Asianet News MalayalamAsianet News Malayalam

തലച്ചോറിന്റെ പ്രവര്‍ത്തനം പ്രശ്‌നത്തിലാകുന്നതിന്റെ ആദ്യ സൂചനകളിലൊന്ന്...

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുകയോ തകരാറിലാവുകയോ ചെയ്യുന്നത് ക്രമേണ അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങളിലേക്ക് മനുഷ്യനെയെത്തിക്കും. മറവിയാണ് ഈ രോഗങ്ങളിലൊക്കെ പൊതുവായി നില്‍ക്കുന്ന ഒരു വില്ലന്‍

main symptom of declining brain health
Author
Mumbai, First Published Oct 24, 2019, 3:30 PM IST

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുകയോ തകരാറിലാവുകയോ ചെയ്യുന്നത് ക്രമേണ അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങളിലേക്ക് മനുഷ്യനെയെത്തിക്കും. മറവിയാണ് ഈ രോഗങ്ങളിലൊക്കെ പൊതുവായി നില്‍ക്കുന്ന ഒരു വില്ലന്‍. 

സമയം പോകും തോറും സങ്കീര്‍ണ്ണമാവുകയും പിന്നീട് മരണം പോലും ഇതിനാല്‍ സംഭവിക്കുകയും ചെയ്യുന്ന തരത്തിലുള്ള അസുഖങ്ങളാണിവയെല്ലാം. അതിനാല്‍ത്തന്നെ ഒരു പരിധി വരെ ഇവയെ അകറ്റിനിര്‍ത്താന്‍ നല്ല ഭക്ഷണവും ആരോഗ്യകരമായ ജീവിതരീതിയും പരിശീലിക്കുന്നവരുണ്ട്. 

ഇത്തരം രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഡയറ്റും വ്യായാമവും എന്ന് പ്രശസ്ത ന്യൂട്രീഷ്യനിസ്റ്റായ രുജുത ദിവേകറും പറയുന്നു. ഇതിനൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകത്തെ കുറിച്ചുകൂടി രുജുത വിശദീകരിക്കുന്നു. 

അതായത്, തലച്ചോറിന്റെ പ്രവര്‍ത്തനം പ്രശ്‌നത്തിലാണെന്ന് ശരീരം അറിയിക്കുന്ന ആദ്യസൂചന. നടത്തത്തിലുള്ള വ്യത്യാസമാണത്രേ ഇത്. ക്ലോക്കിന്റെ സൂചി നീങ്ങും പോലെ, അത്രയും യാന്ത്രികമായ ഒരു തരം ചലനം കാലുകള്‍ക്ക് സംഭവിക്കുന്നത്. പലപ്പോഴും ഇത് സ്വയം തിരിച്ചറിയാനാകുന്നതല്ലെന്നും രുജുത ഓര്‍മ്മിപ്പിക്കുന്നു. 

പ്രിയപ്പെട്ടവരിലോ വീട്ടുകാരിലോ ആരിലെങ്കിലും ഇത്തരത്തില്‍ നടത്തത്തില്‍ ഒരു വ്യത്യാസം തോന്നിയാല്‍ ഉടന്‍ തന്നെ അവരെ വ്യായാമത്തിലേക്ക് നയിക്കണമെന്നാണ് രുജുത പറയുന്നത്. 

'ശരീരത്തിന്റെ ബാലന്‍സ് തെറ്റുന്നതിന്റെ ഭാഗമായാകാം അവരുടെ നടത്തത്തില്‍ വ്യത്യാസം വരുന്നത്. ഇത് സമയത്ത് ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ തലച്ചോര്‍ നേരിടുന്ന പ്രശ്‌നങ്ങളും കൂടിയേക്കും. അതിനാല്‍ ആദ്യം തന്നെ ശരീരത്തിന്റെ ബാലന്‍സ് വീണ്ടെടുക്കാനായി ശ്രമിക്കണം. ജിമ്മില്‍ പോകുന്നതാണ് ഏറ്റവും നല്ലത്. പ്രായമായവരിലാണ് ഈ മാറ്റം കാണുന്നതെങ്കില്‍ തീര്‍ച്ചയായും അത് ശ്രദ്ധിക്കേണ്ടതാണ്. ശരീരം തുലനപ്പെടുത്തുന്നതോടെ ഒരു വലിയ പരിധി വരെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നമുക്ക് പ്രശ്‌നങ്ങളില്ലാതെ കൊണ്ടുപോകാം...'- രുജുത പറയുന്നു.

Follow Us:
Download App:
  • android
  • ios