ക്ലിന്റൺ ഹെൽത്ത് ആക്സസ് ഇനിഷ്യേറ്റീവ്, ഗേറ്റ്സ് ഫൗണ്ടേഷൻ, സൗത്ത് ആഫ്രിക്കൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വിറ്റ്സ് ആർ.എച്ച്.ഐ എന്നിവ ഉൾപ്പെടെയുള്ള സംഘടനകളാണ് ഈ കരാറിന് പിന്നില്‍.
എച്ച്.ഐ.വി അഥവാ ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് ബാധ തടയാനുള്ള പുതിയ മരുന്ന് അടുത്ത രണ്ട് വർഷത്തിനുള്ളിൽ നൂറിലധികം ദരിദ്ര രാജ്യങ്ങളിൽ കുറഞ്ഞ വിലയിൽ ലഭ്യമാകും. ക്ലിന്റൺ ഹെൽത്ത് ആക്സസ് ഇനിഷ്യേറ്റീവ്, ഗേറ്റ്സ് ഫൗണ്ടേഷൻ, സൗത്ത് ആഫ്രിക്കൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വിറ്റ്സ് ആർ.എച്ച്.ഐ (Wits RHI) എന്നിവ ഉൾപ്പെടെയുള്ള സംഘടനകളാണ് ഈ കരാറിന് പിന്നില്‍. കുത്തി വയ്പ്പായി നൽകാൻ സാധിക്കുന്ന 'ലെനാകപാവിർ' (Lenacapavir) എന്ന ഈ മരുന്ന് ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ മരുന്ന് കുറഞ്ഞ വിലയിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ലഭ്യമാക്കുന്നത് എച്ച്.ഐ.വി. / എയ്ഡ്‌സ് മഹാമാരിക്ക് അറുതി വരുത്തുന്നതിന് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇതിന് ഒരു വർഷത്തേക്ക് ഒരാൾക്ക് ഏകദേശം 28,000 ഡോളറാണ് (ഏകദേശം 23 ലക്ഷം രൂപ) വില വരുന്നത്. എന്നാൽ കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ കരാറോടെ ഇതിന്റെ വില വെറും 40 ഡോളറായി (ഏകദേശം 3,300 രൂപ) കുറയും. അതായത്, യഥാർത്ഥ വിലയുടെ ഏകദേശം 0.1% മാത്രം. കുറഞ്ഞ വിലയിലുള്ള ഈ മരുന്ന് 2027-ഓടെ 120-ഓളം ദരിദ്ര, ഇടത്തരം രാജ്യങ്ങളിൽ ലഭ്യമാക്കും. എച്ച്.ഐ.വി. വൈറസ് കോശങ്ങൾക്കുള്ളിൽ പെരുകുന്നത് തടയാൻ ഈ മരുന്നിനെ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
എച്ച്.ഐ.വി. പ്രതിരോധ മരുന്ന് താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുക എന്നത് പല ദരിദ്ര, ഇടത്തരം രാജ്യങ്ങളെ സംബന്ധിച്ച ആഡംബരമല്ല മറിച്ച് ആവശ്യകതയാണെണെന്ന് വിറ്റ്സ് ആർ.എച്ച്.ഐ.യിലെ പ്രൊഫസർ സായിഖ മുല്ലിക്ക് പറഞ്ഞു. സമൂഹവും സർക്കാരുകളുമായും സഹകരിച്ച് ഈ മരുന്നിന് ആവശ്യകത സൃഷ്ടിക്കുകയും രാജ്യങ്ങളിൽ വേഗത്തിൽ മരുന്ന് ലഭ്യമാക്കാനുള്ള സജീകരണ പ്രവർത്തങ്ങളാണ് ഇനി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക ആരോഗ്യ സംഘടന കഴിഞ്ഞ ജൂലൈയിൽ എച്ച്.ഐ.വി. പ്രതിരോധത്തിനായി ഈ മരുന്ന് ഉപയോഗിക്കുന്നതിന് ഔദ്യോഗിക അംഗീകാരം നൽകിയിരുന്നു. അതിനു ശേഷം ലെനാകപാവിറിൽ നടത്തിയ മരുന്നിന്റെ പരീക്ഷണ ഉപയോഗ ഫലങ്ങൾ മികച്ചതായിരുന്നു. ആറുമാസത്തേക്ക് എച്ച്.ഐ.വി. അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്ന ഈ കുത്തിവെപ്പ് വർഷത്തിൽ രണ്ട് തവണയാണ് എടുക്കേണ്ടത്. ലെനാകപാവിർ പോലെയുള്ള നീണ്ട കാലയളവിലേക്ക് പ്രവർത്തിക്കുന്ന കുത്തിവെപ്പുകൾ അസുഖം വരാൻ ഏറെ സാധ്യതയുള്ള കൗമാരക്കാരായ പെൺകുട്ടികൾ, യുവതികൾ, എൽ.ജി.ബി.ടി.ക്യു സമൂഹത്തിലെ ആളുകൾ, ലൈംഗികത്തൊഴിലാളികൾ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ എന്നിവരിൽ അണുബാധ്യത സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
