക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കഴിയൂ.

ഒക്‌ടോബര്‍ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് എച്ച്ഐവി അണുബാധിതരായി 25,775 പേരാണ് ഉഷസ് കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് മുതിര്‍ന്നവരിലെ എച്ച്.ഐ.വി അണുവ്യാപന തോത് .08 ശതമാനമാണെങ്കില്‍ ദേശീയതലത്തില്‍ ഇത് .22 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എച്ച്ഐവി അണുവ്യാപനത്തോത് കുറവാണെങ്കിലും ലക്ഷ്യപ്രാപ്തിയിലേക്ക് ഇനിയും മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. അതിനായി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ലോക എയ്ഡ്‌സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും. തിരുവനന്തപുരത്ത് ഡബിള്‍ ഡെക്കര്‍ ക്യാമ്പയിന്‍, റോഡ് ഷോ, എക്‌സിബിഷന്‍ എന്നിവയും ഉണ്ടായിരിക്കും.

Also Read: 'എച്ച്ഐവി രോഗികളുടെ പെൻഷൻ മുടക്കരുത്, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ 

Follow Us:
Download App:
  • android
  • ios