പുരുഷന്മാരിലെ സ്തനവളര്‍ച്ച വലിയ രീതിയില്‍ മാനസികാരോഗ്യ പ്രശ്നം സൃഷ്ടിക്കാറുണ്ട്. 21-40 വരെ പ്രായമുള്ളവരിലാണ് പ്രധാനമായും ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്ന് സ്തനവളര്‍ച്ച കാണാറ്.

സ്തനങ്ങള്‍- സ്ത്രീകളുടെ ശരീരാവയവങ്ങളാണ്. എന്നാല്‍ ചില പുരുഷന്മാരിലും സ്തനവളര്‍ച്ച കാണാറുണ്ട്. ഇതില്‍ ആരോഗ്യപരമായി ഒരുപാട് വിഷമിക്കേണ്ടതായോ ആശങ്കപ്പെടേണ്ടതായോ ഉള്ള കാര്യങ്ങളില്ല. അതേസമയം പുരുഷന്മാരിലെ സ്തനവളര്‍ച്ച വലിയ രീതിയില്‍ മാനസികാരോഗ്യ പ്രശ്നം സൃഷ്ടിക്കാറുണ്ട്. 

21-40 വരെ പ്രായമുള്ളവരിലാണ് പ്രധാനമായും ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്ന് സ്തനവളര്‍ച്ച കാണാറ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് പുറമെ അമിതവണ്ണം, സ്റ്റിറോയ്ഡുകളുടെ ഉപയോഗം, ചില മരുന്നുകളുടെ ഉപയോഗം, വൃക്ക രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, തൈറോയ്ഡ് പ്രശ്നങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളും പുരുഷന്മാരിലെ സ്തനവളര്‍ച്ചയ്ക്ക് കാരണമായി വരാറുണ്ട്. 

കടുത്ത മാനസികപ്രശ്നങ്ങളാണ് പുരുഷന്മാരില്‍ ഇതുണ്ടാക്കുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

'പുരുഷന്മാരിലെ സ്തനവളര്‍ച്ച അവരില്‍ വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കെല്ലാം കാരണമാകുന്നു. പരിഹാസവും കളിയാക്കലും ഒപ്പം സൗന്ദര്യത്തെ കുറിച്ച് നിലനില്‍ക്കുന്ന പൊതുസങ്കല്‍പങ്ങളുമെല്ലാം അവരെ ബാധിക്കുകയാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട്, ഉള്‍വലിഞ്ഞ് നിരാശയിലേക്ക് കൂപ്പുകുത്തലാകുന്നു പിന്നെ. പലരും ലൂസ് ഷര്‍ട്ടുകളും ഡാര്‍ക് ഷേഡിലുള്ള ഷര്‍ട്ടുകളുമെല്ലാം ധരിച്ച് ഇതിനെ അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കും. പക്ഷേ അതൊരു ശാശ്വത പരിഹാരമല്ലല്ലോ...'- മുബൈയില്‍ കോസ്മെറ്റിക് സര്‍ജനായ ഡോ. പങ്കജ് പാട്ടീല്‍ പറയുന്നു. 

സ്തനങ്ങളുടെ വലുപ്പം കുറയ്ക്കാൻ മരുന്നുകളും ചികിത്സയും സഹായിക്കും. പക്ഷേ അതും സ്ഥിരമായ പരിഹാരമല്ല. അതിനാല്‍ തന്നെ സര്‍ജറിയാണ് ഇന്ന് പലരും ആശ്രയിക്കുന്നത്. പുരുഷന്മാരിലെ സ്തനവളര്‍ച്ചയ്ക്കുള്ള ശാശ്വത പരിഹാരവും ഇതുതന്നെയാണെന്ന് ഡോ. പങ്കജ് വ്യക്തമാക്കുന്നു. എന്നാല്‍ പലര്‍ക്കും ഈ ശസ്ത്രക്രിയയെ ചൊല്ലി ആശങ്കയുണ്ടാകാറുണ്ട്. 

'മാനസികമായി ഒരുപാട് വിഷമങ്ങള്‍ നേരിടുമ്പോള്‍ പുരുഷന്മാര്‍ ഈ ശസ്ത്രക്രിയ ചെയ്യാമെന്ന ഓപ്ഷനിലേക്ക് എത്തുന്നു. സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും കണ്ണാടിയില്‍ തങ്ങളുടെ പ്രതിരൂപം കാണുമ്പോള്‍ സന്തോഷവും സംതൃപ്തിയും തോന്നുകയെന്നത് ആവശ്യമാണ്. എന്തായാലും ധാരാളം പേര്‍ ഇപ്പോള്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറാകുന്നുണ്ട്. ഇതിന് സൈഡ് എഫക്ട്സ് ഒന്നുമില്ല. കാര്യമായ സങ്കീര്‍ണതകളും ശസ്ത്രക്രിയയില്‍ ഇല്ല. അതിനാല്‍ ആശങ്കയും വേണ്ടതില്ല..'- ഡോ. പങ്കജ് പറയുന്നു. 

സര്‍ജറിയിലൂടെ സ്തനങ്ങളിലെ കൊഴുപ്പും അതുപോലെ ഗ്രന്ഥികളും നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. ഇത് ചെയ്ത പലരും ആത്മവിശ്വാസം വീണ്ടെടുത്ത് ആരോഗ്യകരമായ ജീവിതം നയിക്കുന്നതായും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. 

Also Read:- സൈലന്‍റ് കില്ലേഴ്സ് എന്നറിയപ്പെടുന്ന മൂന്ന് രോഗങ്ങള്‍; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo