പുതുവര്‍ഷത്തില്‍ അഞ്ചാംപനി പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ​ഗവേഷകർ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അഞ്ചാം പനിയ്ക്ക് കുട്ടികള്‍ക്ക് പതിവായി നല്‍കി വരുന്ന പ്രതിരോധ കുത്തിവയ്പ്പ് കാര്യക്ഷമമായി നടന്നിട്ടില്ല. നിരവധി കുട്ടികള്‍ക്കാണ് അഞ്ചാം പനിയ്‌ക്കെതിരെയുള്ള കുത്തിവയ്പ്പ് നഷ്ടമായത്.

കൊവിഡ് വ്യാപനത്തെ തുടർന്ന്  ആശുപത്രികളില്‍ പോകാന്‍ മടിക്കുന്നത് കാരണം നിരവധി കുട്ടികള്‍ക്കാണ് ഇക്കുറി അഞ്ചാം പനിക്കെതിരെയുള്ള കുത്തിവയ്പ് നഷ്ടമായത്. അത് കൊണ്ട് തന്നെ 2021 തുടക്കത്തിൽ കുട്ടികള്‍ക്കിടയിൽ വ്യാപകമായ തോതില്‍ അഞ്ചാംപനി പടരാന്‍ ഇടയാക്കുമെന്ന് ​ഗവേഷകർ പറയുന്നു. മെ‍ഡിക്കൽ ജേണലായ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

'' ഈ വർഷം ഒട്ടുമിക്ക കുട്ടികളും അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതിരുന്നതിനാൽ അഞ്ചാംപനി പടരാനുള്ള സാധ്യത കൂടുതലാണ്...'' -  ഓസ്‌ട്രേലിയയിലെ മർഡോക്ക് ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ​ഗവേഷകൻ കിം മുൽഹോളണ്ട് പറഞ്ഞു. 

കൊറോണ വൈറസ് പോലെ തന്നെ മൂക്കിലൂടെയാണ് ഈ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നത്.  ഇതിന് തടയിടാന്‍ കുത്തിവയ്പ്പ് നല്‍കുന്നത് അടക്കമുള്ള നടപടികള്‍ക്ക് രാജ്യാന്തര സമൂഹം തയ്യാറാകണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2020 ഒക്ടോബർ അവസാനത്തോടെ 26 രാജ്യങ്ങളിൽ വാക്സിനേഷൻ പ്രചാരണം വൈകിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കുത്തിവയ്പ്പ് വൈകിയതിന് പിന്നാലെ 9.4 കോടി കുട്ടികള്‍ക്കാണ് ഇത്തവണ വാക്‌സിനേഷന്‍
നഷ്ടമായതെന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.

ഈ കൊവിഡ് കാലത്ത് സിഒപിഡി ഏറെ ശ്രദ്ധിക്കണം; പ്രധാന രോ​ഗ ലക്ഷണങ്ങൾ ഇതൊക്കെ