ഇൻഹേലർ മരുന്നുകളാണ് ആസ്‌ത്മ ചികിത്സയുടെ ആണിക്കല്ല്. ദൗർഭാഗ്യവശാൽ ഒട്ടനവധി മിഥ്യാധാരണകളും ഇതെ പറ്റിയുണ്ട്. ഇൻഹേലറുകളെപറ്റിയുള്ള കൃത്യമായ അവബോധം പകർന്നു നൽകുകവഴി ആസ്ത്മ ദിന സന്ദേശം പ്രാവർത്തികമാക്കാൻ നമുക്ക് കഴിയും.
ഇന്ന് മെയ് 2 ലോക ആസ്ത്മ ദിനമാണ്. 'എല്ലാവർക്കും ആസ്ത്മ കെയർ' എന്നതാണ് ഈ വർഷത്തെ ആസ്ത്മദിന സന്ദേശം. ആസ്ത്മയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും, അതുമൂലം ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിനുമുള്ള അവസരമാണിത്.
ഇൻഹേലർ മരുന്നുകളാണ് ആസ്‌ത്മ ചികിത്സയുടെ ആണിക്കല്ല്. ദൗർഭാഗ്യവശാൽ ഒട്ടനവധി മിഥ്യാധാരണകളും ഇതെ പറ്റിയുണ്ട്. ഇൻഹേലറുകളെപറ്റിയുള്ള കൃത്യമായ അവബോധം പകർന്നു നൽകുകവഴി ആസ്ത്മ ദിന സന്ദേശം പ്രാവർത്തികമാക്കാൻ നമുക്ക് കഴിയും.
ഇൻഹേലറുകളെ കുറിച്ച് ഏറ്റവും പ്രധാനമായി അറിയേണ്ട പത്ത് കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്.
എന്താണ് ഇൻഹേലറുകൾ?
ആസ്ത്മ, COPD ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവച്ച ഒന്നാണ് ഇൻഹേലർ തെറാപ്പി. ശ്വാസനാളികളിലേക്ക് നേരിട്ട് മരുന്നെത്തിക്കാൻ സഹായിക്കുന്ന ഫലപ്രദമായ ഒരു ഉപാധിയാണ് ഇൻഹേലര്‍. ദൗർഭാഗ്യവശാൽ ഒട്ടനവധി തെറ്റിദ്ധാരണകളും വ്യാജപ്രചാരണങ്ങളും, ഇൻഹേലറുകളെപ്പറ്റിയുണ്ട്.
ഇൻഹേലറുകൾ എത്ര തരം?
ശരിയായ ഇൻഹേലർ എങ്ങനെ തെരഞ്ഞെടുക്കാം? നിരവധി തരം ഇൻഹേലറുകൾ ഉണ്ട്. മീറ്റേർഡ് ഡോസ് ഇൻഹേലർ അഥവാ ഇൻഹേലർ അഥവാ റോട്ടാ ഹേലറുകൾ, ടർബോഹേലറുകൾ, ബത്ത് ആവേ റ്റഡ് ഇൻഹേലറുകൾ അഥവാ സിൻഡ്രോ ബൈത്തുകൾ ഇവയാണ് പ്രധാനപ്പെട്ടവ.
ശ്വാസംമുട്ടലിന്‍റെ തീവ്രത, പ്രായം, മറ്റ് ടെക്നിക്ക് മനസ്സിലാക്കിയെടുക്കാനുള്ള പ്രായോഗികശേഷി ഇവയുടെ അടിസ്ഥാനത്തിലാണ് രോഗിക്ക് അനുയോജ്യമായ ഇൻഹേലറുകൾ നിശ്ചയിക്കപ്പെടുന്നത്.
ഉപയോഗത്തെ കുറിച്ച്...
ഒരിക്കൽ ഉപയോഗിച്ചുതുടങ്ങിയാൽ പിന്നെ ഇൻഹേലറുകൾ ജീവിതകാലം മുഴുവൻ ഉപയോഗിക്കേണ്ടി വരുമോ എന്ന സംശയം പലരിലും കാണാറുണ്ട്. ഈ പ്രചാരണം തെറ്റാണ്. ആസ്ത്മ- COPD രോഗികളിൽ ഏറ്റവും ലളിതവും, ഫലപ്രദവുമായ ചികിത്സാരീതിയാണ് ഇൻഹേലർ ചികിത്സ.
അത് എപ്പോൾ വേണമെങ്കിലും തുടങ്ങുകയോ, നിർത്തുകയോ ചെയ്യാം. പക്ഷേ മികച്ച രോഗനിയന്ത്രണം സാധ്യമാക്കുന്നതിന് ശരിയായ അളവിൽ ശരിയായ രീതിയിൽ ദീർഘനാളത്തെ ഇൻഹേലർ ഉപയോഗം അനിവാര്യമാണ്.
നല്ലൊരു ശതമാനം ആസ്ത്മ രോഗികളിലും, കൃത്യമായ രോഗനിയന്ത്രണം സാധ്യമാകുന്ന ഘട്ടത്തിൽ ഇൻഹേലറുകൾ നിറുത്താറുണ്ട്. പിന്നീട് ഏതെങ്കിലും ഘട്ടത്തിൽ ബുദ്ധിമുട്ട് വരികയാണെങ്കിൽ മാത്രം ഉപയോഗി ക്കാൻ നിർദ്ദേശിക്കാറുണ്ട്. എന്നാൽ, COPD രോഗികളിൽ പലപ്പോഴും ലക്ഷണങ്ങൾ ദീർഘനാളുകൾ നീണ്ടുനിൽക്കുന്നതിനാൽ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ഇൻഹേലറുകൾ ഏറെനാൾ ഉപയോഗിക്കേണ്ടി വരാറുണ്ട്.
ഗർഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഉപയോഗിക്കാമോ?
തീർച്ചയായും ഈ സന്ദർഭങ്ങളിൽ ഏറ്റവും സുരക്ഷിതവും, ഫലപ്രദവുമായി ഉപയോഗിക്കാൻ കഴിയുന്നവയാണ് ഇൻഹേലറുകൾ. മുമ്പ് വിവരിച്ചതുപോലെ ശ്വാസനാളികളിൽ മാത്രം പ്രവർത്തിക്കുന്നതുകൊണ്ടും, വളരെ ചെറിയ ഡോസിൽ മാത്രം മരുന്നുള്ളതിനാലും ഇതര അവയവവ്യവസ്ഥകളിൽ പാർശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ല. അതിൽ തന്നെ ഗർഭസ്ഥശിശുവിന് യാതൊരുവിധ ദോഷവുമുണ്ടാകുന്നില്ല.
കുട്ടികളിൽ ഇൻഹേലറുകൾ സുരക്ഷിതമാണോ?
കുട്ടികളിലും വളരെ സുരക്ഷിതമാണ് ഇൻഹേലറുകൾ. പല പഠനങ്ങളും ആരംഭദശയിൽ തന്നെയുള്ള ഇൻഹേലർ ഉപയോഗം മെച്ചപ്പെട്ട രോഗനിയന്ത്രണത്തിനും, രോഗം മൂർച്ഛിക്കുന്നതു തടയുന്നതിനും സഹായിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. പക്ഷേ കുട്ടികളിൽ പലപ്പോഴും ശരിയായ ഇൻഹലേഷൻ ടെക്നിക് ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനായി സ്പ്രേ ഇൻഹേലറുകളാണ് ഉപയോഗിക്കുന്നതെങ്കിൽ അവയോടൊപ്പം സ്പേസർ എന്നൊരു ഉപകരണം കൂടി ആവശ്യം വരാറുണ്ട്.
ഇൻഹേലറുകൾ അഡിക്ഷന് കാരണമാകാറുണ്ടോ?
ശ്വാസനാളത്തിലേക്ക് മരുന്നുകളെ എത്തിക്കുക എന്നതാണ് ഇൻഹേലറുകളുടെ ധർമ്മം. ശ്വാസനാളം വികസിപ്പിക്കുന്നതിനുള്ള (ബ്രോങ്കോഡൈലേറ്റർ) മരുന്നുകളും, നീർക്കെട്ട് കുറയ്ക്കുന്നതിനുള്ള ഇൻഹലേഷണൽ കോർട്ടിക്കോ സ്റ്റിറോയ്ഡ് മരുന്നുകളുമാണ് മിക്ക ഇൻഹേലറുകളുടെയും ഘടകങ്ങൾ. ഇവയൊന്നും തന്നെ ആസക്തി ഉണ്ടാക്കുന്ന മരുന്നുകളല്ല.
