രാത്രിയില്‍ പതിവായി നെഞ്ച് എരിച്ചിലുണ്ടാകുന്നതായി നിങ്ങളുടെ വീട്ടിലാരെങ്കിലും പരാതിപ്പെടാറുണ്ടോ! അല്ലെങ്കില്‍ നിങ്ങള്‍ക്ക് തന്നെ ഈ അനുഭവം പതിവാണോ? എങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് അറിയൂ. 

നമ്മുടെ ആമാശയത്തില്‍ കാണപ്പെടുന്ന ദഹനരസം അന്നനാളത്തിലൂടെ മുകളിലേക്ക് കയറുന്ന അവസ്ഥയാണ് നെഞ്ച് എരിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം. അമിതവണ്ണമുള്ളവരില്‍, സ്ഥിരമായി പുകവലിക്കുന്നവരില്‍, മദ്യപിക്കുന്നവരില്‍, ശരീരമനങ്ങിയുള്ള ഒരു ജോലികളിലും ഏര്‍പ്പെടാത്തവരിലെല്ലാം നെഞ്ചെരിച്ചില്‍ ഒരു പതിവ് ആരോഗ്യപ്രശ്‌നമാകാറുണ്ട്. 

അതുപോലെ തന്നെ ചില മരുന്നുകളുടെ 'സൈഡ് എഫക്ട്' ആയും ചില അസുഖങ്ങളുടെ ലക്ഷണമായും നെഞ്ചെരിച്ചില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ രാത്രിയില്‍ പതിവായി ഇങ്ങനെ സംഭവിക്കുന്നത് നമ്മുടെ ചില അശ്രദ്ധകള്‍ കൊണ്ടാകാം. 

ഒരുപാട് എണ്ണമയമുള്ള ഭക്ഷണം രാത്രി കഴിക്കുന്നത്, സ്‌പൈസിയായ ഭക്ഷണം കഴിക്കുന്നത്, ഒരുപാട് വൈകി അത്താഴം കഴിക്കുന്നത്, അമിതമായി ഭക്ഷണം കഴിക്കുന്നത്, കഴിച്ചയുടന്‍ കിടക്കുന്നത്, ഭക്ഷണം കഴിക്കുമ്പോള്‍ സമ്മര്‍ദ്ദത്തിലാകുന്നതോ തിടുക്കത്തിലാകുന്നതോ എല്ലാം നെഞ്ചെരിച്ചിലിന് കാരണാകും. 

അതിനാല്‍, രാത്രിയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം മനസില്‍ വയ്ക്കുക. ഒപ്പം തന്നെ എപ്പോഴും 'അസിഡിറ്റി'യുണ്ടാകുന്നുണ്ടെങ്കില്‍, കുടലില്‍ കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന 'പ്രോബയോട്ടിക്‌സ്' എന്നറിയപ്പെടുന്ന തരം ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുക. തൈര് ഇതിന് മികച്ചൊരു ഉദാഹരണമാണ്. 

Also Read:- ആർത്തവ വേദന കുറയ്ക്കാൻ ഇതാ മൂന്ന് മാർ​ഗങ്ങൾ...