Asianet News MalayalamAsianet News Malayalam

ഉയരക്കുറവിന്റെ പേരില്‍ കളിയാക്കപ്പെട്ട ബാലന്‍; എന്താണ് 'ഡ്വാര്‍ഫിസം'

സ്‌കൂള്‍ കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവര്‍ പോലും ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്ന വ്യക്തികളെ പരിഹസിക്കാന്‍ മുതിരുന്നു എന്നതാണ് വിഷമകരമായ സത്യം. ചികിത്സയില്ലാത്ത, ശാരീരികാവസ്ഥയുമായി മുന്നോട്ടുപോകുന്ന ഒരു വ്യക്തിയെ മാനസികമായി തളര്‍ത്തുമ്പോള്‍, അവിടെ വ്യക്തമാകുന്നത് സമൂഹ മനസാക്ഷിയുടെ നീതിബോധമില്ലായ്മയാണ്. ശാരീരികമായ വൈവിധ്യങ്ങളോടെ ആര്‍ക്കും ജീവിക്കാനുള്ള അവകാശം നിഷേധിക്കാതിരിക്കുക എന്നതാണ് ആരോഗ്യപരമായ രീതി

know about dwarfism which came in discussion after quaden bayles viral video
Author
Australia, First Published Feb 22, 2020, 1:17 PM IST

ഉയരമില്ലെന്ന് പറഞ്ഞ് സ്‌കൂളില്‍ കൂട്ടുകാര്‍ കളിയാക്കിയതിനെ തുടര്‍ന്ന് അമ്മയോട് പരാതി പറഞ്ഞ് കരയുന്ന ക്വാഡന്‍ ബെയില്‍സ് എന്ന ബാലന്റെ വീഡിയോ ഇതിനോടകം തന്നെ എല്ലാവരും കണ്ടിരിക്കും. ക്വാഡന്‍ ഇത് പതിവായി നേരിടുന്ന പ്രശ്‌നമാണെന്നും എന്താണ് ഇത്തരം പരിഹാസങ്ങള്‍ ഒരു വ്യക്തിയിലുണ്ടാക്കുന്ന ആഘാതമെന്ന് മനസിലാക്കി നല്‍കാനാണ് വീഡിയോ ചിത്രീകരിക്കുന്നതെന്നും അമ്മ വീഡിയോയിലൂടെ പറഞ്ഞിരുന്നു. 

കരഞ്ഞുകൊണ്ട് തന്നെയൊന്ന് കൊന്നുതരുമോ എന്നായിരുന്നു ക്വാഡന്റെ ചോദ്യം. അത്രമാത്രം സംഘര്‍ഷമാണ് കളിയാക്കലുകള്‍ ക്വാഡന്റെ മനസിലുണ്ടാക്കിയത് എന്ന് വ്യക്തം. 

ക്വാഡന്റെ ഉയരക്കുറവിന് പിന്നില്‍...

'ഡ്വാര്‍ഫിസം' എന്ന അപൂര്‍വ്വ ജനിതക രോഗമാണ് ക്വാഡന്റെ ഉയരക്കുറവിന് പിന്നിലെ കാരണം. ജനിതക രോഗം എന്ന് കേള്‍ക്കുമ്പോള്‍ വ്യക്തമാകുന്നത് പോലെ തന്നെ, ജനനം മുതല്‍ തന്നെ ഒരു വ്യക്തിയില്‍ കാണപ്പെടുന്ന രോഗമാണിത്. എല്ലിന്റെ വളര്‍ച്ച മുരടിച്ചുപോകുന്ന അവസ്ഥ. അതിനാല്‍ത്തന്നെ, ഉയരക്കുറവാണ് പ്രധാന പരിണിതഫലമായി വരുന്നത്. 

കാല്‍മുട്ടുകള്‍ മടക്കാനുള്ള വിഷമത, നടുഭാഗം ചെറിയ കൂനുള്ളതിന് സമാനമായി തള്ളിയിരിക്കുക, പല്ലുകള്‍ ഇടുങ്ങിക്കൂടി ഉണ്ടാവുക എന്നിവയെല്ലാം 'ഡ്വാര്‍ഫിസ'മുള്ളവരില്‍ കാണുന്ന മറ്റ് പ്രത്യേകതകളാണ്. 

