Asianet News MalayalamAsianet News Malayalam

മൂത്രാശയ അണുബാധ ആവര്‍ത്തിച്ച് വരുന്നത് അപകടമോ?

ബാക്ടീരിയയാണ് പ്രധാനമായും മൂത്രാശയ അണുബാധയുണ്ടാക്കുന്നത്. സ്ത്രീകളില്‍ പ്രത്യേകിച്ചും. മൂത്രദ്വാരത്തിലൂടെ അകത്തേക്ക് കടക്കുന്ന ബാക്ടീരിയകള്‍ അകത്തെത്തിയ ശേഷം പെരുകുകയാണ് ചെയ്യുന്നത്.

know about recurrent urinary tract infection
Author
First Published Feb 22, 2024, 7:05 PM IST

മൂത്രാശയ അണുബാധയെന്നാല്‍ എന്താണെന്ന് ഏവര്‍ക്കും അറിയുമായിരിക്കും. വൃക്ക മുതല്‍  മൂത്രാശയം, മൂത്രനാളി എന്നിങ്ങനെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന അണുബാധകളെയെല്ലാം മൂത്രാശയ അണുബാധയെന്ന് തന്നെയാണ് വിശേഷിപ്പിക്കാറ്. മൂത്രാശയ അണുബാധ ധാരാളം പേരെ ബാധിക്കുന്നൊരു അസുഖമാണ്. 

പലപ്പോഴും നമ്മുടെ ജീവിതരീതികള്‍, നാം ജീവിക്കുന്ന ചുറ്റുപാടുകള്‍ ഒക്കെ തന്നെയാണ് മൂത്രാശയ അണുബാധയിലേക്ക് നമ്മെ നയിക്കുക. എന്നാലിത് ആവര്‍ത്തിച്ച് വന്നുകൊണ്ടിരിക്കുകയാണെങ്കിലോ? 

ബാക്ടീരിയയാണ് പ്രധാനമായും മൂത്രാശയ അണുബാധയുണ്ടാക്കുന്നത്. സ്ത്രീകളില്‍ പ്രത്യേകിച്ചും. മൂത്രദ്വാരത്തിലൂടെ അകത്തേക്ക് കടക്കുന്ന ബാക്ടീരിയകള്‍ അകത്തെത്തിയ ശേഷം പെരുകുകയാണ് ചെയ്യുന്നത്. ഇതാണ് അണുബാധയിലേക്ക് നയിക്കുന്നത്. 

ഇടയ്ക്കിടെ മൂത്രശങ്ക, മൂത്രമൊഴിക്കുമ്പോള്‍ എരിച്ചില്‍, വേദന, മൂത്രമൊഴിക്കാൻ തോന്നിയാല്‍ ഒട്ടും പിടിച്ചുവയ്ക്കാൻ സാധിക്കാത്ത അവസ്ഥ എന്നിവയെല്ലാമാണ് മൂത്രാശയ അണുബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ മൂത്രാശയ അണുബാധയുടെ ഭാഗമായി മൂത്രത്തില്‍ രക്തവും കാണാറുണ്ട്. 

മൂത്രാശയ അണുബാധ ചികിത്സയിലൂടെ നമുക്ക് പരിഹരിക്കാൻ സാധിക്കുന്നതാണ്. എന്നാല്‍ അത് ആവര്‍ത്തിച്ച് വരികയാണെങ്കില്‍ വിശദമായ പരിശോധന, നല്ല ഡോക്ടറെ കണ്ട് ചെയ്യിക്കുന്നത് നല്ലതാണ്. സ്ത്രീകളിലാണ് ഇത്തരത്തില്‍ മൂത്രാശയ അണുബാധ വീണ്ടും വരുന്ന സാഹചര്യം ഏറെയും കാണുന്നത്. സ്ത്രീകളില്‍ മൂത്രദ്വാരത്തിലൂടെ വളരെ പെട്ടെന്ന് ബാക്ടീരിയകള്‍ക്ക് അകത്തെത്താം എന്നതിനാലാണിത്. പുരുഷന്മാരിലാകുമ്പോള്‍ നീളമുള്ള അത്രയും ഭാഗം സഞ്ചരിച്ച് വേണം രോഗകാരികളായ ബാക്ടീരിയകള്‍ക്ക് അകത്തെത്താൻ. 

ഒരിക്കല്‍ ഏത് കാരണം കൊണ്ടാണോ മൂത്രാശയ അണുബാധ വന്നത് അതേ കാരണം കൊണ്ടാകാം വീണ്ടും വീണ്ടും വരുന്നത്. ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കാനായാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാൻ സാധിക്കുന്നതാണ്. ഇതിലേറ്റവും പ്രധാനം വ്യക്തി ശുചിവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. എപ്പോഴും കുളിക്കുക, ഒരുപാട് സോപ്പുപയോഗിക്കുക എന്നതൊന്നുമല്ല ശുചിത്വമെന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 

ചിലര്‍ക്ക് നനവോ, സോപ്പോ എല്ലാം അധികമാകുന്നത് തന്നെ വലിയ പ്രശ്നമാകാറുണ്ട്. അതിനാല്‍ മൂത്രാശയ അണുബാധ വീണ്ടും വരുന്നുവെങ്കില്‍ ഡോക്ടറോട് തന്നെ വേണ്ട നിര്‍ദേശങ്ങള്‍ തേടുക. മരുന്നുകള്‍ പ്രവര്‍ത്തിക്കാതെ വരുന്നത് മുതല്‍ ലൈംഗികബന്ധം വരെ ഇതില്‍ കാരണമായേക്കാം. അതിനാലാണ് ഡോക്ടറുമായി തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യാൻ ആവശ്യപ്പെടുന്നത്. 

എന്തായാലും മൂത്രാശയ അണുബാധ ആവര്‍ത്തിച്ച് വരുന്നത് നിസാരമായി തള്ളിക്കളയരുത്. ഇത് സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ വൃക്കയില്‍ കാര്യമായ അണുബാധ പിടിപെടുന്നതിലേക്കോ ഗര്‍ഭധാരണത്തിലോ എല്ലാം പ്രശ്നം വരാം.

Also Read:- മൂത്രാശയത്തിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ അറിയൂ; ചികിത്സയെ കുറിച്ചും അറിയാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios