കൊറോണക്കാലം ജനങ്ങളുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അന്യസംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും മടങ്ങിവരുന്നവർ ഉൾപ്പെടെയുള്ള മലയാളികൾ ഇന്ന് ആരോഗ്യ, സാമ്പത്തിക, മാനസിക സമ്മർദ്ദങ്ങളിലാണ്. ഈ സാഹചര്യത്തിൽ വർധിച്ചുവരുന്ന മാനസിക രോഗങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യേണ്ടതാണ്. 

സംസ്ഥാന സര്‍ക്കാരിന്‍റെ ദിശ കേന്ദ്രത്തിലേക്ക് ഏകദേശം പത്ത് ലക്ഷത്തോളം ഫോണ്‍ കോളുകളാണ് മാനസിക പിന്തുണ തേടി എത്തിയത്. ഇതില്‍ പ്രായമായവരും കുട്ടികളും ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

തന്‍റെ അരികിലെത്തിയ മധ്യവയസ്കന്‍ പറഞ്ഞ വാക്കുകളെ കുറിച്ച് കൊച്ചിയിലെ ഒരു മാനസികാരോഗ്യ വിദഗ്ധര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത് ഇങ്ങനെ: 'സത്യം പറഞ്ഞാല്‍ ഡോക്ടറെ... ജീവിതം അല്ലങ്കിലെ വലിയ കഷ്ടത്തിലായിരുന്നു. ലോക്ഡൗണും കൊറോണയും ബാധിച്ചതോടെ സത്യം  പറഞ്ഞാല്‍ നാല് ടയറും പഞ്ചറായ  വണ്ടിയുടെ അവസ്ഥയാണ്. രാത്രി ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരുന്നില്ല.  കുട്ടികളുടെ ഫീസ്, വീട്ടുചിലവ്, മറ്റ് കാര്യങ്ങള്‍ ഒക്കെ ആലോചിക്കുമ്പോള്‍ സത്യം പറഞ്ഞാല്‍ മനസിനകത്ത് തീയാണ്. എന്താണ് ചെയ്യേണ്ടത് എന്നറിയില്ല.'  

ഇത്തരം അനുഭവങ്ങള്‍ ശരി വയ്ക്കുന്നതാണ് ഔദ്യോഗിക കണക്കുകളും.  മാനസിക പിരിമുറുക്കം, അമിത ഉത്കണ്ഠ, വിഷാദം തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോകുന്നവരുടെ എണ്ണം കൂടി വരുന്നു.

കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് 3262 പേരാണ് മാനസിപിരിമുറുക്കത്തിന് അയവ് തേടി സംസ്ഥാന സര്‍ക്കാരിന്‍റെ ദിശ കോള്‍ സെന്‍ററിലേക്ക് വിളിച്ചത്. അമിത ഉത്കണ്ഠയുള്ളവര്‍ 2524 പേര്‍. 166 പേര് വിഷാദ രോഗാവസ്ഥയിലെത്തി. തുറന്നുപറയാന്‍ തയ്യാറായവരുടെ കണക്ക് മാത്രമാണിത്. ജനിതക കാരണങ്ങളാലും വിഷാദ രോഗം വരും. എന്നാല്‍ കൊവിഡ് വരുത്തിവച്ച നഷ്ടങ്ങള്‍ പലരെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയാണ്.  വിഷാദ രോഗത്തെ കുറിച്ച് ജാഗ്രത പാലിക്കേണ്ട സമയമാണിതെന്ന്  ഡോ. സി ജെ ജോണ്‍ ഏഷ്യാനെറ്റ്  ന്യൂസിനോട് പറഞ്ഞു. 

പ്രവാസികള്‍ ഉള്‍പ്പടെ ക്വാറന്‍റൈനില്‍ കഴിയുന്ന 3 ലക്ഷം പേര്‍ക്കാണ് ടെലി കൗൻസിലിങ്  നടത്തിയത്. കുട്ടികളിലും അമിത ഉത്കണ്ഠ ഉള്ളവരുടെ എണ്ണം കൂടി വരുന്നു. പഠനവും കളിയും ഓണ്‍ലൈന്‍ ആയതിന്‍റെ മടുപ്പ് കുട്ടികള്‍ക്ക് അനുഭവപ്പെട്ടുതുടങ്ങി. കൂട്ടുകാരുമൊത്തുള്ള കളിയില്ല, അധികം ആളുകളെ കാണുന്നില്ല, നഗരത്തിലെ ഫ്ലാറ്റുകളില്‍ ക്വാറന്‍റൈനായി പ്രവാസികള്‍ എത്തിയതോടെ കുട്ടികള്‍ക്ക് മുറ്റത്തു ഇറങ്ങാന്‍ പോലും കഴിയാതെ ആയി. 


കൊവിഡിനൊപ്പം ഇത്തരം മാനസികാരോഗ്യ പ്രശ്നങ്ങളെയും നാം അതിജീവിച്ചേ മതിയാകൂ. 

മാനസിക പിരിമുറുക്കവും വിഷാദവും വലയ്ക്കുന്നുണ്ടോ? 
വിളിക്കുക...

ദിശ ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2552056
ദിശ ടോള്‍ ഫ്രീ നമ്പര്‍: 1056

Also Read: ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ തിരിച്ചറിയൂ നിങ്ങള്‍ പ്രശ്‌നത്തിലാണ്...