Asianet News MalayalamAsianet News Malayalam

'ഉമ്മവെക്കേണ്ടി വന്നാൽ എന്തുചെയ്യും?' മാസ്കിടാത്തതിന് തടഞ്ഞ ദില്ലി പൊലീസിനോട് ദമ്പതികൾ തർക്കിച്ചത് ഇങ്ങനെ

കൊറോണയുടെ പേരിൽ ദില്ലി പൊലീസ് ജനങ്ങളെ അകാരണമായി ഉപദ്രവിക്കുകയാണ് എന്നായിരുന്നു ദമ്പതികളുടെ ആക്ഷേപം. 
 

maskless duo argument kiss him
Author
Delhi, First Published Apr 19, 2021, 12:18 PM IST

ദില്ലി : കഴിഞ്ഞ ദിവസം ദില്ലിയിൽ നിന്നുള്ള ഒരു വീഡിയോ വൈറലായിരിക്കുകയാണ്. മാസ്ക് ധരിച്ചില്ല എന്ന പേരിൽ, ദില്ലിയിലെ ദരിയാഗഞ്ചിൽ വെച്ച് തങ്ങളെ തടഞ്ഞ ട്രാഫിക് പോലീസിനോട് തട്ടിക്കയറുന്ന ദമ്പതികളുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ. ദില്ലി പട്ടേൽ നഗർ സ്വദേശികളായ ആഭ, പങ്കജ് എന്നിവരാണ് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട പൊലീസിനോട് കലഹിച്ചത്. ഇവരുടെ പേരിൽ പ്രസക്തമായ വകുപ്പുകൾ ചേർത്ത് എഫ്‌ഐആർ രജിസ്റ്റർ  ചെയ്തതായി ദില്ലി പൊലീസ് അധികാരികൾ പറഞ്ഞു. 

തർക്കത്തിൽ തുടങ്ങിയ ദമ്പതികളുടെ സംസാരം താമസിയാതെ അധിക്ഷേപത്തിലേക്ക് വഴിമാറുകയായിരുന്നു. മാസ്ക് ധരിക്കൂ എന്ന് ആവശ്യപ്പെട്ടതോടെ കാറിൽ ഇരുന്ന സ്ത്രീ പൊലീസിനോട്, "എനിക്ക് ഇപ്പോൾ ഇദ്ദേഹത്തെ ഉമ്മവെക്കണം എന്ന് തോന്നിയാൽ എന്തുചെയ്യും?" എന്ന് ചോദിക്കുന്നുണ്ട്. ആദ്യം കാറിൽ ഇരുന്നും, പിന്നീട് കാർ റോഡരികിൽ ഒതുക്കി നിർത്തി പുറത്തിറങ്ങിയും ദമ്പതികൾ പൊലീസിനോട് കടുത്ത ഭാഷയിൽ തർക്കിക്കുന്നുണ്ട്. കൊറോണയുടെ പേരിൽ ദില്ലി പൊലീസ് ജനങ്ങളെ അകാരണമായി ഉപദ്രവിക്കുകയാണ് എന്നായിരുന്നു ദമ്പതികളുടെ ആക്ഷേപം. 

 

 

എന്നാൽ, കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻകരുതലുകൾ നിർബന്ധമായും എടുക്കണം എന്ന സന്ദേശം മാത്രമാണ് തങ്ങൾ നൽകാൻ ശ്രമിക്കുന്നത് എന്നും, പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കുക എന്നത് അതിനുള്ള പ്രാഥമികമായ നടപടി മാത്രമാണ് എന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം മാത്രം ദില്ലിയിൽ കൊവിഡ്  ബാധിച്ച് 161 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് നടപടികൾ കടുപ്പിച്ചതും പരിശോധനകൾ വ്യാപകമാക്കിയതും. 

Follow Us:
Download App:
  • android
  • ios