ലോസ് ഏഞ്ചല്‍സിലെ  'സെഡാര്‍സ് സിനായ് മെഡിക്കല്‍ സെന്റര്‍'ല്‍ നിന്നുള്ള ഗവേഷകരാണ് പഠനം സംഘടിപ്പിച്ചത്. ഫൈസര്‍, മൊഡേണ എന്നീ വാക്‌സിനുകള്‍ വച്ചാണ് സംഘം പഠനം നടത്തിയത്

കൊവിഡ് 19 രോഗം വന്ന് ഭേദമായവര്‍ക്ക് വാക്‌സിന്‍ ഒരു ഡോസ് നല്‍കിയാല്‍ മതിയെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. ഒരു ഡോസ് വാക്‌സിന്‍ കൊണ്ട് തന്നെ അവര്‍ക്ക് കൊവിഡ് പിടിപെട്ടിട്ടില്ലാത്ത, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെ പോലെയോ അല്ലെങ്കില്‍ അവരെക്കാള്‍ ഫലപ്രദമായോ വൈറസിനെ ചെറുക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 

ലോസ് ഏഞ്ചല്‍സിലെ 'സെഡാര്‍സ് സിനായ് മെഡിക്കല്‍ സെന്റര്‍'ല്‍ നിന്നുള്ള ഗവേഷകരാണ് പഠനം സംഘടിപ്പിച്ചത്. ഫൈസര്‍, മൊഡേണ എന്നീ വാക്‌സിനുകള്‍ വച്ചാണ് സംഘം പഠനം നടത്തിയത്. 

'വളരെ പൊസിറ്റീവ് ആയ രീതിയിലാണ് കൊവിഡ് അതിജീവിച്ചവര്‍ ഒരു ഡോസ് വാക്‌സിനോട് പ്രതികരിച്ചത്. രോഗം വന്നവരുടെ ശരീരം നേരത്തേ തന്നെ വൈറസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ത്തന്നെ ഒരു ഡോസ് വാക്‌സിന്‍ കൂടി ചെല്ലുന്നതോടെ അവരുടെ പ്രതിരോധ വ്യവസ്ഥ ശക്തമായി സജ്ജമാവുകയാണ്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകയായ സൂസന്‍ ഷെംഗ് പറഞ്ഞു. 

കൂടുതല്‍ ആളുകളെ വാക്‌സിനേറ്റ് ചെയ്യാനുള്ള അധികൃതരുടെ നീക്കത്തിന് ആക്കം കൂട്ടുന്ന കണ്ടെത്തലാണ് തങ്ങള്‍ നടത്തിയിരിക്കുന്നതെന്നും ഗവേഷകസംഘം അവകാശപ്പെടുന്നു. വാക്‌സിന്‍ എടുത്തവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മാത്രം നല്‍കിയാല്‍ മതിയെങ്കില്‍ ആദ്യം കൊവിഡ് അതിജീവിച്ചവരെ മുഴുവന്‍ വാക്‌സിനേറ്റ് ചെയ്യാം. ഇതോടെ വലിയൊരു വിഭാഗത്തിന് മുഴുവന്‍ വാക്‌സിന്‍ നല്‍കിക്കഴിയും. ബാക്കി അവശേഷിക്കുന്നവര്‍ക്ക് വേണ്ടി അധിക വാക്‌സിന്‍ അവശേഷിപ്പിക്കാനും സാധിക്കും എന്നാണ് ഇവര്‍ വിശദമാക്കുന്നത്. 

നേരത്തേ ഫ്രാന്‍സ്, സ്‌പെയ്ന്‍, ഇറ്റലി, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ കൊവിഡ് അതിജീവിച്ചവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മാത്രം നല്‍കുന്നതിനുള്ള നയം സ്വീകരിച്ചിരുന്നു. ഇസ്രയേലിലും ഇതേ രീതിയില്‍ വാക്‌സിനേഷന്‍ നടന്നതായാണ് സൂചന. 

Also Read:- ചുണ്ടില്‍ നീലനിറം! ; കൊവിഡ് രോഗികള്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട ചില സാഹചര്യങ്ങള്‍...