ഇന്ന് മിക്കവരുടെ കയ്യിലും സ്മാര്‍ട് ഫോണുണ്ട്. അതില്‍ എപ്പോഴും ഇന്റര്‌നെറ്റും ലഭ്യമായിരിക്കും. അതിനാല്‍ തന്നെ ഏത് സംശയവും നേരിട്ട് ഗൂഗിളിനോട് ചോദിച്ച് പരിഹരിക്കലാണ് മഹാഭൂരിപക്ഷം പേരുടേയും പതിവ്. എന്നാല്‍ ആരോഗ്യകാര്യങ്ങളില്‍ നിങ്ങള്‍ ഇത്തരം സംശയനിവാരണങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക. 

കാരണം, നിങ്ങളിലുള്ള ലക്ഷണങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കുന്നതാകാം. അവയെ ഏതെങ്കിലും രോഗമായി നിങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഈ ഓണ്‍ലൈന്‍ അന്വേഷണങ്ങള്‍ ഇടവരുത്തും. അത്തരത്തിലൊരു സംഭവത്തെക്കുറിച്ചാണ് ഇനി പറയുന്നത്. 

സാന്‍ ഫ്രാന്‍സിസ്‌കോ സ്വദേശിയായ മാര്‍ക് ശ്രേയ്‌ബെര്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്ററിലൊരു വിവരം പങ്കുവച്ചു. അതായത്, ഒരു സാധാരണദിവസം, അദ്ദേഹം നോക്കുമ്പോള്‍, കാലുകള്‍ നീലനിറത്തിലായിരിക്കുന്നു. ഇത് കണ്ട് ഭയന്നയുടന്‍ തന്നെ ഓണ്‍ലൈനില്‍ ഇതെപ്പറ്റി അന്വേഷിച്ചു. 

ഗുരുതരമായ 'വെയിന്‍ ത്രോംബോസിസ്' എന്ന രോഗമാണ് നിങ്ങള്‍ക്ക് എന്നായിരുന്നു അന്വേഷണത്തിന് ലഭിച്ച മറുപടി. അങ്ങനെ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് ഓടിച്ചെന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം രോഗം എന്താണെന്ന് കണ്ടെത്തി. പുതിയ ജീന്‍സ് അലക്കാതെ ഉപയോഗിച്ചതോടെ, അതിന്റെ നിറം കാലില്‍ പടര്‍ന്നിരിക്കുന്നതാണ് സംഭവം. 

 

 

അല്‍പസമയത്തേക്കെങ്കിലും എന്തോ മാരകമായ അസുഖമാണെന്ന് ധരിച്ച് ടെന്‍ഷനടിച്ചത് മിച്ചം. ഏതായാലും, എന്തെങ്കിലും അസ്വസ്ഥതകളോ അസുഖമോ തോന്നിയാല്‍ നേരിട്ട് ഡോക്ടറെ കാണാതെ ഓണ്‍ലൈനില്‍ അതെപ്പറ്റി തിരയുന്നവര്‍ക്ക് ഒന്നാന്തരം മാതൃകയായി മാര്‍ക്കിന്റെ അനുഭവം. മൂന്നരലക്ഷത്തിലധികം പേരാണ് മാര്‍ക്കിന്റെ ട്വീറ്റിന് ലൈക്ക് നല്‍കിയിരിക്കുന്നത്. 32,000 പേര്‍ ഇത് റീട്വീറ്റ് ചെയ്തിട്ടും ഉണ്ട്.