Asianet News MalayalamAsianet News Malayalam

ഹൃദയാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യം: മന്ത്രി വീണാ ജോര്‍ജ്

ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. അതിനാല്‍ തന്നെ ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം എല്ലാവരും ഓര്‍ക്കണമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. 

kerala health minister veena george about world heart day
Author
Thiruvananthapuram, First Published Sep 29, 2021, 1:58 PM IST

ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. അതിനാല്‍ തന്നെ ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം എല്ലാവരും ഓര്‍ക്കണമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. 

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. അതിനാല്‍ തന്നെ ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം എല്ലാവരും ഓര്‍ക്കണം. പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴില്‍ 5 ജില്ലകളില്‍ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കാത്ത് ലാബ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കുന്നതിന് സര്‍ക്കാര്‍ മേഖലയിലുള്ള കാത്ത് ലാബുകള്‍ ഏറെ സഹായകരമാണ്.

'ഹൃദയത്തെ ഹൃദയം കൊണ്ട് ബന്ധിക്കാം' (Use heart to connect people with heart) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. നമ്മെയും നമുക്ക് ചുറ്റുമുള്ളവരെയും ഹൃദ്രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായും അവരുടെ ഹൃദയാരോഗ്യം ഉറപ്പു വരുത്തുന്നതിനായും പരിശ്രമിക്കാം എന്നാണ് ഈ സന്ദേശം ഓര്‍മിപ്പിക്കുന്നത്. ശരിയായ ഭക്ഷണ രീതി സ്വീകരിച്ചും, കൃത്യമായി വ്യായാമം ചെയ്തും പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കിയും ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാം. ഹൃദയത്തെ ബാധിക്കുന്ന ഒന്നിലധികം അസുഖങ്ങള്‍ ആണ് ഹൃദ്രോഗങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. രക്ത ധമനികളെ ബാധിക്കുന്ന രോഗങ്ങള്‍, ഹൃദയ താളത്തെ ബാധിക്കുന്ന രോഗങ്ങള്‍, ജന്മനായുള്ള ഹൃദയ വൈകല്യങ്ങള്‍ ഇവയെല്ലാം ഹൃദ്രോഗങ്ങളില്‍ പെടുന്നു.

പുകവലി, അമിത വണ്ണം, കൂടിയ അളവിലുള്ള കൊളസ്‌ട്രോള്‍, രക്താതിമര്‍ദ്ദം, പ്രമേഹം എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കും. കൃത്യമായി വ്യായാമം ചെയ്യുക, ദിവസവും അര മണിക്കൂര്‍ നടക്കുക, സൈക്കിള്‍ ചവിട്ടുക, നീന്തുക, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, ഉപ്പും, അന്നജവും, കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക, മുഴുവനായോ, സാലഡുകളായോ, ആവിയില്‍ വേവിച്ചോ പച്ചക്കറികളും, പഴവര്‍ഗങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, പുകവലിയും, മദ്യപാനവും ഒഴിവാക്കുക, ശരീരഭാരം ക്രമീകരിക്കുക തുടങ്ങിയവയിലൂടെ ഹൃദ്രോഗങ്ങള്‍ ചെറുക്കാന്‍ സാധിയ്ക്കും. 

രക്തമര്‍ദ്ദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്‌ട്രോള്‍ ഇവ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ കൃത്യമായി കഴിക്കുകയും വേണം. മാനസിക പിരിമുറുക്കം തിരിച്ചറിയുകയും അത് ലഘൂകരിക്കാനുള്ള വഴികള്‍ തേടുകയും വേണം. 

കോവിഡ് കാലത്ത് ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വീട്ടില്‍ കഴിയുമ്പോള്‍ കൃത്യമായ ദിനചര്യ പിന്തുടരുക, ആരോഗ്യം അനുവദിക്കുന്ന തരത്തിലുള്ള ലഘുവ്യായാമങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക, മതിയായ അളവില്‍ ഉറങ്ങുക, സാമൂഹ്യബന്ധങ്ങള്‍ നിലനിര്‍ത്തുവാനായി സമൂഹമാധ്യമങ്ങള്‍, ഫോണ്‍ ഇവ ഉപയോഗിക്കുക, സുഹൃത്തുക്കളെ ബന്ധുക്കളെയും വിളിക്കുകയും അവരോട് മനസ് തുറന്ന് സംസാരിക്കുകയും ചെയ്യുക. എല്ലാവരും മാനസികാരോഗ്യം ഉറപ്പ് വരുത്തേണ്ടതാണ്.

 

Also Read:  'ഹൃദയപൂർവം ഏവരെയും ഒന്നിപ്പിക്കുക'; ഇന്ന് ലോക ഹൃദയാരോഗ്യ ദിനം

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios