Asianet News MalayalamAsianet News Malayalam

മിനുറ്റുകള്‍ക്കുള്ളില്‍ ഒരു 'ഹെല്‍ത്തി ഡ്രിങ്ക്'; ആകെ വേണ്ടത് കുരുമുളക്

ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു 'സിമ്പിള്‍' പാനീയമാണ് കുരുമുളകിട്ട വെള്ളം. എന്നാല്‍ പലരും ഇതെക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടാകില്ല എന്നതാണ് സത്യം. കാരണം ആരോഗ്യകരമായ പാനീയങ്ങളുടെ കൂട്ടത്തില്‍ അത്രമാത്രം ചര്‍ച്ച ചെയ്ത് കേട്ടിട്ടില്ലാത്ത ഒന്ന് കൂടിയാണിത്

know the health benefits of pepper water
Author
Trivandrum, First Published Oct 15, 2021, 3:09 PM IST

രാവിലെ ഉറക്കമെഴുന്നേറ്റയുടന്‍ മിക്കവരും ഒരു ഗ്ലാസ് വെള്ളത്തോടെയാണ്  ( Drinking Water ) ദിവസത്തെ വരവേല്‍ക്കുന്നത്. ഇത് വളരെ നല്ലൊരു ശീലം കൂടിയാണ്. ചിലര്‍ ഈ വെള്ളത്തില്‍ അല്‍പം മഞ്ഞള്‍ കൂടി ചേര്‍ക്കാറുണ്ട് ( Turmeric Water ). സമാനമായ രീതിയില്‍ കുരുമുളകിട്ട വെള്ളവും നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. 

ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു 'സിമ്പിള്‍' പാനീയമാണ് കുരുമുളകിട്ട വെള്ളം. എന്നാല്‍ പലരും ഇതെക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടാകില്ല എന്നതാണ് സത്യം. കാരണം ആരോഗ്യകരമായ പാനീയങ്ങളുടെ കൂട്ടത്തില്‍ അത്രമാത്രം ചര്‍ച്ച ചെയ്ത് കേട്ടിട്ടില്ലാത്ത ഒന്ന് കൂടിയാണിത്. 

ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് മൂന്നോ നാലോ കുരുമുളക് മണി ചേര്‍ക്കുക. വാങ്ങിവച്ച ശേഷം നിറം മാറിത്തുടങ്ങുമ്പോള്‍ പതിയെ ഗ്ലാസിലേക്ക് പകര്‍ത്തി കുടിക്കാം. ഇത്രമാത്രമേ ഇത് തയ്യാറാക്കാന്‍ ചെയ്യേണ്ടുള്ളൂ. തയ്യാറാക്കാന്‍ ഇത്ര എളുപ്പമാണെങ്കിലും ഇതിനുള്ള ഗുണങ്ങള്‍ നിസാരമല്ല. 

വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു...

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ സമൂഹം നിലനില്‍ക്കേണ്ടത് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇവയുടെ സന്തുലിതാവസ്ഥ തെറ്റിയാല്‍ അത് 'മൂഡ് ഡിസോര്‍ഡര്‍' തുടങ്ങി പല അസുഖങ്ങളിലേക്ക് വരെ നയിക്കും.

 

know the health benefits of pepper water

 

ഇവയെ നിലനിര്‍ത്താന്‍ സഹായകമാകുന്നൊരു ഘടകമാണ് കുരുമുളക്. 

വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു...

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏറെ സഹായകമായിട്ടുള്ളൊരു പാനീയമാണിത്. കുരുമുളക്, ഉപാപചയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും ദഹനം എളുപ്പത്തിലാക്കുകയും കലോറിയെ കൂടുതല്‍ എരിയിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 

ദഹനപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക്...

പതിവായി ദഹനപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് അത്തരം വിഷമതകളെ മറികടക്കാന്‍ ഒരു പരിധി വരെ ഈ പാനീയം പതിവാക്കുന്നത് മൂലം സാധിക്കും. ദഹനരസങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ദഹനം എളുപ്പത്തിലാക്കാന്‍ കുരുമുളകിന് സാധിക്കും. 

നിര്‍ജലീകരണം തടയാന്‍...

പലപ്പോഴും നിത്യജീവിതത്തില്‍ നാം നേരിടുന്നൊരു പ്രശ്‌നമാണ് നിര്‍ജലീകരണം. കുടലിനകത്തുള്ള കോശങ്ങള്‍ വരണ്ടുപോകുന്നത് തടയാന്‍ സാധിക്കുന്നതിനാല്‍ കുരുമുളകിട്ട വെള്ളത്തിന് ഒരു പരിധി വരെ നിര്‍ജലീകരണം തടയാനും സഹായിക്കാനാകും. 

 

know the health benefits of pepper water

 

കാര്യങ്ങളിങ്ങനെ എല്ലാമാണെങ്കിലും ഡയറ്റ്, മറ്റ് ജീവിതരീതികള്‍ എന്നിവയില്‍ ആരോഗ്യകരമായ മാറ്റങ്ങളും ചിട്ടയും കൊണ്ടുവരാതെ ഇത്തരത്തിലുള്ള പാനീയങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ട് നീങ്ങുന്നതില്‍ അര്‍ത്ഥമില്ല. എല്ലാം ഒരുപോലെ 'ബാലന്‍സ്' ചെയ്ത് കൊണ്ടുപോകുമ്പോള്‍ മാത്രമാണ് മികച്ചൊരു ഫലം ലഭ്യമാകുന്നത്. 

Also Read:- ഗ്യാസ്, ദഹനപ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ 'സിമ്പിള്‍ ടിപ്'; വീഡിയോ

Follow Us:
Download App:
  • android
  • ios