മുപ്പത് ശതമാനം മാത്രമായിരുന്നു രോഗി, ശസ്ത്രക്രിയയെ അതിജീവിക്കാന്‍ സാധ്യത. പുതിയൊരു സംവിധാനമുപയോഗിച്ച് രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചുകൊണ്ടായിരുന്നു ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ശസ്ത്രക്രിയ നടത്തിയത്. ഒമ്പത് മണിക്കൂറിലധികം നീണ്ടു ആ ശസ്ത്രക്രിയ

കരള്‍രോഗത്തിന്റെ (Liver Disease ) ഭാഗമായി യുവാവിന് കരളില്‍ ഇട്ട മെറ്റല്‍ സ്‌റ്റെന്റ് ( Metallic Stent ) സഞ്ചരിച്ച് ഹൃദയത്തിലെത്തി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് പറയാവുന്നൊരു അവസ്ഥയാണിത്. ജീവന്‍ നഷ്ടപ്പെടാവുന്ന, അത്രയും ഗൗരവമുള്ള അവസ്ഥ. 

ശ്വാസതടസം, നെഞ്ചില്‍ അസ്വസ്ഥത, വേദന എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയിലെത്തിയതാണ് ദില്ലി സ്വദേശിയായ മുപ്പത്തിയഞ്ചുകാരന്‍. വൈകാതെ തന്നെ പരിശോധനയിലൂടെ പ്രശ്‌നം കണ്ടെത്തപ്പെട്ടു. 

കരളില്‍ ഇട്ടിരുന്ന സ്റ്റെന്റ് പുറത്തേക്ക് സഞ്ചരിച്ച് ഹൃദയത്തിലെത്തുകയും മഹാധമനിയില്‍ കേടുപാട് വരുത്തുകയും ചെയ്തിരിക്കുകയാണ്. ഹൃദയം തുറന്ന് സ്റ്റെന്റ് എടുത്തുമാറ്റുകയും പരിക്ക് കൈകാര്യം ചെയ്യുകയും വേണമെങ്കില്‍ വളരെയേറെ അപകടം പിടിച്ചൊരു ശസ്ത്രക്രിയ ആവശ്യമാണെന്ന് മനസിലാക്കിയ ഡോക്ടര്‍മാര്‍ യുവാവിനെ കയ്യൊഴിഞ്ഞു.

തുടര്‍ന്ന് പല ആശുപത്രികളിലും ചികിത്സയ്ക്കായി യുവാവെത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഹൃദയത്തിന്റെ ഒരു ഭാഗം വീര്‍ത്തുവരാന്‍ തുടങ്ങിയിരുന്നു. എങ്കിലും ഭാഗ്യം ഇദ്ദേഹത്തെ തുണച്ചു. ദില്ലിയില്‍ തന്നെയുള്ള ഒരു സ്വകാര്യ ആശുപത്രി ശസ്ത്രക്രിയ നടത്താമെന്ന് വാക്കുനല്‍കി. 

മുപ്പത് ശതമാനം മാത്രമായിരുന്നു രോഗി, ശസ്ത്രക്രിയയെ അതിജീവിക്കാന്‍ സാധ്യത. പുതിയൊരു സംവിധാനമുപയോഗിച്ച് രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചുകൊണ്ടായിരുന്നു ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ശസ്ത്രക്രിയ നടത്തിയത്. ഒമ്പത് മണിക്കൂറിലധികം നീണ്ടു ആ ശസ്ത്രക്രിയ. 

എന്തായാലും നിലവില്‍ യുവാവ് ഈ പ്രതിസന്ധിയെ അതിജീവിച്ചുവെന്നതാണ് ആശ്വാസകരമായ വാര്‍ത്ത. ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമാണെന്നും ഇതിനെ കൈകാര്യം ചെയ്യുകയെന്നത് വെല്ലുവിളികള്‍ നിറഞ്ഞ ജോലിയാണെന്നും ശസ്ത്രക്രിയയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ പറയുന്നു. 

'ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ നടത്തുന്ന സമയത്ത് ഹൃദയത്തിന് കേടുപാടുകള്‍ സംഭവിക്കാം. രക്തപ്രവാഹം ഉണ്ടാകാം, പോരാത്തതിന് കരളിനും പ്രശ്‌നമുണ്ടായിരുന്നു. സ്വാഭാവികമായും വലിയ വെല്ലുവിളി തന്നെ. അദ്ദേഹത്തിന്റെ ഹൃദയത്തിന്ഡറെ വലതുഭാഗം ഫുട്‌ബോള്‍ പരുവത്തിലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. അത്രയും മോശം അവസ്ഥയായിരുന്നു. ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിരിക്കുന്നു. രണ്ടാഴ്ചയോളം ആശുപത്രിയില്‍ തുടര്‍ന്ന ശേഷം ഇപ്പോള്‍ വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. പ്രശ്‌നങ്ങളില്ലാതെ തന്നെ തുടരുന്നു..'- ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. റിത്വിക് രാജ് പറയുന്നു.

Also Read:- അപകടത്തില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട യുവാവിന് പുതിയ കൈകള്‍; അപൂര്‍വ ശസ്ത്രക്രിയ നീണ്ടത് 13 മണിക്കൂര്‍