ആദ്യഘട്ടത്തിൽ 10 മെട്രോ സ്റ്റേഷനുകളിലും രണ്ട് വാട്ടർ മെട്രോ ടെർമിനലുകളിലുമായിരിക്കും മെഷീൻ സ്ഥാപിക്കുന്നത്. തുടർന്ന് കൊച്ചി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും ഓട്ടോമേറ്റഡ് എക്സ്റ്റേണല്‍ ഡിഫ്രൈബ്രിലേറ്ററുകള്‍ സ്ഥാപിക്കും.

കൊച്ചി: കൊച്ചിയുടെ മാറുന്ന മുഖത്തിന്റെ മുദ്രയായ കൊച്ചി മെട്രോ റെയിൽ ഈ വരുന്ന ലോക ഹൃദയ ദിനം മുതൽ പൊതുജനങ്ങൾക്കായി മറ്റൊരു സേവനം കൂടി നൽകുവാൻ സജ്ജമാവുകയാണ്. സ്റ്റേഷനുകളിൽ ഓട്ടോമേറ്റഡ് എക്സ്റ്റേണല്‍ ഡിഫ്രൈബ്രിലേറ്റര്‍ (എഇഡി) മെഷീൻ സ്ഥാപിക്കുന്നത് വഴി ഹൃദയ-സംബന്ധമായ അത്യാഹിതങ്ങൾ കൈകാര്യം ചെയ്യുന്നതിന് സജ്ജമായിരിക്കുകയാണ് കൊച്ചി മെട്രോ.

കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29 വെള്ളിയാഴ്ച്ച ആദ്യത്തെ മെഷീൻ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ ഉച്ചയ്ക്ക് അനാച്ഛാദനം ചെയ്തു. ഹൈബി ഈഡൻ എംപി ചടങ്ങിൽ മുഖ്യാതിഥിയായ ചടങ്ങില്‍ സിനിമ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ദിലീഷ് നായരും പങ്കെടുത്തു. എവയെര്‍നസ് പ്രോഗ്രാംസ് ആന്റ് പബ്ലിക് എജ്യുക്കേഷന്‍ സെന്റര്‍ എന്ന സംഘടനയുമായി ചേർന്നാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. 

ആദ്യഘട്ടത്തിൽ 10 മെട്രോ സ്റ്റേഷനുകളിലും രണ്ട് വാട്ടർ മെട്രോ ടെർമിനലുകളിലുമായിരിക്കും മെഷീൻ സ്ഥാപിക്കുന്നത്. തുടർന്ന് കൊച്ചി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും ഓട്ടോമേറ്റഡ് എക്സ്റ്റേണല്‍ ഡിഫ്രൈബ്രിലേറ്ററുകള്‍ സ്ഥാപിക്കും. ഇതിനോടനുബന്ധിച്ച് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഓട്ടോമേറ്റഡ് എക്സ്റ്റേണല്‍ ഡിഫ്രൈബ്രിലേറ്റര്‍ മെഷീൻ ഉപയോഗിക്കാൻ വേണ്ട പരിശീലനവും നൽകുമെന്ന് അധികൃതര്‍ അറിയിച്ചു.

Read also: ചരിത്ര നേട്ടവുമായി എറണാകുളം ജനറല്‍ ആശുപത്രി; വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ തുടങ്ങാന്‍ അനുമതി

കൊച്ചി മെട്രോ 2022 - 23 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം കൈവരിച്ചിരുന്നു. ഇത് നാടിന്റെ വികസനക്കുതിപ്പിന് ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞയാഴ്ച അഭിപ്രായപ്പെട്ടു. നാടിന്റെ വികസനമുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്ന കാര്യമാണ് പൊതുഗതാഗത രംഗത്തിന്റെ വളര്‍ച്ച. സര്‍വ്വീസ് ആരംഭിച്ച കൊച്ചി മെട്രോ കൊവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവര്‍ത്തന ലാഭം കൈവരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

2017ല്‍ 59,894 ആളുകളാണ് മെട്രോയില്‍ യാത്ര ചെയ്തത്. കൊവിഡ് കാലത്ത് എണ്ണം ഗണ്യമായി കുറഞ്ഞു. തുടര്‍ന്ന് കെഎംആര്‍എല്ലിന്റെ പരിശ്രമങ്ങളുടെ ഫലമായി പിന്നീട് കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചു. ഇതിന്റെ ഭാഗമായി 2023 ജനുവരിയില്‍ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടന്നക്കുകയും ഇത് ഒരു ലക്ഷത്തിലധികം എന്ന സംഖ്യയിലെത്തുകയുമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...