 

know about dwarfism which came in discussion after quaden bayles viral video

 

'ഡ്വാര്‍ഫിസം' മരുന്നുകളിലൂടെയോ മറ്റ് ചികിത്സാരീതികളിലൂടെയോ ഭേദപ്പെടുത്തുക സാധ്യമല്ല. അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളേയും പ്രശ്‌നങ്ങളേയും നിയന്ത്രിക്കുകയോ ലഘൂകരിക്കുകയോ ചെയ്യാമെന്ന് മാത്രം. അതായത്, 'ഡ്വാര്‍ഫിസം' ഉള്ളൊരു വ്യക്തി, ആജീവനാന്തകാലം അതേ അവസ്ഥയില്‍ തന്നെ തുടരേണ്ടിവരും. 

ശരീരത്തിനുമപ്പുറമുള്ള ബുദ്ധിമുട്ടുകള്‍...

മേല്‍ സൂചിപ്പിച്ചത് പോലെ, തന്നെ ചികിത്സിച്ച് ഭേദമാക്കാനാകാത്ത അസുഖമായതിനാലും ആജീവനാന്തം അതേ അവസ്ഥയില്‍ തന്നെ തുടരേണ്ടിവരുന്നതിനാലും ശാരീരികമായ ബുദ്ധിമുട്ടുകളെക്കാള്‍ രോഗി അനുഭവിക്കുക, മാനസികമായ ബുദ്ധിമുട്ടുകളായിരിക്കും. ക്വാഡന്റെ കാര്യത്തില്‍ സംഭവിച്ചത് ഒരു ഉദാഹരണമായിട്ടെടുക്കാം. 

സമൂഹത്തിന്റെ മോശം മനോഭാവത്തിന് ഇരയാവുക എന്നതാണ് 'ഡ്വാര്‍ഫിസം' ബാധിച്ച വ്യക്തി നേരിടേണ്ടിവരുന്ന ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്‌നം. പലപ്പോഴും ചെറിയ പ്രായത്തില്‍ തന്നെ ക്രൂരമായ കളിയാക്കലുകള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയാകുന്നതോടെ മാനസികമായി തകരുകയും, ആത്മാഭിമാനം നഷ്ടപ്പെട്ട് സമൂഹത്തോടാകെ വൈരാഗ്യബുദ്ധിയുണരുകയും ചെയ്യുന്നു. 

 

know about dwarfism which came in discussion after quaden bayles viral video

 

സ്‌കൂള്‍ കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവര്‍ പോലും ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്ന വ്യക്തികളെ പരിഹസിക്കാന്‍ മുതിരുന്നു എന്നതാണ് വിഷമകരമായ സത്യം. ചികിത്സയില്ലാത്ത, ശാരീരികാവസ്ഥയുമായി മുന്നോട്ടുപോകുന്ന ഒരു വ്യക്തിയെ മാനസികമായി തളര്‍ത്തുമ്പോള്‍, അവിടെ വ്യക്തമാകുന്നത് സമൂഹ മനസാക്ഷിയുടെ നീതിബോധമില്ലായ്മയാണ്. ശാരീരികമായ വൈവിധ്യങ്ങളോടെ ആര്‍ക്കും ജീവിക്കാനുള്ള അവകാശം നിഷേധിക്കാതിരിക്കുക എന്നതാണ് ആരോഗ്യപരമായ രീതി. അത്തരം ആരോഗ്യപരമായ രീതികളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കാന്‍ അവ, പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും അധ്യാപകരുള്‍പ്പെടെയുള്ള മുതിര്‍ന്നവര്‍ അതിനെ ഫലവത്തായി നടപ്പിലാക്കി കാണിക്കുന്നതിന് മുന്നിട്ടിറങ്ങുകയും ആവശ്യമാണ്. 

Follow Us:
Download App:
  • android
  • ios