മാത്രവുമല്ല ഇൻഹേലറുകൾ ശ്വാസ നാളത്തിൽ മാത്രം പ്രവർത്തിക്കുന്നവയാണ്. അതിനാൽ തന്നെ ഇതര ശരീരവ്യവസ്ഥകളിലേക്ക് എത്തുകയോ, പാർശ്വഫലങ്ങളുണ്ടാക്കുകയോ ചെയ്യുന്നില്ല.
ഇൻഹേലർ അമിതവണ്ണത്തിനു കാരണമാകുമോ?
നേരത്തെ പറഞ്ഞതുപോലെ ഇൻഹേലർ മരുന്നുകൾ ശ്വാസനാളികളിൽ മാത്രം പ്രവർത്തിക്കുന്നവയാണ്. അതിനാൽ തന്നെ രക്തത്തിൽ കലർന്ന് മറ്റു അവയവവ്യവസ്ഥകളിലേക്ക് എത്തുന്നില്ല. മാത്രവുമല്ല, ഇവയിലെ മരുന്നിന്‍റെ അളവ് കേവലം മൈക്രോഗ്രാമുകളിലാണുള്ളത്. അതിനാൽ തന്നെ ഇത്രയും ചെറിയ അളവ് മരുന്നുകൾ പൊണ്ണത്തടി പോലെയുള്ള ഒരു പാർശ്വഫലങ്ങളും ഉണ്ടാകില്ല.
ഇൻഹേലറുകൾക്ക് പകരം ഗുളികയോ സിറപ്പോ?
ആസ്ത്മ പോലെയുളള രോഗങ്ങൾ ചികിത്സിക്കുന്നതിനായി ഗുളികകളോ സിറപ്പുകളോ ഇൻഹേലറുകളെക്കാൾ മികച്ചതല്ല.
കാരണം, ശ്വാസനാളികളിലാണ് ഈ രോഗങ്ങളുടെ ഫലമായി നീർക്കെട്ടും, ചുരുക്കവും ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ അവിടെ നേരിട്ട് പ്രവർത്തിക്കുന്ന മരുന്നുകളായ ഇൻഹേലറുകളാണ് കൂടുതൽ ഫലപ്രദമാകുന്നത്.
നേരെമറിച്ച് ഗുളികകളും സിറപ്പുമരുന്നുകളും ഉപയോഗിക്കുമ്പോൾ അവയുടെ ഒരംശം മാത്രമേ ശ്വാസകോശങ്ങളിലെത്തുകയുള്ളൂ. എന്നാൽ രക്തത്തിൽ കലർന്ന് ഇവ മറ്റ് അവയവവ്യവസ്ഥകളിലേക്ക് എത്തുന്നതിനാൽ പാർശ്വഫലങ്ങൾ കൂടുതലുമായിരിക്കും. അതുകൊണ്ട് തന്നെ ഇൻഹേലറുകൾക്ക് പകരം ഗുളിക എന്നത് ഫലപ്രദമാകില്ല. ചിലപ്പോഴൊക്കെ ഇൻഹേലറുകളോടൊപ്പം ഗുളികകൾ കൂടി രോഗനിയന്ത്രണത്തിനു ആവശ്യം വരുന്നുവെങ്കിൽ ചേർക്കാറുണ്ടെന്ന് മാത്രം.
ഇൻഹേലറുകൾ അവസാന ആയുധമോ?
ആസ്ത്മ ചികിത്സയിൽ ഏറ്റവും ആദ്യം ഉപയോഗിക്കേണ്ടതും, ഏറെ ഫല പ്രദവുമായ മരുന്നുകളാണ് ഇൻഹേലറുകൾ.
ചുരുക്കത്തിൽ ചികിത്സയുടെ ആദ്യഘട്ട മാണ് ഇൻഹേലറുകൾ. അതിൽ കുറയാതെ വരുന്ന സാഹചര്യങ്ങളിലാണ് നെബുലൈസേഷനുകളും സ്റ്റിറോയ്ഡ് ഇൻജക്ഷനുകളും, ഗുളികകളുമൊക്കെ ആവശ്യമായി വരുന്നത്.
