ബി പി അല്ലെങ്കിൽ ബ്ലഡ് പ്രഷറിനെ ഒരു സൈലന്റ് കില്ലറായാണ് പൊതുവേ പറയാറുള്ളത്. 45 വയസ്സിനു മുകളിലുള്ള 50 ശതമാനം പേരിലും സാധാരണ കണ്ടുവരുന്ന ജീവിതശൈലി രോഗമാണ് രക്തസമ്മർദ്ദം. ഇത് തിരിച്ചറിയാൻ ബിപി കൃത്യമായി പരിശോധിക്കുക തന്നെ വേണം.

പ്രത്യേക ലക്ഷണങ്ങൾ ഇല്ലാത്ത അതി രക്തസമ്മർദ്ദം ഒരു മസ്തിഷ്കാഘാതമായോ വൃക്കരോഗമായോ ഹൃദ്രോഗമായോ പരിണമിക്കാൻ സാദ്ധ്യതയുണ്ട്. എന്നാൽ ഇത് വളരെ വൈകിയ അവസ്ഥയാണ് അതിനാൽ "കൃത്യമായി പരിശോധിക്കൂ, തിരിച്ചറിയൂ, നിയന്ത്രിക്കൂ, കൂടുതൽ കാലം ജീവിക്കൂ"  എന്നതാണ് ലോകാരോഗ്യ സംഘടന നൽകിയ മുദ്രാവാക്യം.

25 വയസ്സിന്  ശേഷം ഓരോ വ്യക്തിയും വർഷംതോറും  ബിപി കൃത്യമായി പരിശോധിക്കണം. എങ്കിൽ മാത്രമേ തിരിച്ചറിയുവാൻ സാധിക്കുകയുള്ളൂ. ഒരിക്കൽ  തിരിച്ചറിഞ്ഞാൽ കൃത്യമായ വ്യായാമവും മരുന്നുകളും കഴിക്കണം ഉപ്പ് ഒഴിവാക്കുകയും വേണം. കൊവിഡ് കാലത്ത് ഡോക്ടർമാരെ കാണാനും ആശുപത്രിയിൽ വരാനും നിയന്ത്രണങ്ങളും പരിമിതികളും ഉണ്ട്. ഇക്കാര്യത്തിൽ ബിപി രോഗികൾ മരുന്നുകൾ നിർത്താനോ ഭക്ഷണരീതി മാറ്റാനോ പാടില്ല.

വ്യായാമക്കുറവ്, മാനസികസമ്മർദ്ദം എന്നിവ ലോക്ഡൗൺ കാലത്ത് കൂടുതലാണ് എന്നതിനാൽ വീട്ടിനകത്ത് പരിമിതമായ സ്ഥലത്ത് പറ്റാവുന്ന വ്യായാമമുറകൾ നിർബന്ധമായും ചെയ്യണം. ഒരു എക്സർസൈസ് സൈക്കിൾ ഇതിന് വളരെ ഉപകാരപ്രദമായിരിക്കും.

50 ശതമാനം ആളുകള്‍ ഇപ്പോഴും മാസ്‌ക് ധരിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രാലയം

ഉപ്പിന്റെ അളവ് പരമാവധി കുറയ്ക്കണം. മരുന്നുകൾ മുടക്കാതെ കഴിക്കണം എങ്കിൽ മാത്രമേ ഇതിനെ ദൂഷ്യഫലങ്ങൾ ആയ സ്ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയാൻ പറ്റുകയുള്ളൂ. ആശുപത്രി കിടക്കകൾക്കും മറ്റും ക്ഷാമമുള്ള ഈ കാലത്ത് പ്രതിരോധം തന്നെയാണ് ഏറ്റവും ഉത്തമമായ മാർഗം. 

തയ്യാറാക്കിയത്:
ഡോ. വിവേക് നമ്പ്യാർ 
സ്‌ട്രോക് വിഭാഗം മേധാവി 
അമൃത ആശുപത്രി, കൊച്ചി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona