Asianet News MalayalamAsianet News Malayalam

കൊവിഡ് 19; അറിയാം 'സ്റ്റെപ് കിയോസ്‌കുകള്‍'...

STEP എന്ന നാല് അക്ഷരങ്ങളെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ കൊവിഡ് സ്‌ക്രീനിംഗ് ടെസ്റ്റിംഗ്- ആരോഗ്യ വിദ്യാഭ്യാസം- പ്രതിരോധനടപടികള്‍ എന്നിവ മുന്‍നിര്‍ത്തിയുള്ള സേവനങ്ങളാണ് കൊവിഡ് 19 സ്റ്റെപ് കിയോസ്‌കുകളിലൂടെ നല്‍കിവരുന്നത്. ജനങ്ങള്‍ കിയോസ്‌കിലെ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് കേരളത്തിലെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കേണ്ടതാണ്

know about step kiosks kerala for covid
Author
Trivandrum, First Published Nov 1, 2020, 6:02 PM IST

പൊതുജനങ്ങളെ സംബന്ധിച്ച് കിയോസ്‌കുകള്‍ വളരെ സുപരിചിതമായ ഒരു വാക്കാണ്. കൊവിഡ് 19 മഹാമാരിയെ നേരിടുന്ന ഈ വേളയില്‍ കൊവിഡ് 19 സ്റ്റെപ് ( STEP) കിയോസ്‌കുകള്‍ കേരളത്തിലെ മഹാമാരി പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഘടകങ്ങളില്‍ ഒന്നാണ്. പ്രധാനമായും സ്‌ക്രീനിംഗ്, ടെസ്റ്റിംഗ്, എജ്യൂക്കേഷന്‍, പ്രിവെന്‍ഷന്‍ എന്നീ വ്യത്യസ്തമായ നാല് തലങ്ങളെ അടിസ്ഥാനമാക്കിയാണ് കൊവിഡ് സ്റ്റെപ് ( STEP) കിയോസ്‌കുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. 

സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വളരെ വേഗത്തില്‍ ലഭ്യമാകുന്ന തരത്തില്‍ വേണം സ്റ്റെപ്കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍. വായുസഞ്ചാരമുള്ള ഒരു സ്ഥലം ഇതിനായി തെരെഞ്ഞെടുക്കാവുന്നതാണ്. കൃത്യമായ സാമൂഹികാകലം പാലിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഒരു കാത്തിരിപ്പുകേന്ദ്രം കിയോസ്‌കുകള്‍ക്ക് അനുബന്ധമായി വേണ്ടതാണ്. തിക്കും തിരക്കും ഉണ്ടാകുന്നത് ഇത് തടയുന്നു. 'ബ്രേക്ക് ദി ചെയിന്‍' സന്ദേശങ്ങള്‍ അടങ്ങിയ വീഡിയോകള്‍, പോസ്റ്ററുകള്‍, എല്‍ഇഅഡി ഡിസ്‌പ്ലേകള്‍ എന്നിവ കിയോസ്‌കില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. സ്രവം ശേഖരിക്കുന്നതിനായി വിസ്‌കുകള്‍ കിയോസ്‌കിനു അനുബന്ധമായി സജ്ജീകരിക്കേണ്ടതാണ്. 

മുഴുവന്‍ ജീവനക്കാരും വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. കിയോസ്‌കുകള്‍ സന്ദര്‍ശിക്കുന്ന വ്യക്തികള്‍ക്ക് കൊവിഡ് 19 രോഗലക്ഷണങ്ങള്‍, പരിശോധന-ചികിത്സ കേന്ദ്രങ്ങള്‍, രോഗം സ്ഥിരീകരിച്ചാല്‍ ബന്ധപ്പെടേണ്ട വ്യക്തികള്‍ എന്നിവ സംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്യേണ്ടതാണ്.

കേരളത്തിലേക്ക് വരുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ കിയോസ്‌കുകള്‍ റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ടുകള്‍, ബസ് സ്റ്റാന്റുകള്‍, ചെക്ക്പോസ്റ്റുകള്‍, വിനോദകേന്ദ്രങ്ങള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കേണ്ടതാണ്. ഇതിന് പുറമെ ഷോപ്പിംഗ് മാളുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും ഇത് സ്ഥാപിക്കേണ്ടതാണ്. തദ്ദേശീയര്‍ക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയില്‍ ആയിരിക്കണം സ്റ്റെപ് കിയോസ്‌കുകള്‍ സ്ഥാപിക്കുവാന്‍.

സംസ്ഥാന സര്‍ക്കാരോ ഐസിഎംആറോ അംഗീകരിച്ച ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതിയുള്ള സ്വകാര്യ ലാബുകാര്‍ക്ക് കിയോസ്‌കുകള്‍ സ്ഥാപിക്കാവുന്നതാണ്. ഐസിഎംആര്‍/സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍ക്കാര്‍ മേഖലയിലെ ആശുപത്രികളിലെ ആശുപത്രി വികസന സമിതിക്ക് കിയോസ്‌കുകള്‍ സ്ഥാപിക്കാവുന്നതാണ്. എല്ലാ സ്റ്റെപ് കിയോസ്‌കുകളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

സേവനങ്ങള്‍...

1. കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നു.
2. മാസ്‌ക് ശരിയായി എപ്രകാരം ധരിക്കാമെന്നും, കൈകള്‍ ശാസ്ത്രീയമായി എങ്ങനെ കഴുകാമെന്നും, സാമൂഹിക അകലം എങ്ങനെ പാലിക്കാമെന്നുമുള്ള പൊതുനിര്‍ദേശങ്ങള്‍ കിയോസ്‌കുകള്‍ വഴി നല്‍കപ്പെടുന്നു.
3. കൊവിഡ് 19 രോഗലക്ഷ്ണങ്ങളുടെ പരിശോധനയാണ് (സ്‌ക്രീനിംഗ്) മറ്റൊന്ന്. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ഗന്ധങ്ങളെ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടല്‍, ക്ഷീണം, വയറിളക്കം മുതലായ കൊവിഡ് 19 രോഗലക്ഷ്ണങ്ങളെ കണ്ടെത്തുന്നു.
4. റാപിഡ് ആന്റിജന്‍ പരിശോധന സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ ചെയ്തുകൊടുക്കപ്പെടുന്നു.
5. ഇതിന് പുറമെ മാസ്‌കുകളും സാനിട്ടൈസറും സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ ആവശ്യക്കാര്‍ക്കായി നല്‍കുന്നു.

STEP എന്ന നാല് അക്ഷരങ്ങളെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ കൊവിഡ് സ്‌ക്രീനിംഗ് ടെസ്റ്റിംഗ്- ആരോഗ്യ വിദ്യാഭ്യാസം- പ്രതിരോധനടപടികള്‍ എന്നിവ മുന്‍നിര്‍ത്തിയുള്ള സേവനങ്ങളാണ് കൊവിഡ് 19 സ്റ്റെപ് കിയോസ്‌കുകളിലൂടെ നല്‍കിവരുന്നത്. ജനങ്ങള്‍ കിയോസ്‌കിലെ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് കേരളത്തിലെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കേണ്ടതാണ്.

Also Read:- കൊവിഡ് സ്ഥിരീകരിച്ചാല്‍ എടുക്കേണ്ട ചില തയ്യാറെടുപ്പുകള്‍...

Follow Us:
Download App:
  • android
  • ios