Asianet News MalayalamAsianet News Malayalam

അറിയൂ അപകടകാരിയായ കൊവിഡ് 19 ന്യുമോണിയയെ കുറിച്ച്; ലക്ഷണങ്ങള്‍...

ഇന്ന് നവംബര്‍ 12, ലോക ന്യുമോണിയ ദിനമാണ്. ലോകത്താകെയും ന്യുമോണിയ ബാധിച്ച് മരിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2017ല്‍ മാത്രം അഞ്ച് വയസിന് താഴെ പ്രായം വരുന്ന എട്ട് ലക്ഷത്തിലധികം കുട്ടികളാണ് ന്യുമോണിയ ബാധിച്ച് മരിച്ചത്

know the symptoms of covid 19 pneumonia
Author
Delhi, First Published Nov 12, 2020, 6:53 PM IST

കൊവിഡ് 19 എന്ന മഹാമാരിയോടുള്ള പോരാട്ടത്തിലാണ് നമ്മളെല്ലാവരും തന്നെ. മിക്ക കേസുകളിലും ചെറിയ തോതിലെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കിലും, ലക്ഷണങ്ങളൊന്നും പുറത്തുകാണിക്കാത്ത കൊവിഡ് രോഗികളുടെ എണ്ണവും ചെറുതല്ല. 

ഇതിനിടെ കൊവിഡ് രോഗികളെ അപകടത്തിലാക്കുന്ന ഒരുപിടി മറ്റ് അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളുമെല്ലാം ഉള്ളതായി നാം കണ്ടുകഴിഞ്ഞു. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍ തുടങ്ങി ഗൗരവമുള്ളതായും അല്ലാത്തതുമായി നാം കണക്കാക്കാറുള്ള പല അസുഖങ്ങളും കൊവിഡിന്റെ തീവ്രതയെ വളരെയധികം വര്‍ധിപ്പിക്കുന്നുണ്ട്. 

ഇക്കൂട്ടക്കില്‍ ഉള്‍പ്പെടുന്ന, ഏറെ സുപ്രധാനമായ അസുഖമാണ് ന്യുമോണിയയും. ഇന്ന് നവംബര്‍ 12, ലോക ന്യുമോണിയ ദിനമാണ്. ലോകത്താകെയും ന്യുമോണിയ ബാധിച്ച് മരിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2017ല്‍ മാത്രം അഞ്ച് വയസിന് താഴെ പ്രായം വരുന്ന എട്ട് ലക്ഷത്തിലധികം കുട്ടികളാണ് ന്യുമോണിയ ബാധിച്ച് മരിച്ചത്. 

ഏറെ ആശങ്കപ്പെടുത്തുന്നൊരു റിപ്പോര്‍ട്ടാണ് ഇതെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ന്യുമോണിയ മരണങ്ങള്‍ പ്രതിരോധിക്കാന്‍, രോഗത്തെ കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കാനായാണ് 'ന്യുമോണിയ ദിനം' പ്രയോജനപ്പെടുത്തുന്നത്. 

 

know the symptoms of covid 19 pneumonia

 

നിലവില്‍ കൊവിഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന ന്യുമോണിയയെ കുറിച്ചും അവബോധമുണ്ടാക്കേണ്ടതായ സാഹചര്യമുണ്ട്. കാരണം കൊവിഡ് ബാധിച്ചവരില്‍ ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടാകുന്നതും അത് ന്യുമോണിയ ആയി രൂപാന്തരപ്പെടുന്നതുമെല്ലാം വിവിധ കേസുകളില്‍ നാം കണ്ടു. 

കൊവിഡ് രോഗികളില്‍ ന്യുമോണിയ പിടിപ്പെടുമ്പോള്‍ പക്ഷേ, അപകട സാധ്യതകളേറെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

'ചെറിയ ലക്ഷണങ്ങളോടെയുള്ള കൊവിഡില്‍ നിന്ന് ആളുകള്‍ എളുപ്പത്തില്‍ രക്ഷ നേടുന്നുണ്ട്. എന്നാല്‍ ന്യുമോണിയ ബാധിച്ചവരുടെ കാര്യം അങ്ങനെയല്ല. അവരില്‍ ചികിത്സ ഫലം കാണാനുള്ള സാധ്യതകള്‍ കുറവായി വരും. ശ്വാസകോശം പ്രശ്‌നത്തിലാകുന്നതോടെ ശരീരത്തില്‍ വേണ്ട വിധത്തില്‍ ഓക്‌സിജന്‍ വിതരണം നടക്കാതെ വരും. ഇത് പല അവയവങ്ങളുടേയും പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. വൃക്ക തകരാറിലാകാനും, ഹാര്‍ട്ട് ഫെയിലിയര്‍ സംഭവിക്കാനുമെല്ലാം ഇത് കാരണമാകുന്നുണ്ട്...'- ദില്ലിയില്‍ ഡോക്ടറായ നിഖില്‍ മോദി പറയുന്നു. 

കൊവിഡ് 19- ന്യുമോണിയയുടെ ലക്ഷണങ്ങള്‍...

സാധാരണഗതിയില്‍ പിടിപെടുന്ന ന്യുമോണിയുടേതിന് സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ് കൊവിഡ് 19 ന്യുമോണിയയിലും പ്രകടമാകുന്നത്. ആദ്യഘട്ടത്തില്‍ തന്നെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, വരണ്ട ചുമ, തൊണ്ടവേദന, പനി, ക്ഷീണം, കുളിര്, തലവേദന, രുചിയും ഗന്ധവും നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയിലേത് ലക്ഷണം വേണമെങ്കിലും അനുഭവപ്പെടാം. 

 

know the symptoms of covid 19 pneumonia

 

അടുത്ത ഘട്ടമാകുമ്പോഴേക്ക് ശ്വാസതടസം വര്‍ധിച്ച് ശ്വാസമെടുക്കാന്‍ പോലുമാകാത്ത ഗുരുതരമായ അവസ്ഥ, ഹൃദയമിടിപ്പ് കൂടുക, തലകറക്കം, വിയര്‍ത്തുകൊണ്ടേയിരിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കാണാം. 

അറുപത്തിയഞ്ചിന് മുകളില്‍ പ്രായം വരുന്നവരാണെങ്കില്‍ കൊവിഡ് 19- ന്യുമോണിയ തീര്‍ച്ചയായും വലിയ ഭീഷണിയാണ് സൃഷ്ടിക്കുകയെന്നും ആസ്ത്മ, മറ്റ് ശ്വാസകശ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, കരള്‍ രോഗം, അമിതവണ്ണം എന്നിവയുള്ളവരിലാണെങ്കിലും കൊവിഡ് 19 ന്യുമോണിയ അപകട സാധ്യതകള്‍ കൂട്ടുന്നുവെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. 

ഈ കൊവിഡ് കാലത്ത് മേല്‍പ്പറഞ്ഞ ലക്ഷണങ്ങളിലേതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ തന്നെ, ഉടനെ രോഗനിര്‍ണയം നടത്തുന്നതിനുള്ള നടപടികളിലേക്ക് നീങ്ങേണ്ടതാണ്. സ്വയം സുരക്ഷിതമാക്കുകയും ഒപ്പം തന്നെ കുട്ടികളും പ്രായമായവരുമടക്കമുള്ള പ്രിയപ്പെട്ടവരെ സുരക്ഷിതരാക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടേയും ബാധ്യതയാണ്.

Also Read:- കൊവിഡ് 19; ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് വളരെ ഗുണം ചെയ്യും...

Follow Us:
Download App:
  • android
  • ios