മലേഷ്യയിലെ നായ്ക്കുട്ടിക്ക് കേരളത്തിന്‍റെ സഹായത്തോടെ നടത്തിയ ഓണ്‍ലൈന്‍ ശസ്ത്രക്രിയ വിജയം. വയനാട് പൂക്കോട് വെറ്റിനറി സര്‍വകാശാലയിലെ ഡോക്ടര്‍മാര്‍ നല്‍കിയ തത്സമയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഈ കൊവിഡ് കാലത്ത് മലേഷ്യയിലെ ഒരു നായ്ക്കുട്ടിക്ക് സങ്കീര്‍ണമായൊരു ശസ്ത്രക്രിയ നടത്തിയത്. 

ആദ്യമായി നടന്ന ടെലി ഗൈഡഡ് ശസ്ത്രക്രിയ അ‍ഞ്ചുമണിക്കൂറോളം നീണ്ടതായിരുന്നു. മലേഷ്യയിലെ പെനാങ് മേഖലയിലെ മൃഗാശുപത്രിയിലെത്തുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നു മിനിയേച്ചര്‍ പിന്‍ഷര്‍ ഇനത്തില്‍പ്പെട്ട നായ്ക്കുട്ടി.

ഭക്ഷണം അന്നനാളത്തില്‍ കെട്ടിക്കിടക്കുന്ന ജനിതകവൈകല്യമായിരുന്നു എട്ടാഴ്ച പ്രായമുള്ള നായ്ക്കുട്ടിക്ക്. സങ്കീര്‍ണമായ തൊറാസിക് സര്‍ജറി ചെയ്യാന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് ധൈര്യം ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സര്‍ജറി വിഭാഗവുമായി അവര്‍ ബന്ധപ്പെടുന്നത്. 

Also Read: പറന്നുകളിക്കുന്ന പട്ടിക്കുഞ്ഞ്; വൈറലായി ടിക് ടോക് വീഡിയോ...

പൂക്കോടുള്ള ഡോക്ടര്‍മാര്‍ ഈ വെല്ലുവിളി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് കോളേജിലെ ടെലി മീഡിയ സംവിധാനം ഉപയോഗപ്പെടുത്തി. ഒപ്പം മലേഷ്യയിലും സൗകര്യം ഒരുക്കി. ശേഷം വിദഗ്ദ ഡോക്ടര്‍മാര്‍ നിര്‍ദേശങ്ങള്‍ ഓണ്‍ലൈനിലൂടെ തത്സമയം നല്‍കിയാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.