പ്രതിവർഷം ഒരാൾക്ക് 40 ഡോളർ വിലവരുന്ന പ്രീ-എക്സ്പോഷർ പ്രൊഫൈലാക്സിസ് (PrEP) എന്ന നിലവിൽ എച്ച്.ഐ.വി. പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഗുളികയ്ക്ക് പകരമാവാൻ ലെനാകപാവിറിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസവും ഗുളികകൾ കഴിക്കേണ്ടി വരുന്നത് പലപ്പോഴും രോഗികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഇതിന് ഒരു പ്രതിവിധി ഉണ്ടാക്കാൻ ഈ കുത്തിവയ്പ്പുകൊണ്ട് സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. എല്ലാ ദിവസവും കൃത്യമായി ഗുളികകൾ കഴിക്കുക എന്നതും ഏറെ ബുദ്ധിമുട്ടാണ്. ഗേറ്റ്സ് ഫൗണ്ടേഷൻ പറയുന്നതനുസരിച്ച്, പ്രീ-ഇ.പി. ഉപയോഗിക്കേണ്ടവരിൽ 18% പേർക്ക് മാത്രമേ നിലവിൽ അത് ലഭിക്കുന്നുള്ളൂ എന്നതും പുതിയ മരുന്നിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു. ലെനാകപാവിറിന് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും യൂറോപ്യൻ കമ്മീഷനും ഈ വർഷം അംഗീകാരം നൽകിയിട്ടുണ്ട്. യു.എസ്. മരുന്ന് കമ്പനിയായ ഗിലീഡ് കഴിഞ്ഞ വർഷം ജൂണിൽ തങ്ങളുടെ എച്ച്.ഐ.വി. മരുന്ന് ലെനാകപാവിറിന് അതിന്റെ പരീക്ഷണ ഉപയോഗത്തിൽ 100% വിജയശതമാനം ഉണ്ടായതായും പ്രഖ്യാപിച്ചിരുന്നു. പുതിയ, ജനറിക് പതിപ്പിന് റെഗുലേറ്ററി അംഗീകാരം ലഭിക്കാനുണ്ട്. പക്ഷെ 18 മാസത്തിനുള്ളിൽ ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
ജനസംഖ്യയുടെ 4% പേർക്ക് മാത്രം ഈ കുത്തിവെപ്പ് ലഭ്യമാക്കിയാൽ പോലും പുതിയ എച്ച്.ഐ.വി അണുബാധ 20% വരെ തടയാൻ കഴിയുമെന്നാണ് ഒരു പഠനം പറയുന്നത്. വൈറസ് ബാധിക്കുന്നത് തടയാൻ മാത്രമല്ല മറിച്ച് അണുബാധയുള്ളവരെ ചികിത്സിക്കാനും ഈ മരുന്ന് ഉപയോഗിക്കാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത് . അമേരിക്കൻ ഗവൺമെന്റിന്റെ വിദേശ സഹായ പരിപാടിയായ യു.എസ്.എ.ഐ.ഡി.ക്ക് ട്രംപ് ഭരണകൂടം നടത്തിയ വെട്ടികുറയ്ക്കലുകൾ ഉയർത്തിയ വെല്ലുവിളികൾക്കിടയിലാണ് ആഗോള ആരോഗ്യരംഗത്ത് ഏറെ പ്രാധാന്യമുള്ള ഈ പ്രഖ്യാപനം. യു.എൻ.എയ്ഡ്‌സിന്റെ (UNAIDS) കണക്കനുസരിച്ച് നിലവിൽ 4 കോടിയിലധികം എച്ച്.ഐ.വി രോഗികളുണ്ട് . 2000-ന് ശേഷം എച്ച്.ഐ.വി. നിരക്കും എയ്ഡ്‌സ് അനുബന്ധ രോഗങ്ങളാലുള്ള മരണനിരക്കും കുറയ്ക്കുന്നതിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷം മാത്രം ഏകദേശം 13 ലക്ഷം ആളുകൾക്ക് പുതിയതായി എച്ച്.ഐ.വി. ബാധിക്കുകയും 6 ലക്ഷത്തിലധികം ആളുകൾ എയ്ഡ്‌സ് അനുബന്ധ രോഗങ്ങളാൽ മരണപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ഏകദേശം 80 ലക്ഷം രോഗ ബാധിതരുള്ള ദക്ഷിണാഫ്രിക്കയാണ് ലോകത്ത് ഏറ്റവും കൂടുതൽ എച്ച്.ഐ.വി. കേസുകളുള്ള രാജ്യം. അതിനാൽ തന്നെ വില കുറഞ്ഞ പുതിയ മരുന്ന് ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്ന് ദക്ഷിണാഫ്രിക്കയായിരിക്കും. ലെനാകപാവിർ പോലെയുള്ള ജീവൻ രക്ഷിക്കുന്ന മരുന്നുകൾ എല്ലാ രാജ്യങ്ങളിലും, പ്രത്യേകിച്ച് ദരിദ്ര, ഇടത്തരം രാജ്യങ്ങളിലും ആവശ്യമുള്ളപ്പോൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതായി ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വകുപ്പ് പറഞ്ഞു.
