നമ്മളിൽ പലർക്കും നഖം കടിക്കുന്ന ശീലമുണ്ട്. അങ്ങനെ ഒരു ശീലമുണ്ട് എന്ന് തിരിച്ചറിയുക പോലും ചെയ്യാതെയാകും ചിലപ്പോൾ പലരും അത് ചെയ്തുപോരുന്നതും. അങ്ങനെ ചെയ്യുമ്പോൾ പ്രിയപ്പെട്ടവർ പലരും വന്ന് നല്ല ചീത്തപറയുമ്പോൾ, പലരും മനസ്സിൽ ഉറപ്പിക്കും, പ്രതിജ്ഞ പോലും എടുക്കും, ഇനി ഒരിക്കലും നഖം കടിക്കുകയേ ഇല്ല എന്ന്. അടുത്ത നിമിഷം, ഏതെങ്കിലും ടെൻഷൻ വരുമ്പോൾ അറിയാതെ പിന്നെയും കടിച്ചു പോകും നഖം. 

കഴിഞ്ഞ ദിവസം സ്കോട്ലൻഡിലുള്ള കാരൻ പീറ്റ് എന്ന യുവതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ട ഒരു വിവരം ആരെയും ഞെട്ടിക്കുന്നതാണ്. അത് നഖം കടി ഒരു ശീലമായി ഉള്ള എല്ലാവർക്കും ഒരു പാഠമായി സ്വീകരിക്കാവുന്നതാണ്. അത് കാരന്റെ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കത്തൊരു സുഹൃത്തിന്റെ അനുഭവമാണ്. സാമാന്യം നല്ലതോതിൽ നഖം കടിക്കുന്ന ശീലക്കാരനായിരുന്നു അയാൾ.  അങ്ങനെ കടിച്ചുകടിച്ചൊടുവിൽ ഒരു സുപ്രഭാതത്തിൽ വിരലിൽ ഇൻഫെക്ഷനായി. ഇൻഫെക്ഷൻ അധികമായി കയ്യിൽ നീരുവന്ന് വീങ്ങി. അപ്പോൾ അയാൾ അടുത്തുള്ള ഫാർമസിയിൽ ചെന്നു മരുന്നുചോദിച്ചു. അവർ അയാൾക്ക് മഗ്നീഷ്യം സൾഫേറ്റ് പുരട്ടാൻ ആവശ്യപ്പെട്ടു. ഒരാഴ്ചയോളം അത് ചെയ്‌തെങ്കിലും അസുഖത്തിന് കുറവുണ്ടായില്ല. 

അതിനു ശേഷമാണ് അയാളെ ഗ്ലാസ്‌ഗോ റോയൽ ഇൻഫെർമറി ഹോസ്പിറ്റലിലെ ശസ്ത്രക്രിയാ വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഇനിയും ചികിത്സ വൈകിയിരുന്നെങ്കിൽ പഴുപ്പ് കൈ മുഴുവൻ വ്യാപിക്കുമായിരുന്നു എന്നാണ് ഡോക്ടർമാർ അയാളോട് പറഞ്ഞത്. 

ഈ വിവരം പങ്കുവെച്ച ശേഷം കാരന് ഒന്നുമാത്രമേ തന്റെ സ്നേഹിതരോട് പറയാനുണ്ടായിരുന്നുള്ളൂ, " നിങ്ങൾ ആരെങ്കിലും കയ്യിലെ നഖം കടിക്കുന്നവരുണ്ടെങ്കിൽ, ദയവായി ഇന്നുതന്നെ അത് നിർത്തണം..."