പ്രമുഖ മോഡലും നടനുമായ മിലിന്ദ് സോമന്‍ പങ്കുവച്ച ഒരു വീഡിയോ ആണ് 'ഫിറ്റ്‌നസ്' തല്‍പരര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. സാധാരണഗതിയില്‍ ശരീരത്തിന്റെ കായികക്ഷമതയില്‍ അല്‍പമെങ്കിലും താല്‍പര്യമുള്ളവരെല്ലാം പതിവായി ചെയ്യുന്ന ഒരു സംഗതിയാണ് പുഷ് അപ്. പുഷ് അപ്പുകളില്‍ തന്നെ വ്യതിയാനങ്ങളോട് കൂടിയ പല രീതികളുമുണ്ട്. 

എന്നാല്‍ ഇതില്‍ നിന്നെല്ലാം ഒരു പടി ഉയര്‍ന്നുനില്‍ക്കുന്ന ഒരു 'പുഷ് അപ്' ആണ് മിലിന്ദ് സോമന്‍ പരിചയപ്പെടുത്തുന്നത്. കൈകളും കാലുകളുമുള്‍പ്പെടെ ശരീരമാകെയും തറയില്‍ നിന്നുയര്‍ത്തി 'പുഷ് അപ്' ചെയ്യുകയാണ് മിലിന്ദ്. നല്ലത് പോലെ വഴക്കവും പരിചയവുമുള്ള ഒരാള്‍ക്ക് മാത്രമേ ഇത് ചെയ്യാനൊക്കൂ. 

'സൂപ്പര്‍മാന്‍ പുഷ് അപ്' എന്ന അടിക്കുറിപ്പുമായി ഇതിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മിലിന്ദ് പങ്കുവച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സംഗതി സോഷ്യല്‍ മീഡിയാലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. 

 

 

അമ്പത്തിനാലുകാരനായ മിലിന്ദിന്റെ 'വര്‍ക്കൗട്ട് പാര്‍ട്ണര്‍' ഇരുപത്തിയെട്ടുകാരിയായ ഭാര്യ അങ്കിത കന്‍വാര്‍ ആണ്. എണ്‍പത് കടന്ന അമ്മ ഉഷയും മിലിന്ദിനും അങ്കിതയ്ക്കുമൊപ്പം പതിവായി വര്‍ക്കൗട്ടുകള്‍ ചെയ്യാറുണ്ട്. 

 

 

വര്‍ക്കൗട്ടിനൊപ്പം കൃത്യമായ ജീവിതചര്യകള്‍ കൂടിയുണ്ടെങ്കില്‍ പ്രായം വെറും 'നമ്പര്‍' മാത്രമായി അവശേഷിക്കുമെന്നാണ് മിലിന്ദിന്റെ വാദം. തന്നെക്കാള്‍ 26 വയസ് ചെറുപ്പമായ പങ്കാളിക്കൊപ്പം സസന്തോഷം ജീവിക്കുന്നത് തന്നെ ഈ വാദങ്ങള്‍ക്ക് മിലിന്ദ് നല്‍കുന്ന പ്രായോഗിക തെളിവായി കണക്കാക്കാം.

Also Read:- അമ്പത്തിനാലുകാരന് ഇരുപത്തിയെട്ടുകാരി ഭാര്യ! ഈ 'അതിശയ'ത്തിന് ഉത്തരമുണ്ട്....