ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയും ചികിത്സാ ചിലവിലെ കുറവും രോഗനിർണ്ണയത്തിലെ കൃത്യതയും ഇന്ന് കാൻസറിനെ ഭയപ്പെടേണ്ട ഒന്നല്ല, മറിച്ച് നേരിടേണ്ട ഒന്നാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
ഫെബ്രുവരി 4 ലോക ക്യാൻസർ ദിനമായി ആചരിക്കപ്പെടുമ്പോൾ രോഗത്തെക്കുറിച്ചുള്ള ഭയത്തേക്കാൾ ഉപരിയായി ആത്മവിശ്വാസവും അതിജീവനവുമാണ് പുതിയ കാലത്തെ ചികിത്സാരീതികൾ നമുക്ക് പകരുന്നത്. ഒരു കാലത്ത് കാൻസർ എന്നത് ഇന്ത്യക്കാർക്കിടയിൽ ഏറ്റവും ഭീതിയുളവാക്കുന്നതും മരണത്തിന് തുല്യമായി കാണുന്നതുമായ ഒരു വാക്കായിരുന്നു. എന്നാൽ ഇന്ന് ആ ചിത്രം പാടെ മാറിയിരിക്കുന്നു.
ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയും ചികിത്സാ ചിലവിലെ കുറവും രോഗനിർണ്ണയത്തിലെ കൃത്യതയും ഇന്ന് കാൻസറിനെ ഭയപ്പെടേണ്ട ഒന്നല്ല, മറിച്ച് നേരിടേണ്ട ഒന്നാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
ക്യാൻസർ ചികിത്സയിൽ ഏറ്റവും വലിയ വെല്ലുവിളി രോഗം തിരിച്ചറിയാൻ വൈകുന്നു എന്നതായിരുന്നു. എന്നാൽ ഇന്ന് രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപേ തന്നെ കോശങ്ങളിലെ മാറ്റങ്ങൾ കണ്ടെത്താൻ സാധിക്കുന്നുണ്ട്. വൈകി മാത്രം തിരിച്ചറിഞ്ഞിരുന്ന ഒരു രോഗാവസ്ഥയിൽ നിന്ന് കൃത്യസമയത്ത് കണ്ടെത്തി അത്യാധുനിക രീതിയിൽ ചികിത്സിച്ചു ഭേദമാക്കുന്ന ഒരു കാലഘട്ടത്തിലേക്ക് നാം മാറിക്കഴിഞ്ഞിരിക്കുന്നു.
സ്ക്രീനിംഗ് ടെസ്റ്റുകൾ
കാൻസറിനെതിരെയുള്ള ഏറ്റവും വലിയ ആയുധം അത് നേരത്തെ കണ്ടെത്തുക എന്നതാണ്. ഇതിനായി ആധുനിക സ്ക്രീനിംഗ് ടെസ്റ്റുകൾ ഇന്ന് ലഭ്യമാണ്. ആദ്യഘട്ടത്തിൽ രോഗം കണ്ടെത്തിയാൽ അതിജീവന സാധ്യത 90 ശതമാനത്തിലധികമാണ്.
* മാമോഗ്രാം (Mammogram): 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ കൃത്യമായ ഇടവേളകളിൽ മാമോഗ്രാം പരിശോധന നടത്തുന്നത് വഴി ട്യൂമറുകൾ ലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപേ കണ്ടെത്താം.
* പാപ് സ്മിയർ (Pap Smear): പാപ് സ്മിയർ പരിശോധനയിലൂടെയും HPV ടെസ്റ്റുകളിലൂടെയും അസാധാരണ കോശങ്ങളെ തുടക്കത്തിലെ കണ്ടെത്താനും ചികിത്സിച്ചു ഭേദമാക്കാനും സാധിക്കും.
* പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ ടെസ്റ്റ് (PSA) : പുരുഷന്മാരിൽ രക്തപരിശോധനയിലൂടെ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജന്റെ അളവ് നോക്കി പ്രോസ്റ്റേറ്റ് കാൻസർ സാധ്യത തിരിച്ചറിയാം.
* കൊളോനോസ്കോപ്പി: വൻകുടലിലെ കാൻസറുകൾ തിരിച്ചറിയാൻ സഹായിക്കുന്ന പരിശോധന. 45 വയസ്സ് കഴിഞ്ഞവർക്ക് കൊളോനോസ്കോപ്പി വഴി പോളിപ്പുകൾ കണ്ടെത്താനും അവ കാൻസറായി മാറുന്നത് തടയാനും സാധിക്കും.
ചികിത്സയിലെ നവീനത
പഴയകാല കീമോതെറാപ്പികൾ അർബുദ കോശങ്ങളോടൊപ്പം നല്ല കോശങ്ങളെയും നശിപ്പിച്ചിരുന്നു. ഇത് രോഗിയെ ശാരീരികമായി തളർത്തിയിരുന്നു. എന്നാൽ ഇന്നത്തെ ആധുനിക ചികിത്സകൾ വ്യത്യസ്തമാണ്.
* ഇമ്മ്യൂണോതെറാപ്പി: ശരീരത്തിന്റെ സ്വന്തം പ്രതിരോധ സംവിധാനത്തെ കാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞു നശിപ്പിക്കാൻ പ്രാപ്തമാക്കുന്ന രീതിയാണിത്. ഇതിലൂടെ സ്വാഭാവികമായ രോഗമുക്തി സാധ്യമാകുന്നു.
* ടാർഗെറ്റഡ് തെറാപ്പി : ആരോഗ്യമുള്ള കോശങ്ങളെ തൊടാതെ, കാൻസർ കോശങ്ങളിലെ പ്രത്യേക ജനിതക മാറ്റങ്ങളെ മാത്രം ലക്ഷ്യം വെച്ച് മരുന്നുകൾ നൽകുന്ന രീതി. ഇത് പാർശ്വഫലങ്ങൾ ഗണ്യമായി കുറയ്ക്കുന്നു.
* ഹോർമോൺ തെറാപ്പി: കാൻസർ കോശങ്ങളുടെ വളർച്ചയെ ഹോർമോണുകളിലൂടെ നിയന്ത്രിക്കുന്ന രീതിയാണിത്
* നൂതന റേഡിയേഷൻ: കൃത്യമായി ട്യൂമറിൽ മാത്രം റേഡിയേഷൻ കേന്ദ്രീകരിക്കുന്നതിലൂടെ ചുറ്റുമുള്ള അവയവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നു.
റോബോട്ടിക് സർജറിയും അവയവ സംരക്ഷണവും
ശസ്ത്രക്രിയ കഴിഞ്ഞാൽ മാസങ്ങളോളം വിശ്രമം വേണ്ടിയിരുന്ന അവസ്ഥ മാറി. സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച്, വലിയ മുറിവുകൾ ഒഴിവാക്കി രോഗിക്ക് കുറഞ്ഞ വേദനയും വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കുന്ന നൂതന ശസ്ത്രക്രിയാ രീതികൾ ഇന്ന് ലഭ്യമാണ്. അതിൽ ഏറ്റവും പ്രധാനമായതാണ് റോബോട്ടിക് സർജറി. സർജൻ ഒരു കമ്പ്യൂട്ടർ കൺസോളിന്റെ സഹായത്തോടെ റോബോട്ടിക് കൈകളെ നിയന്ത്രിച്ചു നടത്തുന്ന അതിനൂതന രീതിയാണിത്.
മനുഷ്യന്റെ കൈകൾക്ക് എത്താൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ പോലും റോബോട്ടിക് കൈകൾ ഉപയോഗിച്ച് വളരെ കൃത്യമായി ശസ്ത്രക്രിയ ചെയ്യാം. അവയവങ്ങളുടെ വ്യക്തമായ 3D ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ ട്യൂമറുകൾ ഏറ്റവും കൃത്യതയോടെ നീക്കം ചെയ്യാൻ ഡോക്ടർമാർക്ക് സാധിക്കുന്നു. ചെറിയ മുറിവുകൾ മാത്രമുള്ളതിനാൽ രോഗിക്ക് പെട്ടെന്ന് വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നതും ഇതിന്റെ ഗുണമാണ്.
പുതിയകാല കാൻസർ ചികിത്സ നൽകുന്ന മറ്റൊരു പ്രതീക്ഷയാണ് അവയവ സംരക്ഷണം (Organ Preservation). കാൻസർ ബാധിച്ച ഒരു അവയവം പൂർണ്ണമായും നീക്കം ചെയ്യുന്നതിന് പകരം, ആ അവയവത്തിന്റെ പ്രവർത്തനം നിലനിർത്തിക്കൊണ്ട് തന്നെ കാൻസറിനെ നശിപ്പിക്കുന്ന രീതിയാണിത്. ഉദാഹരണത്തിന്, തൊണ്ടയിലോ സ്തനങ്ങളിലോ ഉണ്ടാകുന്ന അർബുദത്തിന് ശസ്ത്രക്രിയയിലൂടെ അവയവം മൊത്തമായി കളയുന്നതിന് പകരം, കാൻസർ ബാധിച്ച ഭാഗം മാത്രം നീക്കം ചെയ്യുകയും ബാക്കി ഭാഗം പ്രവർത്തനക്ഷമമായി നിലനിർത്തുകയും ചെയ്യുന്ന രീതി.
ചികിത്സാ ചിലവിലെ കുറവും സാമൂഹിക പിന്തുണയും
ഉയർന്ന ചികിത്സാ ചിലവ് കാരണം ചികിത്സ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം ഇന്ന് മാറുകയാണ്. മുമ്പ് വിദേശങ്ങളിൽ മാത്രം ലഭ്യമായിരുന്ന പല ആധുനിക മരുന്നുകളും ഇന്ന് ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്നു. ഇത് ചികിത്സാ ചിലവ് മൂന്നിലൊന്നായി കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. കൂടാതെ വിവിധ സർക്കാർ പദ്ധതികളും, സാധാരണക്കാർക്ക് പ്രാപ്യമായ സംസ്ഥാനത്തെ വിവിധ ആരോഗ്യ ഇൻഷുറൻസ് പോളിസികളും അർബുദ ചികിത്സയെ എളുപ്പമാക്കുന്നു.
രോഗം ഭേദമാക്കുക എന്നത് മാത്രമല്ല, രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുന്നു എന്നതാണ് ഇന്നത്തെ ചികിത്സയുടെ വിജയം. ആധുനിക പാലിയേറ്റീവ് കെയർ സംവിധാനങ്ങളും മാനസികാരോഗ്യ പിന്തുണയും രോഗിയെയും കുടുംബത്തെയും വൈകാരികമായി കരുത്തരാക്കുന്നു. മുടി കൊഴിച്ചിലോ കഠിനമായ ക്ഷീണമോ ഇല്ലാതെ തന്നെ ചികിത്സ പൂർത്തിയാക്കി വളരെ വേഗം ജോലിയിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങാൻ ഇന്ന് സാധിക്കുന്നുണ്ട്.
ലക്ഷണങ്ങൾ അവഗണിക്കരുത്
നിശ്ചിത പ്രായത്തിന് ശേഷം കൃത്യമായ ഇടവേളകളിൽ ബോഡി ചെക്കപ്പുകൾ നടത്തുന്നത് രോഗം തുടക്കത്തിലേ കണ്ടെത്താൻ സഹായിക്കും. നേരത്തെയുള്ള പരിശോധനയും നൂതന ചികിത്സയും ഉണ്ടെങ്കിൽ കാൻസറിനെ തോൽപ്പിക്കാം.
വിട്ടുമാറാത്ത ചുമ, ശരീരത്തിൽ കാണുന്ന മുഴകൾ, ഉണങ്ങാത്ത മുറിവുകൾ, പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ് അല്ലെങ്കിൽ വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ തന്നെ ഒരു ഓങ്കോളജിസ്റ്റിനെ സമീപിക്കുക.
(അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിലെ കൺസൾട്ടൻ്റായ ഡോ. ഫിലിപ്പ് ജോർജ് കുറ്റിക്കാട്ട് തയ്യാറാക്കിയ ലേഖനം)


