അണുബാധയുള്ള ആളുകളുടെ സ്രവങ്ങളിലൂടെയാണ് മറ്റുള്ളവരിലേക്ക് രോഗമെത്തുകയെന്ന് നമുക്കറിയാം. സംസാരം, ചിരി, ശ്വാസം പുറത്തുവിടുന്നത് എന്നിവയിലൂടെയെല്ലാം രോഗകാരിയായ വൈറസ് മറ്റുള്ളവരിലേക്കെത്താം. വായുവിലൂടെയും കൊറോണ വൈറസ് വലിയ തോതില്‍ പകരുമെന്ന് നമ്മള്‍ കണ്ടു

കൊവിഡ് 19 എന്ന മഹാമാരിയുമായി ലോകം പോരാട്ടം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. പലയിടങ്ങളിലും കൊവിഡിന്റെ രണ്ടാം തരംഗവും മൂന്നാം തരംഗവും നാലാം തരംഗവുമെല്ലാം ആഞ്ഞടിക്കുകയാണ്. നിരവധി ജീവനുകള്‍ നമുക്ക് നഷ്ടമായി. ആരോഗ്യമേഖലയും തൊഴില്‍ മേഖലയും സാമ്പത്തികമേഖലയുമടക്കം നാനാമേഖലകളിലും പ്രതിസന്ധി തുടരുന്നു. 

ഈ സാഹചര്യത്തില്‍ രോഗവ്യാപനം നിയന്ത്രിക്കുകയെന്നതാണ് പ്രധാനമായും നമ്മള്‍ ചെയ്യേണ്ട കാര്യം. സര്‍ക്കാരുകളും ബന്ധപ്പെട്ട അധികൃതരുമെല്ലാം ഓരോ സ്ഥലങ്ങളിലും ഇതേ ലക്ഷ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായ ലോക്ഡൗണുകളും കൂട്ട പരിശോധനയുമെല്ലം നടത്തുന്നത് ഇതിന് വേണ്ടിയാണ്. 

അണുബാധയുള്ള ആളുകളുടെ സ്രവങ്ങളിലൂടെയാണ് മറ്റുള്ളവരിലേക്ക് രോഗമെത്തുകയെന്ന് നമുക്കറിയാം. സംസാരം, ചിരി, ശ്വാസം പുറത്തുവിടുന്നത് എന്നിവയിലൂടെയെല്ലാം രോഗകാരിയായ വൈറസ് മറ്റുള്ളവരിലേക്കെത്താം. വായുവിലൂടെയും കൊറോണ വൈറസ് വലിയ തോതില്‍ പകരുമെന്ന് നമ്മള്‍ കണ്ടു. അതിനാലാണ് വെന്റിലേഷനില്ലാത്ത അടഞ്ഞ മുറികളില്‍ കഴിയരുതെന്ന നിര്‍ദേശം പോലും വരുന്നത്. 

എന്നാല്‍ ഇങ്ങനെയൊന്നുമല്ലാതെ രോഗമുള്ളവര്‍ സ്പര്‍ശിച്ച ഇടങ്ങള്‍, അവരുടെ സ്രവകണങ്ങള്‍ പതിച്ച പ്രതലങ്ങള്‍ എന്നിവയിലൂടെയും രോഗം പകരാമെന്ന് നാം കേട്ടിട്ടുണ്ട്. കറന്‍സി കൈമാറ്റം ചെയ്യുന്നതില്‍ വരെ രോഗവ്യാപന സാധ്യത വിലയിരുത്തിക്കൊണ്ട് ധാരാളം പഠനറിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് പുതിയൊരു പഠനറിപ്പോര്‍ട്ട് കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 

കൊവിഡ് സംബന്ധിച്ച് ഉത്കണ്ഠ നേരിടുന്നവര്‍ക്ക് അല്‍പം ആശ്വാസം പകരുന്നതാണ് ഈ പഠനറിപ്പോര്‍ട്ട്. യുഎസിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയായ സിഡിസി (സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍) ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. കൊവിഡ് പരത്തുന്ന വൈറസ് പ്രതലങ്ങളിലൂടെയും വരാം എന്നാല്‍ ഇതിന്റെ തോത് വളരെ കുറവാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

പതിനായിരത്തില്‍ ഒന്ന് എന്ന തരത്തിലൊക്കെയേ ഇത്തരം കേസുകളുണ്ടാകുന്നുള്ളൂ എന്നാണ് പഠനം അവകാശപ്പെടുന്നത്. എപ്പോഴും ഡിസ്-ഇന്‍ഫെക്ടന്റും സാനിറ്റൈസറുമായി നടക്കുന്ന, കൊവിഡ് ഉത്കണ്ഠ വര്‍ധിച്ച ആളുകള്‍ക്ക് തീര്‍ച്ചയായും ഈ വിവരം ആശ്വാസം നല്‍കും. എന്നാല്‍ ക്രമാതീതമായി കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തില്‍ പ്രതലങ്ങളില്‍ തൊട്ടാല്‍ പിന്നീട് വായിലോ മൂക്കിലോ കണ്ണിലോ തൊടും മുമ്പ് കൈകള്‍ വൃത്തിയായി സോപ്പും വെള്ളവുമുപയോഗിച്ച് കഴുകിയിരിക്കണമെന്നും പുറത്തുപോകുമ്പോള്‍ കഴിവതും കയ്യുറ ധരിക്കണമെന്നും ഗവേഷകര്‍ തന്നെ ഓര്‍മ്മിപ്പിക്കുന്നു. 

നിലവിലെ സാഹചര്യം ഏറെ മോശമായതിനാല്‍ വളരെ ചെറിയ സാധ്യതകള്‍ കാണുന്നിടത്ത് പോലും ജാഗ്രത പാലിക്കണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍. എടിഎം മെഷീനുകള്‍, മൊബൈല്‍ ഫോണ്‍- ലാപ്‌ടോപ് പോലുള്ള ഗാഡ്‌ഗെറ്റുകളുടെ സ്‌ക്രീനുകള്‍ എന്നിവിടങ്ങളെല്ലാം വൈറസ് വാഹകരാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ തന്നെ കഴിവതും ഓണ്‍ലൈന്‍ ആയി പണമിടപാടുകള്‍ നടത്തുന്നതാണ് ഉചിതമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.

Also Read:- 'കൊവിഡ് അതിജീവിച്ചവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതി'; യുഎസില്‍ പുതിയ പഠനറിപ്പോര്‍ട്ട്...