പല തരത്തിലുള്ള അലര്‍ജികളെ കുറിച്ച് നാം കേള്‍ക്കാറുണ്ട്, അല്ലേ? പൊടിയോട്, തണുപ്പിനോട്, ചില ഭക്ഷണപദാര്‍ത്ഥങ്ങളോടൊക്കം ആളുകളില്‍ അലര്‍ജിയുണ്ടാകാറുണ്ട്. എന്നാല്‍ കറണ്ടിനോട് (വൈദ്യുതി) അലര്‍ജിയുള്ളവരെ കുറിച്ച് കേട്ടിട്ടുണ്ടോ! 

ലൈറ്റോ, ഫാനോ, ടിവിയോ, മൊബൈല്‍ ഫോണോ ഒന്നും അടുത്തിരുന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. അഥവാ പ്രവര്‍ത്തിച്ചാല്‍ ഉടനെ തന്നെ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും നേരിടുകയും അവയെ തുടര്‍ന്ന് തളര്‍ന്നുപോവുകയുമെല്ലാം ചെയ്യുന്ന അവസ്ഥ. 

'ഇലക്ട്രോ സെന്‍സിറ്റിവിറ്റി', 'ഇലക്ട്രോമാഗ്നെറ്റിക് ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി', 'ഇലക്ട്രോഫോബിയ എന്നിങ്ങനെയുള്ള പേരുകളിലാണ് അപൂര്‍വ്വമായ ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. 

 

 

ഇപ്പോഴിതാ ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടണ്‍ഷയര്‍ സ്വദേശിയായ ഒരു മദ്ധ്യവയസ്‌കന്‍ തനിക്ക് 'ഇലക്ട്രിസിറ്റി അലര്‍ജി'യാണെന്ന് അറിയിച്ചതോടെ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. കഴിഞ്ഞ നാല് വര്‍ഷമായി എന്താണെന്ന് മനസിലാകാത്ത തരത്തില്‍ പല ആരോഗ്യപ്രശ്‌നങ്ങളും താന്‍ നേരിടുന്നുവെന്നും ഒടുവില്‍ അമേരിക്കയിലെ ഒരാശുപത്രിയില്‍ വച്ചാണ് 'ഇലക്ട്രോ സെന്‍സിറ്റിവിറ്റി' എന്ന അസുഖം തനിക്ക് പിടിപെട്ടതായി അറിയാന്‍ സാധിച്ചതെന്നും ബ്രൂണോ ബെറിക് എന്ന നാല്‍പത്തിയെട്ടുകാരന്‍ പറയുന്നു. 

ഭാര്യ ലിസയ്ക്കും മൂന്ന് പെണ്‍മക്കള്‍ക്കുമൊപ്പം സസന്തോഷം ജീവിച്ചുവരികയായിരുന്നു ബില്‍ഡറായിരുന്ന ബ്രൂണോ. നാല് വര്‍ഷം മുമ്പാണ് അസഹനീയമായ ക്ഷീണവും തലവേദനയും, കണ്ണില്‍ ഇരുട്ട് മൂടുന്ന അവസ്ഥയുമെല്ലാം ബ്രൂണോയെ അലട്ടിത്തുടങ്ങിയത്. ഇതോടെ ബ്രൂണോയുടേയും കുടുംബത്തിന്റേയും സാധാരണജീവിതം തകിടം മറിഞ്ഞുതുടങ്ങി. ജോലി ചെയ്യാനോ, വീട്ടിലെ കാര്യങ്ങള്‍ ചെയ്യാനോ, എന്തിനധികം കുട്ടികളുടെ കൂടെ കളിക്കാന്‍ പോലും ബ്രൂണോയ്ക്ക് കഴിയാതായി. 

തുടര്‍ന്ന് ശരീരവണ്ണം അസാധാരണമായ വിധത്തില്‍ കുറഞ്ഞുതുടങ്ങിയെന്നാണ് ബ്രൂണോ പറയുന്നത്. ഇതോടെ എന്താണ് അസുഖമെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇവര്‍ ഊര്‍ജ്ജിതമായി നടത്തിത്തുടങ്ങി. എന്നാല്‍ കണ്ട ഡോക്ടര്‍മാര്‍ക്കൊന്നും എന്താണ് അസുഖമെന്ന് കണ്ടെത്താനായില്ല. ധാരാളം പണം ഇതിനായി ചിലവഴിക്കുകയും ചെയ്തു. ഒടുവില്‍ അമേരിക്കയില്‍ വച്ചാണ് രോഗം കണ്ടെത്താനായതെന്നാണ് ഇദ്ദേഹം പറയുന്നത്. 

 

 

ഇപ്പോള്‍ പട്ടണത്തില്‍ നിന്നെല്ലാം മാറി ഒരുള്‍നാടന്‍ ഗ്രാമത്തില്‍ പുതിയ വീട് പണിത് കുടുംബത്തേയും അങ്ങോട്ട് മാറ്റിയിരിക്കുകയാണ് ബ്രൂണോ. വൈദ്യുതിയുടെ ഉപയോഗം വളരെയധികം കുറച്ചാണ് കുടുംബം ജീവിക്കുന്നത്. വൈദ്യുതി തരംഗങ്ങള്‍ ഒട്ടും കടന്നുചെല്ലാത്ത തരത്തില്‍ ബ്രൂണോ തനിക്ക് വേണ്ടി ഒറ്റയ്‌ക്കൊരു ചെറിയ ഔട്ട്ഹൗസും പണിതിട്ടുണ്ട്. പുതിയ ജീവിതരീതികളില്‍ ആരോഗ്യം പതിയെ ശക്തിപ്പെട്ട് വരുന്നുണ്ടെന്നാണ് ബ്രൂണോ അവകാശപ്പെടുന്നത്.

എന്നാല്‍ ബ്രൂണോയുടേത് സാങ്കല്‍പിക രോഗമാണെന്നാണ് ഒരു കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹം മനസില്‍ മെനഞ്ഞെടുത്തതാണ് ഈ രോഗമെന്നാണ് ഇവര്‍ വാദിക്കുന്നത്. അതേസമയം അത്തരം ആരോപണങ്ങളെയൊന്നും തങ്ങള്‍ വകവയ്ക്കുന്നില്ലെന്നും ബ്രൂണോയ്ക്ക് യഥാര്‍ത്ഥത്തില്‍ അസുഖമുണ്ടെന്നും ലിസയും കുടുംബവും തറപ്പിച്ചുപറയുന്നുമുണ്ട്. 

Also Read:- മുഖമാകെ പടര്‍ന്നുപിടിച്ച മുഴ; അപൂര്‍വ്വരോഗത്തിനിടെ നാട്ടുകാരുടെ ആരാധനയും...