അമിത അളവിൽ ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച പുരുഷന്മാരുടെ കണ്ണിന് അസുഖം ബാധിച്ചതായി റിപ്പോര്‍ട്ട്. ലൈംഗിക ഉത്തേജക മരുന്നായ 'sildenafil' ആണ് വര്‍ണ്ണാന്ധതയ്ക്ക് കാരണമായത്. വയാഗ്രയില്‍ പ്രധാനമായി അടങ്ങിയിരിക്കുന്നതാണ് ഇവ. 

കഴിഞ്ഞ രണ്ടുവര്‍ഷമായി  38നും 57നും ഇടയില്‍ പ്രായമുളള നിരവധി പുരുഷന്മാരാണ്  കണ്ണിന് അസുഖവുമായി തുര്‍ക്കിയിലെ ആശുപത്രിയിലെത്തിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരുന്ന് ഉപയോഗിച്ച് 48 മണിക്കൂറിനുളളിലാണ്  ഇവരുടെ കാഴ്ചയെ ബാധിച്ചത് എന്നാണ് 'Frontiers in Neurology' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 

മരുന്നിന്‍റെ ഉപയോഗം മൂലം പലര്‍ക്കും നീല നിറത്തിലായി കാഴ്ച. മറ്റ് ചിലര്‍ക്ക് ചുവപ്പ് നിറവുമായതായും പഠനം പറയുന്നു. 24 മണിക്കൂറ് വരെ ഈ ലക്ഷണം കാണാം. എന്നാല്‍ 21 ദിവസം കൊണ്ടാണ് കാഴ്ച പഴയ രീതിയിലായത്. 

നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോൺ കോശങ്ങളെ മരുന്ന് ബാധിച്ചതായാണ് ഡോക്ടർമാർ പറയുന്നത്. അമിതമായി വയാഗ്ര ഉള്ളിലെത്തുന്നത് വർണാന്ധതയ്ക്കു കാരണമാകുമെന്ന് അമേരിക്കയിൽ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ന്യൂസ് വീക്ക് അടക്കമുളള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.