നേരത്തെ മിനുറ്റില്‍ 105 പുഷ്-അപ്‌സ് ചെയ്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ നിരഞ്‌ജോയ്, ഇക്കുറി തന്റെ തന്നെ റെക്കോര്‍ഡാണ് തകര്‍ത്തിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്

വര്‍ക്കൗട്ട് ചെയ്യുന്നത് എപ്പോഴും ആരോഗ്യത്തിന് മുതല്‍ക്കൂട്ടാണ് ( Doing Workout ). കൊവിഡ് കാലത്ത് ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറെ ഉയര്‍ന്നുകേട്ടിരുന്നു. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ഫിറ്റ്‌നസിനും വര്‍ക്കൗട്ടിനുമെല്ലാം ( Fitness Goal ) ആളുകള്‍ ഏറെ പ്രാധാന്യം നല്‍കുന്ന കാഴ്ചയും പിന്നീട് കണ്ടു. 

വര്‍ക്കൗട്ടിന്റെ കാര്യമെടുക്കുമ്പോള്‍, നമുക്കറിയാം എപ്പോഴും യുവാക്കള്‍ തന്നെയാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കാറ്. ഇവരില്‍ തന്നെ വര്‍ക്കൗട്ടിനെയും ഫിറ്റ്‌നസിനെയുമെല്ലാം ജീവിതത്തിലെ സുപ്രധാനമായ ഘടകമായി എടുക്കുകയും അതിന് വേണ്ടി ഏറെ പ്രയത്‌നിക്കുകയും ചെയ്യുന്ന ധാരാളം പേരുണ്ട്. 

അത്തരക്കാര്‍ക്ക് പ്രചോദനമേകുന്നൊരു വാര്‍ത്തയാണിനി പങ്കുവയ്ക്കുന്നത്. വര്‍ക്കൗട്ട് ചെയ്യുന്നവര്‍ക്കെല്ലാം അറിയാം, നമ്മള്‍ പതിവായി പുഷ്-അപ്‌സ് ചെയ്യേണ്ടതിന്റെ ആവശ്യകത. പുഷ്- അപ്‌സ് തന്നെ പല വിധത്തില്‍ ചെയ്യേണ്ടതുണ്ട്. 

ഇവിടെയിതാ മണിപ്പൂരില്‍ നിന്നുള്ളൊരു യുവാവ്, വിരലറ്റങ്ങള്‍ ഉപയോഗിച്ച് ഒരു മിനുറ്റില്‍ 109 പുഷ്-അപ്‌സ് ചെയ്ത് ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. ടി നിരഞ്‌ജോയ് സിംഗ് എന്ന ഇരുപത്തിനാലുകാരനാണ് അപൂര്‍വമായ നേട്ടം കൈവരിച്ചിരിക്കുന്നത്. 

നേരത്തെ മിനുറ്റില്‍ 105 പുഷ്-അപ്‌സ് ചെയ്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ നിരഞ്‌ജോയ്, ഇക്കുറി തന്റെ തന്നെ റെക്കോര്‍ഡാണ് തകര്‍ത്തിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

Scroll to load tweet…

കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു അടക്കം പ്രമുഖര്‍ പലരും നിരഞ്‌ജോയ്ക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത്ര ചെറുപ്രായത്തില്‍ ഇങ്ങനെയൊരു നേട്ടം കൈവരിക്കാനായത് തീര്‍ച്ചയായും കഠിനമായ പ്രയത്‌നങ്ങളിലൂടെയാണെന്ന അഭിപ്രായം തന്നെയാണ് ഏവരും പങ്കുവയ്ക്കുന്നത്. 

Also Read:- ഭരിക്കാന്‍ ബലം വേണ്ടേ; ഫിറ്റ്‌നസ് ഗോളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