കൊവിഡ് 19 എന്ന മഹാമാരി ശാസ്ത്രലോകത്തിന് ഓരോ ദിവസവും പുതിയ വെല്ലുവിളി തീര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടൊരു പ്രതിസന്ധിയാണ് രോഗം വന്ന് ഭേദമായിക്കഴിഞ്ഞവരില്‍ പിന്നീടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും അസുഖങ്ങളും.

സമാനമായൊരു വാര്‍ത്തയാണ് ഇന്ന് പുണെയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിച്ച്, അത് പൂര്‍ണ്ണമായി ഭേദമായ ശേഷം വീണ്ടും പനിയും വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയിലെത്തിയ ഏഴുവയസുകാരന്‍ പിന്നീട് മരണത്തോളമെത്തിയെന്നതാണ് വാര്‍ത്ത. 

പുണെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരനായ അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം മൂന്നാഴ്ച മുമ്പാണ് ഏഴ് വയസുകാരനും കൊവിഡ് സ്ഥിരീകരിക്കുന്നത്. വൈകാതെ തന്നെ രോഗം ഭേദമായി കുടുംബം ആശുപത്രി വിട്ടു. 

എന്നാല്‍ ദിവസങ്ങള്‍ക്കകം ശക്തമായ വയറുവേദനയും പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഏഴുവയസുകാരനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് വന്ന് ഭേദമായ ശേഷം കുട്ടികളില്‍ പിടിപെടാന്‍ സാധ്യതയുള്ള 'ഹൈപ്പര്‍ ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രേം' ആയിരുന്നു അവന്. 

ശരീരത്തിനെ ആകെയും, എന്നുവച്ചാല്‍ വിവിധ അവയവങ്ങളെ ഒന്നിച്ച് ബാധിക്കുന്ന അസുഖമാണിത്. മരണത്തിന് ഏറെ സാധ്യതകള്‍ ഡോക്ടര്‍മാര്‍ കല്‍പിക്കുന്ന അവസ്ഥ. ഇവന്റെ കാര്യത്തിലും സംഗതി ഓരോ ദിവസം കൂടുംതോറും ഗുരുതരമായി വന്നു. ഒടുവില്‍ വെന്റിലേറ്ററിന്റെ സഹായം വരെ തേടി.

കുടല്‍, കരള്‍, പ്ലീഹ, ഹൃദയത്തിന്റെ ഒരു ഭാഗം, ശ്വാസകോശം എന്നിവയെ എല്ലാം രോഗം ആക്രമിച്ചിരുന്നു. ഓരോ ദിവസവും പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അതിന് അനുസരിച്ച് ചികിത്സയുടെ രീതികളും മരുന്നുകളും ഡോക്ടര്‍മാര്‍ മാറ്റിക്കൊണ്ടിരുന്നു. അങ്ങനെ ചികിത്സയുടെ വൈദഗ്ധ്യം ഒന്നുകൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണി അവനിപ്പോള്‍. 

കൊവിഡ് രോഗികള്‍ പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യമായതിനാല്‍ വരും ദിവസങ്ങളില്‍ ഇത്തരം കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കുമെന്നാണ് പുണെയില്‍ അവനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. കുട്ടികളുള്ള വീടുകളിലെ മുതിര്‍ന്നവരും പീഡിയാട്രീഷ്യന്‍സും ഇക്കാര്യം പ്രത്യേകം ശ്രദ്ധയില്‍ വയ്‌ക്കേണ്ടതുണ്ടെന്നും 'ഹൈപ്പര്‍ ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം' സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ ജീവന്‍ അപഹരിക്കുമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- 'കൊവിഡ് 19 ശ്വാസകോശത്തെ മാത്രമല്ല, പല അവയവങ്ങളേയും സാരമായി ബാധിക്കുന്നു'...