ആ ഘട്ടത്തിലേക്കെത്താതിരിക്കണമെങ്കിൽ, ആരംഭദശയിൽ തന്നെ ശരിയായ അളവിൽ, ശരിയായ രീതിയിൽ ഇൻഹേലറുകൾ ഉപയോഗിക്കണം. എന്നുവച്ചാല്‍ ഇൻഹേലറുകള്‍ അവസാന ആയുധമല്ല എന്ന് സാരം.
ഇൻഹേലറുകൾ എന്നത് പാർശ്വഫലങ്ങളുള്ള സ്റ്റിറോയ്ഡ് മരുന്നുകളാണ്?
ഇൻഹേലറുകളിൽ പലതരത്തിലുള്ള മരുന്നുകളുണ്ട്. ശ്വാസനാളത്തെ വികസിപ്പിക്കുന്ന ബ്രോങ്കോഡൈലേറ്റർ മരുന്നുകളും, നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്ന ഇൻഹലേഷണൽ കോർട്ടിക്കോസ്റ്റിറോയ്ഡ്സുമാണ് ഇവയിൽ പ്രധാനമായുണ്ടാകുക.
ഇതിലെ ഇൻഹലേഷണൽ കോർട്ടിക്കോ സ്റ്റിറോയ്ഡുകളാണ് പലപ്പോഴും തെറ്റിദ്ധാരണയ്ക്കിടയാക്കുന്നത്. ആദ്യം മനസ്സിലാക്കേണ്ടത് സ്റ്റിറോയ്ഡ്സ് എന്ന് കേൾക്കുമ്പോഴെ പരിഭ്രാന്തി പരത്തേണ്ട കാര്യമില്ല. നമ്മുടെ ശരീരം തന്നെ സ്റ്റിറോയ്ഡുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. പല ഹോർമോണുകളുടെ പ്രവർത്തനത്തിനും, ശരീരത്തിന്‍റെ പല ഉപാപചയ പ്രവർത്തനങ്ങൾക്കും ഇവ അനിവാര്യമാണ്.
ഇപ്രകാരം ശരീരം നിർമിക്കുന്ന സ്റ്റിറോയ്ഡുകളെക്കാൾ വളരെ ചെറിയ അളവിലാണ് (മൈക്രോ ഗ്രാമുകളിലാണ്) ഇൻഹേലറുകളിൽ ഈ മരുന്നുകൾ ഉള്ളത്.
അതുകൊണ്ടുതന്നെ ഒരു അനാവശ്യ ഭീതിയുടെയും കാര്യമില്ല. പലപ്പോഴും, അത്ലറ്റുകളും ബോഡി ബിൽഡേഴ്സുമൊക്കെ ദുരുപയോഗം ചെയ്യുന്ന അനബോളിക് സ്റ്റിറോയ്ഡുകളുമായി കൂട്ടിക്കലർത്തി ചിന്തിച്ചാണ് പലരും ഇൻഹേലറുകളെപ്പറ്റി തെറ്റിദ്ധാരണ പര ത്തുന്നത്. ഇതും ഒരു മിഥ്യാധാരണയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
ഇൻഹേലർ ഉപയോഗത്തിന് ശേഷം വായ കഴുകുക എന്നത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ചില ആളുകളിൽ വായ്ക്കുള്ളിൽ പൊട്ടലോ പൂപ്പലോ വരാൻ സാധ്യതയുണ്ട്. ഇതുമാത്രമാണ് ഇൻഹേലർ ചികിത്സയിൽ സാധാരണയായി കണ്ടുവരുന്ന ഒരു പാർശ്വഫലം. അതല്ലാതെ മറ്റൊരു ഭയാശങ്കകളും ഇൻഹേലറിനെപ്പറ്റി വച്ചു പുലർത്തേണ്ടതില്ല.
ശരിയായ ഇൻഹേലർ ഉപയോഗത്തിലൂടെയേ ആസ്ത്മാ നിയന്ത്രണം സാധ്യമാക്കാൻ കഴിയൂ എന്ന യാഥാർത്ഥ്യം ഓരോ ആസ്ത്മാ ദിനവും നമ്മെ ഓർമ്മപ്പെടുത്തുന്നു.

