കൊവിഡ് 19 രണ്ടാം തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യത്ത്. ഓരോ ദിവസവും വലിയ പ്രതിസന്ധികളിലൂടെയാണ് ആരോഗ്യമേഖല കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതിനിടെ രോഗവ്യാപനത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ എല്ലാവരും പരിശ്രമിക്കേണ്ടതുണ്ട്. രോഗം തിരിച്ചറിഞ്ഞാല്‍ സ്വയം ഐസൊലേറ്റ് ചെയ്യാനും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. 

ഇതിന് ആദ്യഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ട്. തീര്‍ച്ചയായും ലക്ഷണങ്ങളില്‍ കൂടി തന്നെയാണ് കൊവിഡും ഏറെയും തിരിച്ചറിയപ്പെടുന്നത്. ലക്ഷണങ്ങളില്ലാതെ രോഗം പിടിപെടുന്നവര്‍ മിക്കവാറും പരിശോധനയിലൂടെ മാത്രമാണ് ഇത് തിരിച്ചറിയുന്നത്. 

ചുമ, പനി, ജലദോഷം, ശ്വാസതടസം, ശരീരവേദന, ക്ഷീണം, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയെല്ലാമാണ് സാധാരണഗതിയില്‍ കൊവിഡ് ലക്ഷണങ്ങളായി പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ഈ പട്ടികയ്ക്ക് പുറമെയും ചില ലക്ഷണങ്ങള്‍ കൊവിഡ് രോഗിയില്‍ കണ്ടേക്കാമെന്ന് നമുക്കറിയാം. അത്തരത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

 

 

ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍, തലവേദന, വായ 'ഡ്രൈ' ആയിപ്പോകുന്ന അവസ്ഥ തുടങ്ങിയ ചില പ്രശ്‌നങ്ങള്‍ കൂടി കൊവിഡിന്റെ ഭാഗമായി കാണാറുണ്ട്. അതുപോലെ ചെങ്കണ്ണ് (കണ്ണില്‍ അണുബാധയുണ്ടായത് പോലെ കണ്ണ് ചുവക്കുക, വീക്കം വരിക, വെള്ളം വരിക) ചിലരില്‍ കൊവിഡ് ലക്ഷണമായി വന്നേക്കാം. 

മറ്റ് ചിലരില്‍ കേള്‍വി പ്രശ്‌നങ്ങളും കൊവിഡ് ലക്ഷണമായി വരാം. കേള്‍വി കുറഞ്ഞിരിക്കുക, കേള്‍വി അവ്യക്തമാവുക, ചെവി വേദന എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ പലതും കൊവിഡിന്റെ ഭാഗമായി സംഭവിക്കാമത്രേ. 

കൊവിഡിന് രോഗിയുടെ ഉദരപ്രവര്‍ത്തനങ്ങളെയും മോശമായി ബാധിക്കാന്‍ കഴിയും. കരള്‍, പാന്‍ക്രിയാസ്, പിത്താശയം എന്നീ ആന്തരീകാവയവങ്ങളെല്ലാം തന്നെ ഈ വെല്ലുവിളിയിലുള്‍പ്പെടും. ഇവയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കാന്‍ രോഗത്തിന് സാധ്യമാണ്. ഇത് മൂലം വയറ്റിനകത്ത് ബ്ലീഡീംഗ് സംഭവിക്കാനും സാധ്യതയുണ്ട്. 

 

 

കൊവിഡ് പിടിപെടുമ്പോള്‍ വൈറസ്, വായ്ക്കകത്തെ 'ലൈനിംഗ്‌സ്' അതുപോലെ മസില്‍ ഫൈബര്‍ എന്നിവയെ എല്ലാം ആക്രമിച്ചേക്കാം. ഈ സാഹചര്യത്തില്‍ ആവശ്യത്തിന് ഉമിനീര്‍ ഉത്പാദിപ്പിക്കപ്പെടാതെ വായ 'ഡ്രൈ' ആയിരിക്കാന്‍ സാധ്യതയുണ്ട്. അതും ആദ്യം സൂചിപ്പിച്ചത് പോലെ അസാധാരണമായ കൊവിഡ് ലക്ഷണങ്ങളിലുള്‍പ്പെടുന്നു. നാക്ക് വെള്ളനിറത്തിലും വിള്ളലുകള്‍ കാണുന്ന തരത്തിലും മാറുന്നതും കൊവിഡ് ലക്ഷണമായി പരിഗണിക്കപ്പെടുന്നുണ്ട്. വായയെ ബാക്ടീരിയകളില്‍ നിന്ന് ഒരു പരിധി വരെ രക്ഷിച്ചുനിര്‍ത്തുന്നത് ഉമിനീരാണ്. ഇതിന്റെ അളവ് കുറയുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. 

തീവ്രത കുറഞ്ഞ തരത്തില്‍ രോഗം ബാധിക്കുന്നവരിലാണ് അധികവും ദീര്‍ഘകാലത്തേക്ക് ലക്ഷണങ്ങള്‍ കാണുന്നതെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കടുത്ത ക്ഷീണം, 'ബ്രെയിന്‍ ഫോഗ്' (കാര്യങ്ങളില്‍ അവ്യക്തത), തലകറക്കം, വിറയല്‍, ഉറക്കമില്ലായ്മ, ഉത്കണ്ഠ, സന്ധിവേദന, നെഞ്ചില്‍ അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടുന്നു. എന്തായാലും കാര്യമായ പരിചരണങ്ങളില്ലാതെ തന്നെ ഈ വിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്ക് രോഗം ഭേദമാകുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. 

Also Read:- കൊവിഡിനെ പിടിച്ചുകെട്ടാൻ 'മാസ് പരിശോധന', രണ്ട് ദിവസം, രണ്ടര ലക്ഷം ടെസ്റ്റുകൾ ലക്ഷ്യം...