Asianet News MalayalamAsianet News Malayalam

നിപ ബാധിച്ച ഒൻപത് വയസുകാരന്റെ ചികിത്സാ വിജയം പഠിക്കാൻ ജപ്പാനിൽ നിന്നുള്ള മെഡിക്കൽ സംഘം കോഴിക്കോട്ട്

രോഗം മൂർച്ഛിച്ച് വെന്റിലേറ്ററിൽ കഴിയേണ്ടി വന്ന  രോഗിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്  ലോകത്തു തന്നെ ആദ്യ സംഭവമായിരുന്നു. ഇതു സംബന്ധിച്ച് അന്തർദേശീയ മാധ്യമങ്ങളിൽ അടക്കം  വന്ന  വാർത്തകൾ ശ്രദ്ധയിൽപ്പെട്ട  ജപ്പാനിലെ ആരോഗ്യ വകുപ്പ് മേധാവികൾ ഇന്ത്യയിലെ ജപ്പാൻ എംബസി വഴി  വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

Medical delegation from Japan arrives Kozhikode Aster MIMS hospital for studying nipah treatment success afe
Author
First Published Nov 6, 2023, 4:25 PM IST

കോഴിക്കോട്: നിപ പ്രതിരോധത്തിനായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി നടത്തിയ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ജപ്പാൻ സർക്കാരിന്റെ പ്രതിനിധി സംഘം സന്ദർശനം നടത്തി. നിപ മൂർച്ഛിച്ച് വെന്റിലേറ്ററിൽ കഴിയേണ്ടി വന്ന  രോഗിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടു വരാൻ മിംസിലെ ചികിത്സയിലൂടെ കഴിഞ്ഞിരുന്നു. ഇത് ഉള്‍പ്പെടെയുള്ള ചികിത്സാ മികവുകൾ പഠിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജപ്പാൻ സംഘത്തിന്റെ സന്ദർശനം.

ജപ്പാനിലെ നാഷണൽ സെന്റർ ഫോർ ഗ്ലോബൽ ഹെൽത്ത് ആൻഡ് മെഡിസിനിലെ (എൻ.സി.ജി.എം) മുതിർന്ന ഉദ്യോഗസ്ഥരായിരുന്നു പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്. എൻ.സി.ജി.എമ്മിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ഔട്ട്ബ്രേക്ക് ഇന്റലിജൻസ്, കപ്പാസിറ്റി ബിൽഡിങ് ആൻഡ്  ഡിപ്ലോയ്മെന്റ് കോഡിനേഷൻ സെന്റർ (ജി.ഐ. സി) ഡെപ്യൂട്ടി ഡയറക്ടർ ഡോ. യുകിമാസ മറ്റ്സുസാവയുടെ നേതൃത്വത്തിലായിരുന്നു ആറംഗ സംഘം എത്തിയത്. എൻ.സി.ജി.എമ്മിലെ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഡയറക്ടർ ഡോ. ഷിനിചിറോ മോറിയോക്ക, ഡോ. യുതാരോ അകിയാമ,  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിലെ വെറ്ററിനറി സയൻസ് വിഭാഗം മുഖ്യ ഗവേഷകനായ ഡോ. യോഷിഹിരോ കാക്കു, സെന്റർ ഫോർ ഫീൽഡ് എപ്പിഡെമിക് ഇന്റലിജൻസ് റിസർച്ച് ആൻഡ് പ്രൊഫഷണൽ ഡെവലപ്‌മെന്റിലെ ഗവേഷകനായ ഡോ. ചിയാക്കി ഇകെന്യൂ എന്നിവരായിരുന്നു സംഘത്തിലെ മറ്റുള്ളവർ.

