ജീവിതരീതികളിലെ പ്രശ്‌നങ്ങള്‍ കൊണ്ടാണ് മിക്കവരിലും മൂത്രാശയ അണുബാധയുണ്ടാകുന്നത്. ഡയറ്റുമായും മറ്റ് കാര്യങ്ങളുമായെല്ലാം ഇതിന് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുണ്ടാകാറുണ്ട് 

വളരെയധികം ശാരീരിക- മാനസിക വിഷമതകള്‍ സൃഷ്ടിക്കുന്നൊരു രോഗമാണ് മൂത്രാശയ അണുബാധ ( Urinary Tract Infection ) . പല കാരണങ്ങള്‍ കൊണ്ടും ഇത് വരാം. എന്നാല്‍ ജീവിതരീതികളിലെ പ്രശ്‌നങ്ങള്‍ ( Lifestyle ) കൊണ്ടാണ് മിക്കവരിലും മൂത്രാശയ അണുബാധയുണ്ടാകുന്നത്. 

ഡയറ്റുമായും മറ്റ് കാര്യങ്ങളുമായെല്ലാം ഇതിന് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുണ്ടാകാറുണ്ട്. അത്തരത്തില്‍ മൂത്രാശ അണുബാധയിലേക്ക് നയിച്ചേക്കാവുന്ന ചില കാരണങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ആവശ്യത്തിന് വെള്ളം ശരീരത്തിലെത്താതിരിക്കുന്നതാണ് മൂത്രാശയ അണുബാധയ്ക്ക് ഇടയാക്കുന്ന ഏറ്റവും വലിയ കാരണം. അതുകൊണ്ട് തന്നെ കുടിവെള്ളത്തിന്റെ കാര്യത്തില്‍ എപ്പോഴും കരുതല്‍ വേണം. 

രണ്ട്...

ഒരുപാട് ഇറുകിയ അടിവസ്ത്രം ധരിക്കുന്നതും മൂത്രാശയ അണുബാധയ്ക്ക് ഇടയാക്കാം. മിക്കപ്പോഴും അധികപേരും ശ്രദ്ധിക്കാനിടയില്ലാത്തൊരു കാര്യമാണിത്. 

അത്യാവശ്യം അയവുള്ള കോട്ടണ്‍ അടിവസ്ത്രങ്ങളാണ് ഉപയോഗിക്കാന്‍ ഏറ്റവും ഉചിതം. 

മൂന്ന്...

ബാത്ത്‌റൂമില്‍ പോയതിന് ശേഷം സ്വകാര്യഭാഗങ്ങള്‍ തുടയ്ക്കുമ്പോള്‍ വിപരീതദിശയിലേക്ക് അമര്‍ത്തി തുടയ്ക്കരുത്. ഇത് സ്വകാര്യഭാഗങ്ങളില്‍ ബാക്ടീരിയല്‍ ബാധ വരുന്നതിന് ഇടയാക്കും. ഇതും പിന്നീട് മൂത്രാശയ അണുബാധയിലേക്ക് നയിക്കാം. 

നാല്...

മൂത്രാശയ അണുബാധയുടെ കാര്യം പറയുമ്പോള്‍ കിടപ്പറയിലും ചിലത് ശ്രദ്ധിക്കാനുണ്ട്. അതില്‍ പ്രധാനമാണ് സംഭോഗത്തിന് ശേഷം മൂത്രമൊഴിക്കുന്നത്. സംഭോഗത്തിന് ശേഷം മൂത്രാശയം ഒഴിച്ചിട്ടില്ലെങ്കിലും അണബാധയ്ക്കുള്ള സാധ്യതയുണ്ട്. 

അഞ്ച്...

ദീര്‍ഘനേരത്തേക്ക് മൂത്രം പിടിച്ചുവയ്ക്കുന്നതും മൂത്രാശയ അണുബാധയിലേക്ക് നയിക്കാം. 

സ്ത്രീകളിലാണ് ഇക്കാരണം മൂലം അധികവും മൂത്രാശയ അണുബാധയുണ്ടാകാറ്. 

ആറ്...

മറ്റ് ചില ആരോഗ്യാവസ്ഥകളുടെയും അസുഖങ്ങളുടെയും ഭാഗമായും ഒരാളില്‍ മൂത്രാശയ അണുബാധയുണ്ടാകാം. ഉദാ: പ്രമേഹം, ആര്‍ത്തവവിരാമം.

Also Read:- സെക്‌സ് അഡിക്ഷൻ : ജീവിതം ദുസ്സഹമാക്കുന്ന ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങൾ