കൊവിഡ് 19 ഭേദമായ ശേഷം ചില കുട്ടികളില്‍ 'മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം' (എംഐഎസ്-സി) എന്ന അസുഖം ബാധിക്കുന്നതായി നേരത്തേ കണ്ടെത്തപ്പെട്ടിരുന്നു. ഇന്ത്യയില്‍, ദില്ലിയിലും ഇത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

ഇത്തരത്തില്‍ എംഐഎസ്-സി പിടിപെടുന്ന കുട്ടികളുടെ ഹൃദയത്തെ ഇത് ദൂരവ്യാപകമായി ബാധിക്കുന്നുവെന്നാണ് ഇപ്പോള്‍ പുതിയൊരു പഠനം കണ്ടെത്തിയിരിക്കുന്നത്. 'ദ ലാന്‍സെറ്റ്' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിന് കീഴിലുള്ള 'ഇ-ക്ലിനിക്കല്‍ മെഡിസിനി'ലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

എംഐഎസ്-സി ബാധിച്ച പല കുട്ടികളിലും ഹൃദയാരോഗ്യം അവതാളത്തിലായെന്നും സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ദീര്‍ഘകാലത്തേക്ക് നിരന്തരം പരിശോധനകള്‍ നടത്തേണ്ട അവസ്ഥയിലേക്കാണ് അവര്‍ എത്തിയതെന്നും പഠനം നിരീക്ഷിക്കുന്നു. 

കാര്യമായ ലക്ഷണങ്ങളില്ലാതെ കൊവിഡ് 19 ബാധിക്കുന്ന കുട്ടികളിലാണത്രേ പ്രധാനമായും എംഐഎസ്-സി പിടിപെടുന്നത്. കൊവിഡ് വന്ന് ഭേദമായി മൂന്നോ നാലോ ആഴ്ചയ്ക്ക് ശേഷമാണ് അസുഖ ലക്ഷണങ്ങള്‍ കാണുക. പനി, ഛര്‍ദി, വയറുവേദന, വയറിളക്കം എന്നിവയാണത്രേ ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ലോകത്താകെ ഇതുവരെ എംഐഎസ്- സി പിടിപെട്ട് 11 കുട്ടികള്‍ മരിച്ചുവെന്നും, ആകെ രോഗം ബാധിച്ചവരില്‍ 71 ശതമാനം കുട്ടികള്‍ക്കും ഐസിയു പരിചരണം വേണ്ടിവന്നുവെന്നം പഠനം ചൂണ്ടിക്കാട്ടുന്നു. 

ശരീരത്തിലെ പല അവയവങ്ങളുടെ പ്രവര്‍ത്തനത്തേയും ഈ രോഗത്തിന് തകരാറിലാക്കാനാകും എന്നതും ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. അതിനാല്‍ തന്നെയാണ് ഇതിനെ 'മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം' എന്ന് വിളിക്കുന്നതും. ഹൃദയത്തെ മാത്രമല്ല, ശ്വാസകോശം, കുടല്‍, കരള്‍ എന്നിങ്ങനെ പല അവയവങ്ങളും രോഗത്തിന്റെ ആക്രമണഭീഷണി നേരിടുന്നുണ്ട്. 

'കവാസാക്കി', 'ടോക്സിക് ഷോക്ക് സിന്‍ഡ്രോം' എന്നിങ്ങനെ രണ്ട് അസുഖങ്ങളുമായി ഏറെ സാമ്യതയുള്ള രോഗമാണ് എംഐഎസ്-സിയുമെന്ന് വിദഗ്ധര്‍ പറയുന്നു. 'കവാസാക്കി' രോഗത്തിന് നല്‍കുന്ന ചികിത്സ എംഐഎസ്-സിക്ക് നല്‍കിവരുന്നുണ്ടെന്നും ഇവര്‍ അറിയിക്കുന്നു. 

ഹൃദയത്തെ ബാധിക്കുന്നതായി കണ്ടെത്തിയതിനാല്‍ ഈ രോഗം ബാധിച്ച കുട്ടികളില്‍ 90 ശതമാനത്തിനും 'എക്കോ കാര്‍ഡിയോഗ്രാം' ചെയ്യേണ്ടതായി വന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പല തരത്തിലാണ് രോഗം കുട്ടികളുടെ ഹൃദയത്തെ ബാധിക്കുന്നതെന്നും ഇതില്‍ നല്ലൊരു ശതമാനത്തിനും ആജീവനാന്തം കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ഹൃദയാരോഗ്യം ഉറപ്പുവരുത്തേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്നും പഠനം കണ്ടെത്തിയിരിക്കുന്നു. 

Also Read:- കൊവിഡ് വന്ന് ഭേദമായി; വീണ്ടും മരണത്തോളം പോയി ഏഴുവയസുകാരന്‍...