സംസ്ഥാനത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ നിപയെ ലോകത്തിന് തന്നെ മാതൃകയാകുന്ന  പ്രതിരോധ പ്രവർത്തനങ്ങളിലൂടെയായിരുന്നു വരുതിയിലാക്കിയത്. രോഗം മൂർച്ഛിച്ച് വെന്റിലേറ്ററിൽ കഴിയേണ്ടി വന്ന  രോഗിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്  ലോകത്തു തന്നെ ആദ്യ സംഭവമായിരുന്നു. ഇതു സംബന്ധിച്ച് അന്തർദേശീയ മാധ്യമങ്ങളിൽ അടക്കം  വന്ന  വാർത്തകൾ ശ്രദ്ധയിൽപ്പെട്ട  ജപ്പാനിലെ ആരോഗ്യ വകുപ്പ് മേധാവികൾ ഇന്ത്യയിലെ ജപ്പാൻ എംബസി വഴി  വിവരങ്ങൾ ശേഖരിക്കുകയും നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡോക്ടർമാരുമായി ആശയവിനിമയം നടത്താൻ ആസ്റ്റർ നോർത്ത് കേരള ക്ലസ്റ്റർ ക്രിട്ടിക്കൽ കെയർ വിഭാഗം ഡയറക്ടർ ഡോ. എ.എസ് അനൂപ് കുമാറിനെ സമീപിക്കുകയായിരുന്നു.

Read also:  സിക്ക വൈറസിനെതിരെ പൊതുജാഗ്രത; ഈ ലക്ഷണങ്ങളുള്ളവർ ചികിത്സ തേടണം, ഗർഭസ്ഥ ശിശുക്കൾക്കും വൈകല്യമുണ്ടാക്കിയേക്കും

വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെത്തിയ  എത്തിയ ജപ്പാൻ സംഘം ആശുപത്രിയിൽ ലഭ്യമാക്കിയിരിക്കുന്ന കുട്ടികളുടെയും മുതിർന്നവരുടെയും ഐ.സി.യു സംവിധാനങ്ങൾ സന്ദർശിച്ചു, തുടർന്ന് നിപ രോഗബാധിതരുടെയും സമ്പർക്കത്തിൽ ഉണ്ടായിരുന്നവരുടെയും പരിശോധന ഫലങ്ങളും ചികിത്സാരീതികളും പരിശോധിച്ചു. രോഗ ലക്ഷണങ്ങൾ ഉള്ളവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ട മുന്നൊരുക്കങ്ങൾ, പരിശോധനക്കായി  സാമ്പിളുകൾ എടുക്കുന്നതിന്റെയും അവ ലബോറട്ടറിയിലേക്ക് എത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ, ആരോഗ്യ പ്രവർത്തകരിലേക്ക് രോഗം  പകരുന്നത് ഒഴിവാക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങളും രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ ശുശ്രൂഷിക്കുന്നതിന്റെ രീതികൾ തുടങ്ങിയവയും എമർജൻസി റൂം, ഐസൊലേഷൻ റൂം എന്നിങ്ങനെ ആശുപത്രിയിൽ സജ്ജീകരിക്കേണ്ട സൗകര്യങ്ങൾ, രോഗമുക്തി നേടിയവരെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും ഡോക്ടർമാരുമായി ആശയവിനിമയം നടത്തി. 

ഭാവിയിൽ ഇത് പോലെയുള്ള മാരകമായ രോഗങ്ങൾ ഉണ്ടായാൽ പരസപരം സഹകരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ജപ്പാനിൽ പ്രതിനിധി സംഘം ചർച്ച ചെയ്തതായി ഡോ.  അനൂപ് കുമാർ പറഞ്ഞു. ഹോസ്പിറ്റൽ സി എം എസ് ഡോ എബ്രഹാം മാമ്മൻ, പീഡിയാട്രിക്സ് വിഭാഗം തലവൻ സുരേഷ് കുമാർ, പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ വിഭാഗം ഡോ സതീഷ് കുമാർ, നെഫ്രോളജി വിഭാഗം തലവൻ സജിത്ത് നാരായണൻ, പൾമനോളജി വിഭാഗം ക്ലസ്റ്റർ ഡയറക്ടർ ഡോ മധു കെ, സീനിയർ കൺസൾട്ടന്റ് ഡോ. സിജിത്ത്, മോളിക്കുലാർ ലാബ് മേധാവി ഡോ വിപിൻ വിശ്വനാഥ് എന്നിവരുമായി സംഘം ചർച്ചനടത്തി    മികച്ച രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക്  മിംസിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച പ്രതിനിധി സംഘം  ജപ്പാനിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ  കണ്ട് മനസ്സിലാക്കുന്നതിനായി ക്ഷണിക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios