വൈറ്റമിൻ ബി 12ന്‍റെ പ്രാധാന്യം, അതിന്‍റെ കുറവുണ്ടാക്കുന്ന പ്രയാസങ്ങള്‍ എന്നിവയെ കുറിച്ചെല്ലാമാണ് ഇനി പങ്കുവയ്ക്കാനുള്ളത്. എന്താണ് വൈറ്റമിൻ ബി 12ന്‍റെ പ്രാധാന്യം? ഇത് പലര്‍ക്കും അറിയില്ല

നമ്മുടെ ശരീരത്തിലെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് പല ഘടകങ്ങളും അത്യാവശ്യമാണ്. വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നതാണ്. ഇവയില്‍ തന്നെ ഒരുപാട് വ്യത്യസ്തമായ ഘടകങ്ങളുമുണ്ട്. ഇതിലേതിലെങ്കിലും കുറവ് സംഭവിച്ചാല്‍ അത് നമുക്ക് നേരിട്ട് തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും ശരീരം അതിനുള്ള സൂചനകള്‍ അഥവാ ലക്ഷണങ്ങള്‍ കൃത്യമായി കാണിച്ചിരിക്കും. 

ഇത്തരത്തില്‍ വൈറ്റമിൻ ബി 12ന്‍റെ പ്രാധാന്യം, അതിന്‍റെ കുറവുണ്ടാക്കുന്ന പ്രയാസങ്ങള്‍ എന്നിവയെ കുറിച്ചെല്ലാമാണ് ഇനി പങ്കുവയ്ക്കാനുള്ളത്. എന്താണ് വൈറ്റമിൻ ബി 12ന്‍റെ പ്രാധാന്യം? ഇത് പലര്‍ക്കും അറിയില്ല. പലവിധത്തിലുള്ള ശാരീരികപ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് പോകണമെങ്കില്‍ വൈറ്റമിൻ ബി 12 ആവശ്യമാണ്. 

രക്തകോശങ്ങളുടെ രൂപീകരണം, ന്യൂറോളജിക്കലായ ആരോഗ്യത്തിന്, ഡിഎൻഎ രൂപീകരണത്തിന് എന്നിങ്ങനെ പല പ്രധാന ആവശ്യങ്ങള്‍ക്കും വൈറ്റമിൻ ബി 12 അത്യന്താപേക്ഷിതമാണ്. അങ്ങനെയെങ്കില്‍ ഇതിന്‍റെ കുറവ് നമ്മളെ എങ്ങനെയെല്ലാം ബാധിക്കാം? 

നിത്യജീവിതത്തില്‍ വളരെ പ്രയാസമുണ്ടാക്കുന്ന പ്രശ്നങ്ങളാണ് വൈറ്റമിൻ ബി 12 കുറവുണ്ടാക്കുക. ഇതിലേറ്റവും പ്രധാനം ക്ഷീണവും ന്യൂറോളജിക്കലായ പ്രശ്നങ്ങളുമാണ്. ക്ഷീണം അനുഭവപ്പെടുമ്പോള്‍ മിക്കവരും അത് കാര്യമാക്കില്ല. അത് എന്തുകൊണ്ടാണ് എന്നും അന്വേഷിക്കില്ല. പക്ഷേ ഈ ക്ഷീണം ജോലി, ബന്ധങ്ങള്‍, പഠനം എന്നിങ്ങനെ എല്ലാ തലത്തിലും വ്യക്തിയെ ബാധിക്കുകയും ചെയ്യും. 

ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ എന്നാല്‍ നാഡികളെ ബാധിക്കുന്ന അവസ്ഥയാണ്. ശരീരം പെട്ടെന്ന് മരവിക്കുക, വിറയല്‍, നടക്കാൻ പ്രയാസം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം നേരിടാം. ബാലൻസ് നഷ്ടപ്പെടുന്നത് മൂലം ചിലര്‍ ഈ പ്രശ്നത്തെ തുടര്‍ന്ന് ഇടയ്ക്കിടെ വീണുപോകുകയും ചെയ്യാം. ഇതും അപകടങ്ങള്‍ക്ക് ഇടയാക്കാം.

വൈറ്റമിൻ ബി 12ന്‍റെ കുറവ് മൂലമുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് ഓര്‍മ്മക്കുറവ്. തലച്ചോറിന്‍റെ പ്രവര്‍ത്തനം ബാധിക്കപ്പെടുന്നത് മൂലമാണിതുണ്ടാകുന്നത്. ഓര്‍മ്മക്കുറവ് മാത്രമല്ല- കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്ത അവസ്ഥ, മൂഡ് പ്രശ്നം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും ഇതിനോടനുബന്ധമായി നേരിടേണ്ടി വരാം. 

വയറിന്‍റെ ആരോഗ്യവും വൈറ്റമിൻ ബി 12 കുറയുമ്പോള്‍ ബാധിക്കപ്പെടാം. വിശപ്പില്ലായ്മ, മലബന്ധം അല്ലെങ്കില്‍ വയറിളക്കം പോലുള്ള പ്രശ്നങ്ങളാണ് ഏറെയും ഉണ്ടാവുക. 

രക്തകോശങ്ങളുടെ ഉത്പാദനത്തില്‍ അവിഭാജ്യഘടകമായതിനാല്‍ തന്നെ വൈറ്റമിൻ ബി 12 കുറയുന്നത് അനീമിയ അഥവാ വിളര്‍ച്ചയിലേക്കും നയിക്കും. അനീമിയ ഉണ്ടാക്കുന്ന അനുബന്ധ പ്രയാസങ്ങള്‍ വേറെയും നേരിടണം. ഇങ്ങനെ ഒരു ചങ്ങല പോലെ പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്കും പ്രയാസങ്ങളിലേക്കുമെല്ലാമാണ് വൈറ്റമിൻ ബി 12 കുറവ് നമ്മെ നയിക്കുക. 

അധികവും ഇറച്ചി, മീൻ, പാല്‍, പാലുത്പന്നങ്ങള്‍, മുട്ട എന്നിങ്ങനെയുള്ള നോണ്‍-വെജ് ഭക്ഷണങ്ങളില്‍ നിന്നാണ് വൈറ്റമിൻ ബി 12 ലഭിക്കുക. അതിനാല്‍ തന്നെ വെജിറ്റേറിയൻ ഭക്ഷണരീതി പിന്തുടരുന്നവരില്‍ വൈറ്റമിൻ ബി 12 കുറവ് കാര്യമായി കാണാറുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്‍റ്സ് കഴിക്കുന്നത് നല്ലൊരു പരിഹാരമാണ്. പലരും ഡോക്ടറുടെ നിര്‍ദേശം ഇതിനായി തേടാറില്ല. പക്ഷേ അത് നല്ലതല്ല. കണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രം സപ്ലിമെന്‍റ് എടുക്കുക.

Also Read:- എത്ര വേദനയുണ്ടെങ്കിലും പെയിൻ കില്ലര്‍ കഴിക്കരുതാത്ത സന്ദര്‍ഭങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo