രക്തത്തെ ബാധിക്കുന്ന ജനിതകമായ രോഗമാണ് അരിവാള്‍ രോഗം. ജനിതക കാരണങ്ങള്‍ മൂലം ചുവന്ന രക്താണുക്കളില്‍ ഘടനാപരമായി മാറ്റം സംഭവിക്കുന്നു. രക്ത കോശങ്ങള്‍ അരിവാളിന് സമാനമായ തരത്തില്‍ വളഞ്ഞും നേര്‍ത്തും പോവുകയും പിന്നീട് പൊട്ടിപ്പോവുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാവുക. പല പരിണിതഫലങ്ങള്‍ ഇതുമൂലം രോഗി അനുഭവിക്കേണ്ടിവരും. 

ഇന്ത്യയില്‍ ആദിവാസി സമുദായങ്ങള്‍ക്കിടയിലാണ് വ്യാപകമായി അരിവാള്‍ രോഗം കണ്ടുവരുന്നത്. പലപ്പോഴും വേണ്ടത്ര ശ്രദ്ധ ഇക്കാര്യത്തില്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ടോയെന്നതില്‍ സംശയം തോന്നാം. ജനിതക രോഗമായതിനാല്‍ത്തന്നെ മാതാപിതാക്കളില്‍ നിന്ന് കുട്ടികളിലേക്ക് ഇത് പകരുന്നു എന്നതും വലിയ പ്രശ്‌നമാണ്. 

വലിയ തോതില്‍ ശ്രദ്ധ പതിപ്പിക്കേണ്ട പൊതുജനാരോഗ്യ പ്രശ്‌നമാണ് 'സിക്കിള്‍ സെല്‍ അനീമിയ' അഥവാ അരിവാള്‍ രോഗമെന്ന് 2008ല്‍ ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു. ലോകത്തില്‍ വച്ച് തന്നെ ഏറ്റവുമധികമായി കാണപ്പെടുന്ന ജനിതക രോഗങ്ങളില്‍ ഒന്നുകൂടിയാണിത്. അതിനാല്‍ത്തന്നെ ഈ രോഗത്തെക്കുറിച്ച് അവബോധം നല്‍കുന്നതിനായി ജൂണ്‍ 19 ലോക അരിവാള്‍ രോഗദിനമായി കണക്കാക്കപ്പെടുന്നു. 

 

 

ചികിത്സയിലൂടെ ഭേദപ്പെടുത്താനാകില്ലെങ്കില്‍പ്പോലും എത്രയും പെട്ടെന്ന് രോഗം തിരിച്ചറിയുന്നതും രോഗം മൂലമുള്ള പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നതും ഇതിന്റെ തീവ്രതയെ കുറയ്ക്കാന്‍ സഹായിക്കും. അരിവാള്‍ രോഗത്തിന്റെ സുപ്രധാനമായി ചില ലക്ഷണങ്ങള്‍ നോക്കാം. 

ഒന്ന്...

അരിവാള്‍ ഘടനയിലെത്തിയ രക്ത കോശങ്ങള്‍ രക്തയോട്ടത്തെ പലയിടങ്ങളില്‍ വച്ച് 'ബ്ലോക്ക്' ചെയ്യുന്ന സാഹചര്യമുണ്ടാകാം. ഇത് പേശികളിലും എല്ലുകളിലുമെല്ലാം വേദന അനുഭവപ്പെടുന്നതിന് കാരണമാകുന്നു. ഇടവിട്ട് തുടര്‍ച്ചയായി ഈ വേദന വന്നുകൊണ്ടിരിക്കും. 

രണ്ട്...

വിളര്‍ച്ച (അനീമിയ)യാണ് അരിവാള്‍ രോഗത്തിന്റെ മറ്റൊരു ലക്ഷണം. ചുവന്ന രക്ത കോശങ്ങള്‍ നശിച്ചുപോകുന്നതോടെയാണ് രോഗി വിളര്‍ച്ചയനുഭവിക്കുന്ന സാഹചര്യമുണ്ടാകുന്നത്. സാധാരണഗതിയില്‍ ഓരോ 120 ദിവസങ്ങളും കൂടുമ്പോഴാണ് പുതിയ രക്ത കോശങ്ങള്‍ ഉണ്ടാകുന്നത്. അതായത് 120 ദിവസം ആയുസ് എന്ന് കണക്കാക്കാം. 

 

എന്നാല്‍ അരിവാള്‍ രോഗികളുടെ കാര്യത്തില്‍ ഇത് 10 മുതല്‍ 20 ദിവസം വരെയായി കുറയുന്നു. 

മൂന്ന്...

വളര്‍ച്ചയില്‍ കാണുന്ന മുരടിപ്പ് ആണ് ഇതിന്റെ മറ്റൊരു ലക്ഷണം. വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ ശരീരത്തിന് വേണ്ടി നല്‍കുന്ന ജോലി ചെയ്യുന്നത് ചുവന്ന രക്താണുക്കളാണ്. ഇത് നശിക്കുമ്പോള്‍ അത് വളര്‍ച്ചാപ്രക്രിയയേയും കാര്യമായി ബാധിക്കുന്നു. 

നാല്...

രോഗകാരികളായ അണുക്കളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന 'പ്ലീഹ' എന്ന ഭാഗത്തെ മോശമായി ബാധിക്കുന്നതിനാല്‍ അരിവാള്‍ രോഗികളില്‍ എപ്പോഴും വിവിധ തരത്തിലുള്ള അണുബാധകള്‍ കാണപ്പെടുന്നു. വാക്‌സിനേഷന്‍ നല്‍കിയും ആന്റിബോഡികള്‍ നല്‍കിയുമാണ് ഇതിനെ ചെറുക്കുന്നത്. 

അഞ്ച്...

കൈകളിലും കാലുകളിലുമെല്ലാം കാണപ്പെടുന്ന വീക്കവും അരിവാള്‍ രോഗത്തിന്റെ ഭാഗമാകാം. 

 

 

ഘടനാപരമായി മാറ്റം സംഭവിച്ച ചുവന്ന രക്തകോശങ്ങള്‍ രക്തയോട്ടത്തെ തടഞ്ഞുനിര്‍ത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. 

ആറ്...

കാഴ്ചാപ്രശ്‌നങ്ങളും അരിവാള്‍ രോഗികളില്‍ കാണപ്പെടുന്ന മറ്റൊരു ലക്ഷണമാണ്. കണ്ണിലെ രക്തക്കുഴലുകളില്‍ അരിവാള്‍ ഘടനയിലുള്ള രക്ത കോശങ്ങള്‍ കൂട്ടമായി കിടക്കുന്നത് റെറ്റിനയെ ബാധിക്കുകയും ക്രമേണ ഇത് കാഴ്ചാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.

Also Read:- ലോക്ക് ഡൗണിൽ 'വേദന തിന്ന് അരിവാൾ രോഗികൾ; മരുന്നും സഹായവും മുടങ്ങി...