Asianet News MalayalamAsianet News Malayalam

'സ്ട്രെസ്' അഥവാ മാനസിക സമ്മർദ്ദം ലൈംഗികജീവിതത്തെ ബാധിക്കുന്നത് എങ്ങനെ?

ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴുള്ള വേദനയില്‍ പോലും മാനസികാവസ്ഥയ്ക്ക് വലിയ പങ്കുണ്ട്. പല ശാരീരിക ഘടകങ്ങളും സെക്സിനിടയില്‍ വേദനയുണ്ടാക്കാം. എന്നാല്‍ ധാരാളം പേരില്‍ മാനസിക പ്രശ്നങ്ങളുടെ ഭാഗമായി ലൈംഗികബന്ധത്തിനിടെ വേദനയുണ്ടാകുന്നു. സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്.

mental stress may directly affect sex life
Author
First Published Dec 29, 2022, 11:04 PM IST

മറ്റു ശാരീരികപ്രക്രിയകള്‍ പോലെയല്ല ലൈംഗിക പ്രവർത്തനം. ഇതിനെ മാനസികനില വളരെ പെട്ടെന്ന് തന്നെ ബാധിക്കാം. സന്തോഷത്തിലാണോ, ദുഖത്തിലാണോ, ആശങ്കയിലാണോ, അസ്വസ്ഥതയിലാണോ എന്നെല്ലാമുള്ള അവസ്ഥകള്‍ വ്യക്തിയുടെ ലൈംഗികാനുഭവത്തെ നിര്‍ണയിക്കുന്നതിന് അടിസ്ഥാനമാകുന്നു. 

പല രീതികളിലാണ് മാനസികനില, സ്ട്രെസ്/ മാനസിക സമ്മര്‍ദ്ദം വ്യക്തികളുടെ ലൈംഗികാനുഭവങ്ങളെ സ്വാധീനിക്കുന്നത്. 

സെക്സിനിടയിലെ വേദന...

ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴുള്ള വേദനയില്‍ പോലും മാനസികാവസ്ഥയ്ക്ക് വലിയ പങ്കുണ്ട്. പല ശാരീരിക ഘടകങ്ങളും സെക്സിനിടയില്‍ വേദനയുണ്ടാക്കാം. എന്നാല്‍ ധാരാളം പേരില്‍ മാനസിക പ്രശ്നങ്ങളുടെ ഭാഗമായി ലൈംഗികബന്ധത്തിനിടെ വേദനയുണ്ടാകുന്നു. സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് ഇത്തരത്തില്‍ മാനസികപ്രശ്നങ്ങള്‍ സ്ത്രീകളില്‍ യോനി കവാടത്തിലെ പേശികള്‍ വലിഞ്ഞുമുറുകുന്നതിലേക്കും അതുവഴി വേദന അനുഭവപ്പെടുന്നതിലേക്കും നയിക്കുന്നു. സ്ത്രീകളില്‍ കാണപ്പെടുന്ന ഈ അവസ്ഥയെ 'വജൈനസ്മിസ്' എന്നാണ് വിളിക്കുന്നത്. 

മിക്ക കേസുകളിലും കൗണ്‍സിലിംഗ് ആണ് ഇതിന് പരിഹാരമായി നിര്‍ദേശിക്കാറ്. പങ്കാളികള്‍ രണ്ട് പേരും കൗണ്‍സിലിംഗിന് വിധേയരാകേണ്ടി വരാം. ഈ വിഷയങ്ങള്‍ കൂടി കൈകാര്യം ചെയ്യുന്ന സൈക്കോളജിസ്റ്റുകളെയോ സൈക്യാട്രിസ്റ്റുകളെയോ ഇതിനായി സമീപിക്കാവുന്നതാണ്. 

എന്നാല്‍ നേരത്തെ സൂചിപ്പിച്ചത് പോലെ സെക്സിനിടയിലെ വേദന എല്ലായ്പോഴും (സ്ത്രീകളിലാണെങ്കില്‍) 'വജൈനസ്മിസ്' തന്നെയാകണമെന്നില്ല. യോനീ നാളത്തിലെ അണുബാധയോ പൂപ്പല്‍ ബാധയോ മൂത്രനാളത്തിലെ അണുബാധയോ പോലുള്ള പ്രശ്നങ്ങളും സെക്സിനിടയില്‍ വേദനയുണ്ടാക്കാം. 

സ്വയംഭോഗം...

കൗമാരപ്രായത്തിലും യൗവനത്തിന്‍റെ തുടക്കത്തിലും സാധാരണയായി തുടങ്ങുന്ന ശീലമാണ് സ്വയംഭോഗം. അമിതമായ ലൈംഗികചിന്ത മനസ്സിനെ അലട്ടുമ്പോൾ താൽക്കാലിക ശമനം ലഭിക്കുന്നതിന് സ്വയംഭോഗം സഹായിക്കുന്നു.എന്നാല്‍ ദിവസത്തില്‍ തന്നെ പലതവണ ചെയ്യുന്നത് പോലെ ഇത് അമിതമായി വന്നാല്‍ 'അഡിക്ഷൻ' ആയി മാറാം. കൗമാരത്തിലാണെങ്കിലും യൗവനത്തിലാണെങ്കിലും പഠനം, കായികാധ്വാനം, സൗഹൃദങ്ങള്‍- സാമൂഹികബന്ധങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കാൻ ഇതുമൂലം കഴിയാതെ പോകാം. സാമൂഹികമായ ഉള്‍വലിവും ഇതുമൂലമുണ്ടാകാം.

