കൊറോണ വൈറസിനെതിരെയുളള പോരാട്ടത്തിലാണ് ചൈന. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ചൈനയിൽ 490 ഉം ഫിലിപ്പിയൻസിലും ഹോങ്കോങ്ങിലുമായി രണ്ടുപേരും മരിച്ചു. ഇരുപത്തിനാലായിരത്തിലധികം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

 ചൈനയ്ക്ക് പുറമെ 25 രാജ്യങ്ങളിലാണ് ഇതുവരെ കൊറോൺ സ്ഥിരീകരിച്ചിട്ടുള്ളത്.മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതോടെ, കേരളം രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തു. അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നും, ഇനിയും ചൈനയിൽ നിന്നുള്ളവർ തിരികെയെത്തുമെന്നും, അവരെ പരിഭ്രാന്തി പരത്താതെ ക്വാറന്‍റൈൻ ചെയ്യാൻ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. 

അതിനിടെ, ചൈനയില്‍ നിന്ന് ദയനീയമായ ചില ദൃശ്യങ്ങളും വാര്‍ത്തകളുമാണ് പുറത്തുവരുന്നത്. വൈറസ് പകരുന്നത് മൃഗങ്ങളിലൂടെയാണെന്ന ധാരണയില്‍ പല വീടുകളിലും വളര്‍ത്തുമൃഗങ്ങളെ വലിച്ചെറിഞ്ഞും കല്ലെറിഞ്ഞും കൊല്ലുകയാണ്. രക്തത്തില്‍ കുളിച്ചു തെരുവില്‍ കിടക്കുന്ന പൂച്ചകളും നായകളും അടങ്ങുന്ന വളര്‍ത്തുമൃഗങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നത്. 

ടിയന്‍ജിന്‍ നഗരത്തിലെ ഹുബെയ് പ്രവിശ്യയില്‍ നിന്നും ഇത്തരത്തില്‍ കൊല്ലപ്പെട്ട നിലയിലുളള നായയുടെ ശരീരം ഫ്ലാറ്റിന്‍റെ സമീപത്ത് നിന്നും കണ്ടെടുത്തിരുന്നു. ഷാങ്ങ്ഹായില്‍ നിന്നും അഞ്ച് വളര്‍ത്തു പൂച്ചകളുടെ ശവശരീരങ്ങളാണ് രക്തത്തില്‍ കുതിര്‍ന്ന നിലയില്‍ കാണപ്പെട്ടത്. 

ഇത്തരത്തിലുള്ള നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. മൃ​ഗങ്ങൾ ചത്തുകിടക്കുന്ന ചിത്രങ്ങളും പലരും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പ്രവർത്തിക്കെതിരം രം​ഗത്ത് വന്നിട്ടുള്ളത്. കൊറോണ വൈറസ് വളർത്തുമൃ​ഗങ്ങളിലൂടെ പകരുമെന്ന് ഓദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ സംഭവത്തിൽ മൃ​ഗസ്നേഹികളും സംഘടനകളും ഇടപെടണമെന്നാണ് ചിലരുടെ അഭിപ്രായം.