ദാമ്പത്യത്തിലെ ലൈംഗികത...

ദാമ്പത്യത്തിലെ ലൈംഗികത ആസ്വാദ്യകരമാക്കാൻ നല്ല ശാരീരിക- മാനസികാരോഗ്യ ശീലങ്ങള്‍ വേണം. ഒപ്പം തന്നെ പങ്കാളിയുമായി ആരോഗ്യകരമായ ബന്ധവും സൗഹൃദവും ആവശ്യമാണ്. ലൈംഗികബന്ധത്തില്‍ വ്യക്തിശുചിത്വത്തിനും വലിയ പങ്കുണ്ട്. അതിനാല്‍ ഇക്കാര്യവും സ്ത്രീകളും പുരുഷന്മാരും പാലിക്കണം. പുരുഷന്മാരാണെങ്കില്‍ ലിംഗം വൃത്തിയാക്കുമ്പോള്‍ അത് ശരിയാകും വിധം വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അണുബാധയ്ക്കുള്ള സാധ്യതയുണ്ട്. 

ഉത്കണ്ഠ...

ലൈംഗികതയെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു മാനസികപ്രശ്നമാണ് ഉത്കണ്ഠ (ആംഗ്സൈറ്റി). ഏതുതരം ഉത്കണ്ഠയും ലൈംഗികതയെ മോശമായി ബാധിക്കാം. ഉത്കണ്ഠയുണ്ടാകുമ്പോള്‍ അഡ്രിനാലിന്‍ ഹോര്‍മോണില്‍ വ്യത്യാസം വരികയും ഇത് ലൈംഗികാവയങ്ങളുടെ വരെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നത് മൂലമാണ് ഉത്കണ്ഠ വില്ലനായി തീരുന്നത്. 

ഇനി ഉത്കണ്ഠ, ലൈംഗികതയെ കുറിച്ച് തന്നെയുള്ളതാണെങ്കില്‍ അത് കൂടുതലായി ലൈംഗികബന്ധത്തെ ബാധിക്കാം.പെര്‍ഫോമൻസ്, അല്ലെങ്കില്‍ പ്രകടനം നന്നാകുമോ, പങ്കാളിയെ തൃപ്തിപ്പെടുത്താൻ സാധിക്കുമോ, ഉദ്ധാരണമുണ്ടാകുമോ തുടങ്ങി പല മാനസികസമ്മര്‍ദ്ദങ്ങള്‍ ഇതുമൂലമുണ്ടാാം. കൗണ്‍സിലിംഗും തെറാപ്പിയും തന്നെയാണ് ഇതിനുമുള്ള പരിഹാരം. വളരെ ഫലപ്രദമായി ഇത്തരം പ്രശ്നങ്ങളെ ചികിത്സയിലൂടെ മറികടക്കാവുന്നതേയുള്ളൂ. 

സുഖകരമായ ലൈംഗികജീവിതം നയിക്കണമെങ്കില്‍ ആദ്യം നിങ്ങളുടെ ലൈംഗിക പ്രശ്നത്തിന്‍റെ ഉറവിടം കണ്ടെത്താൻ സാധിക്കണം. ഇത് പലരീതിയിലുള്ള പ്രശ്നങ്ങളാകാം. സാമ്പത്തികകാര്യങ്ങള്‍ വരെ ഇതില്‍ ഘടകമായി വരാം. ഏത് തരം പ്രശ്നവും ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. ശേഷം കൈകാര്യം ചെയ്യാൻ പഠിക്കണം. മറിച്ച് പ്രശ്നമുണ്ടെന്ന് മനസിലാക്കിയ ശേഷം ഇതിനെ വിട്ടുകൊടുക്കരുത്. സ്വയം മാറ്റിയെടുക്കാൻ സാധിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും സൈക്കോളജിസ്റ്റിന്‍റെ സഹായം തേടുക. അല്ലാത്തപക്ഷം ക്രമേണ ലൈംഗികജീവിതത്തോട് തന്നെ വിരക്തിയുണ്ടാകാൻ ഇത്തരം പ്രശ്നങ്ങളിടയാക്കും.

ലേഖനം തയ്യാറാക്കിയത് : ഡോ. രേണുക സരീഷ്
ഡോ.ബാസില്‍സ് ഹോമിയോ ഹോസ്പിറ്റില്‍
പാണ്ടിക്കാട്, മലപ്പുറം

Also Read:- സെക്സിന് ഇടയിലെ വേദന 'നോര്‍മല്‍' ആയി കണക്കാക്കാമോ?

Follow Us:
Download App:
  • android
  • ios